ഉത്തർപ്രദേശിലെ ലക്നൗവിൽ മുൻ ഭർത്താവ് കൊല്ലപ്പെട്ടു. അഷിയാന സ്വദേശിയായ സോണി, തന്റെ മുൻ ഭാര്യയായ തപസ്യ സിങ് (30) ജാനകിപുരത്തെ കൗസല്യ ഗാർഡനിലുള്ള വീട്ടിലെത്തിയതിനു പിന്നാലെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്.
ഇരുവരും തമ്മിൽ വീടിനുള്ളിൽ വെച്ച് വാക്കുതർക്കം ഉണ്ടാവുകയും, ഇതിനിടയിൽ തപസ്യ സിങ്, സോണിയുടെ തലയിൽ തവ കൊണ്ട് അടിക്കുകയുമായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പരുക്കേറ്റ സോണിയെ ജാനകിപുരത്തെ ട്രോമ സെന്ററിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയെങ്കിലും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്ക് (കെജിഎംയു) മാറ്റുകയായിരുന്നു.
എന്നാൽ ആശുപത്രിയിൽ വെച്ച് വൈകാതെ തന്നെ സോണി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തെ തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചതായി പൊലീസ് അറിയിച്ചു.
കേസിൽ തപസ്യ സിങ്ങിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. മരിച്ചയാളുടെ കുടുംബത്തിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഔദ്യോഗികമായി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും, സംഭവസ്ഥലത്തു നിന്നും ആവശ്യമായ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

