സ്മാർട്ട്ഫോണുകളിലെ എഐ ഏജന്റുകളെ നിയന്ത്രിക്കുന്നതിനായുള്ള സുരക്ഷാ ക്രമീകരണങ്ങൾ വികസിപ്പിച്ചെടുത്ത് സാങ്കേതിക ഭീമനായ ഗൂഗിൾ. ആപ്പ് ഡെവലപ്പർ രേഖകളിലും എസ്ടികെ (SDK) റിലീസ് നോട്ടുകളിലുമാണ് ഈ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തിയിട്ടുള്ളത്.
ആൻഡ്രോയിഡ് ഡിവൈസുകളിൽ സ്വയം പ്രവർത്തിക്കുന്ന എഐ ഏജന്റുകൾക്കായി ശക്തമായ ഒരു സുരക്ഷാ കൂട്ടാണ് ഇതിലൂടെ കമ്പനി ഒരുക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് സംവിധാനത്തിൽ EXECUTE_APP_FUNCTIONS എന്ന പേരിൽ പുതിയൊരു സിസ്റ്റം പെർമിഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്.
അംഗീകൃത ഏജന്റുകൾക്ക് മാത്രമായാണ് ഈ സംവിധാനം മാറ്റിവെച്ചിരിക്കുന്നത്. മറ്റ് ആപ്പുകളുടെയോ അസിസ്റ്റന്റുകളുടെയോ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും നടപ്പിലാക്കുന്നതിനും ഈ അനുമതി നിർബന്ധമാണ്.
ഫോൺ ക്രമീകരണങ്ങളിലോ ഡെവലപ്പർ ഓപ്ഷനുകളിലോ ഈ പെർമിഷൻ ലഭ്യമല്ല. ആൻഡ്രോയിഡിന്റെ “AppFunctionsManager” ഫ്രെയിംവർക്കിനുള്ളിലാണ് ഇത് പ്രവർത്തിക്കുന്നത്.
ഗൂഗിളിന്റെ സ്വന്തം സോഫ്റ്റ്വെയറായ ജെമിനിക്ക് (Gemini) മാത്രമായിട്ടാണ് നിലവിൽ ഇത് പരിമിതപ്പെടുത്തിയിരിക്കുന്നത്. സ്ക്രീനിൽ വിരൽ അമർത്തി പ്രവർത്തിക്കുന്ന രീതിക്ക് പകരം, ആപ്പിനുള്ളിലെ പ്രത്യേക പ്രവർത്തനങ്ങളിലേക്ക് നേരിട്ട് കുറുക്കുവഴി (shortcut) നിർമ്മിക്കാൻ ഡെവലപ്പർമാർക്ക് സാധിക്കും.
ഉദാഹരണത്തിന്, ജെമിനിയോട് ഒരു യാത്രാ വാഹനം ബുക്ക് ചെയ്യാൻ ആവശ്യപ്പെടുമ്പോൾ, അത് ആപ്പ് തുറന്ന് ബട്ടണുകൾ പരതുന്നതിന് പകരം ഈ കുറുക്കുവഴി വഴി പ്രവർത്തിക്കും. ഇതുവഴി ടാപ്പിംഗ് പിഴവുകൾ ഒഴിവാക്കാനും കൃത്യത ഉറപ്പാക്കാനും സാധിക്കും.
എങ്കിലും, ഡെവലപ്പർമാർ ഇത്തരം കുറുക്കുവഴികൾ നിർമ്മിച്ചാൽ മാത്രമേ ഇത് പ്രവർത്തിക്കൂ. നിലവിൽ ചുരുക്കം ചിലർ മാത്രമാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.
പരിമിതമായ ഒരു വിഭാഗം ടെസ്റ്റർമാർക്ക് മാത്രമാണ് ജെമിനിക്ക് ഈ സംവിധാനത്തിലുള്ള പ്രവേശനം നൽകിയിട്ടുള്ളത്. ഈ പദ്ധതി പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന തീയതി സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല.
നേരത്തെയുള്ള പ്രോഗ്രാമുകളിൽ അപേക്ഷിച്ചാൽ പോലും തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഡെവലപ്പർമാരെ സംബന്ധിച്ചിടത്തോളം വലിയ പ്രയത്നം ആവശ്യമുള്ള ഒന്നാണിത്.
കാലങ്ങളായി ആൻഡ്രോയിഡ് പുതിയ ഫീച്ചറുകൾ ആദ്യം അവതരിപ്പിക്കുകയും പിന്നീട് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രം സുരക്ഷ ശക്തമാക്കുകയുമാണ് പതിവ്. എന്നാൽ എഐയുടെ കാര്യത്തിൽ ഈ രീതി മാറ്റിപ്പിടിച്ചിരിക്കുകയാണ് ഗൂഗിൾ.
പണമിടപാടുകളോ സ്വകാര്യ സന്ദേശങ്ങളോ കൈകാര്യം ചെയ്യുന്ന എഐ ഏജന്റുകൾ അനിയന്ത്രിതമായി പ്രവർത്തിച്ചാൽ അത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. ഇത് മുൻകൂട്ടി കണ്ടാണ് തുടക്കത്തിൽ തന്നെ കർശനമായ സുരക്ഷാ ചട്ടക്കൂട് ഒരുക്കിയിരിക്കുന്നത്.
നിലവിൽ ഈ സുരക്ഷാ സംവിധാനം വലിയ രീതിയിൽ ഉപയോഗത്തിലില്ലെങ്കിലും ഭാവിയിലെ വലിയ മാറ്റങ്ങൾക്ക് അടിത്തറയിടുന്നതാണ് ഈ നീക്കം. ഫോണുകൾക്ക് പുറമെ ജിമെയിൽ (Gmail), ഡോക്സ് (Docs) എന്നിവയിലും എഐ ഏജന്റുകളെ ഉൾപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഗൂഗിൾ.
നിലവിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായിക്കഴിഞ്ഞെങ്കിലും കൂടുതൽ മാറ്റങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

