ജമ്മു കശ്മീരിലെ ഡോഡ ജില്ലയിൽ യുവതി ചെനാബ് നദിയിലേക്ക് ചാടിയതായി ഔദ്യോഗിക റിപ്പോർട്ട്. ശനിയാഴ്ച ഉച്ചയോടെ പ്രേംനഗറിന് സമീപമുള്ള ശിവ ദാൽ പാലത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
നദിയിലേക്ക് ചാടിയത് പായൽ ദേവി എന്ന 21-കാരിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന് തൊട്ടുമുമ്പ് യുവതി തന്റെ പിതാവ് കൃഷ്ണ ലാലുമായി ഫോണിൽ സംസാരിച്ചിരുന്നു.
“ഇത് എന്റെ ജീവിതമാണ്” എന്ന് പറഞ്ഞതിന് ശേഷം “ബൈ ബൈ, പപ്പാ” എന്നും പറഞ്ഞതായി പിതാവ് പൊലീസിന് മൊഴി നൽകി. ഇതിന് പിന്നാലെ ഫോൺ കോട്ട് കട്ടാവുകയും യുവതി നദിയിൽ ചാടുകയുമായിരുന്നു.
ആദ്യം ഒരു മേളയിൽ പോയിരുന്ന യുവതി, ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് ഡോക്ടറെ കാണാൻ പോകുകയാണെന്നാണ് പിതാവിനെ അറിയിച്ചിരുന്നത്. എന്നാൽ ഡോക്ടറെ കാണാൻ സാധിക്കാതെ മടങ്ങുന്നതിനിടെ മറ്റൊരാളോടൊപ്പം മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയും, തുടർന്ന് മകൾ നദിയുടെ ഭാഗത്തേക്ക് ഓടിപ്പോയതായി മറ്റൊരാൾ പിതാവിനെ അറിയിക്കുകയുമായിരുന്നു.
യുവതി പാലത്തിൽ നിൽക്കുന്നതും ചിലർ അവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ ഇതിനിടയിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. നദിയിലേക്ക് ചാടാനുള്ള യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
യുവതിയെ കണ്ടെത്താനായി പൊലീസും, സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സും (SDRF), പ്രാദേശിക സന്നദ്ധപ്രവർത്തകരും അടങ്ങുന്ന സംഘം നദിയിൽ വ്യാപകമായ തിരച്ചിൽ തുടരുകയാണ്. ചെനാബ് നദിയിലെ ശക്തമായ ഒഴുക്കും സുരക്ഷാ കാരണങ്ങളാൽ ബോട്ടുകൾ ഉപയോഗിക്കുന്നതിലെ നിയന്ത്രണങ്ങളും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
പ്രത്യേക ഉപകരണങ്ങളും പരിശീലനം ലഭിച്ച സേനാംഗങ്ങളുമാണ് നിലവിൽ തിരച്ചിൽ നടത്തുrന്നത്. ഇതുവരെ യുവതിയെക്കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല.
സംഭവത്തിൽ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. *(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.
അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)*
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

