ഡെറാഢൂൺ: പേഴ്സണൽ അസിസ്റ്റന്റിന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയതിന് പിന്നാലെ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിലെ പദവികളിൽനിന്ന് രാജി പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം, കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവ് തുടങ്ങിയ പ്രധാന പദവികളാണ് അദ്ദേഹം ഒഴിഞ്ഞത്.
കോൺഗ്രസ് പാർട്ടിയെ ദുർബലപ്പെടുത്തുന്ന രീതിയിൽ തന്റെ അടുത്ത അനുയായിയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ലെന്നും, അതിനാലാണ് പാർട്ടിയിലെ സ്ഥാനങ്ങൾ രാജിവെക്കുന്നതെന്നും ഹരീഷ് റാവത്ത് വ്യക്തമാക്കി. 2016-ലെ ഉത്തരാഖണ്ഡ് സബോർഡിനേറ്റ് സർവീസ് സെലക്ഷൻ കമ്മീഷൻ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട
കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അദ്ദേഹത്തിന്റെ പിഎയായ ചന്ദൻ സിങ് ജീനയുടെ വീട്ടിലടക്കം ഇഡി റെയ്ഡ് നടത്തിയത്. കഴിഞ്ഞദിവസം നടന്ന റെയ്ഡിൽ ചന്ദൻസിങ് ജീനയുടെ വീട്ടിൽനിന്ന് 32 ലക്ഷം രൂപയും സ്വർണവും ആഡംബരവാച്ചുകളും ഇഡി പിടിച്ചെടുത്തിരുന്നു.
ഇതിനുപിന്നാലെയാണ് കൂടുതൽ വിവാദങ്ങളുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അദ്ദേഹം പാർട്ടി പദവികളിൽനിന്ന് പടിയിറങ്ങിയത്. അതേസമയം, തന്റെ പിഎയ്ക്കെതിരായ ആരോപണങ്ങൾ വിശ്വസിക്കാൻ പ്രയാസമുണ്ടെന്നും വരുംദിവസങ്ങളിൽ സത്യം വെളിപ്പെടുമെന്നും അദ്ദേഹം പ്രതികരിച്ചു.
രാജ്യത്ത് കോൺഗ്രസും രാഹുൽ ഗാന്ധിയും അഴിമതിക്കെതിരേ ശക്തമായ പോരാട്ടമാണ് നയിക്കുന്നത്. ഈ നിർണായക ഘട്ടത്തിൽ താനുമായി ബന്ധപ്പെട്ടവരിൽനിന്ന് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടികൾ ഉണ്ടാകാൻ പാടില്ലെന്നും, അതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

