ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ചരിത്രപരമായ ഒരു ക്രിക്കറ്റ് മത്സരത്തിന് കളമൊരുങ്ങുന്നു. സെപ്റ്റംബർ 22-ന് ജപ്പാനിലെ തോചിഗി പ്രിഫെക്ചറിലെ സാനോ അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇരുരാജ്യങ്ങളും ആദ്യമായി മുഖാമുഖം വരുന്നത്.
ഇന്ത്യൻ സമയം രാവിലെ 9.30-ന് ആരംഭിക്കുന്ന ഈ ട്വന്റി20 മത്സരം സുസുക്കി കപ്പ് എന്നാണ് അറിയപ്പെടുന്നത്. ശ്രേയസ് അയ്യർ ആയിരിക്കും ഇന്ത്യൻ ടീമിനെ നയിക്കുക.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനേ തകൈചിയും തമ്മിൽ ധാരണയിലെത്തിയ സ്പോർട്സ് 75 എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 2036-ലെ ഒളിമ്പിക്, പാരാലിമ്പിക് ഗെയിംസുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് കരുത്തുപകരുന്നതിനൊപ്പം, ഇരുരാജ്യങ്ങളും തമ്മിലുള്ള കായികപരമായ സഹകരണവും ജനങ്ങൾ തമ്മിലുള്ള സൗഹൃദവും ഊട്ടിയുറപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ജപ്പാന്റെ മണ്ണിൽ ഇന്ത്യൻ ടീം കളിക്കുന്ന ആദ്യ മത്സരം കൂടിയാണിത്. ഏഷ്യൻ ഗെയിംസിനായുള്ള ഒരുക്കങ്ങളുടെ ഭാഗം കൂടിയാണ് ഈ പര്യടനം.
ഏഷ്യൻ ഗെയിംസിൽ ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകൾ നേരിട്ട് ക്വാർട്ടർ ഫൈനലിലാണ് മത്സരിക്കുന്നത്. സെപ്റ്റംബർ 28-നാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മത്സരം.
അഫ്ഗാനിസ്ഥാൻ, ജപ്പാൻ, നേപ്പാൾ എന്നിവരടങ്ങുന്ന ഗ്രൂപ്പിലെ റണ്ണേഴ്സപ്പുമായാണ് ഇന്ത്യ ക്വാർട്ടർ ഫൈനലിൽ മാറ്റുരയ്ക്കുക. ടെസ്റ്റ് പദവിയുള്ള ഒരു രാജ്യത്തിനെതിരെ ജപ്പാൻ കളിക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണിത്.
നേരത്തെ 2023 ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത ജപ്പാൻ ഗ്രൂപ്പ് റൗണ്ടിൽ പുറത്തായിരുന്നു. കംബോഡിയക്കെതിരെയായിരുന്നു ക്രിക്കറ്റിൽ ജപ്പാന്റെ ആദ്യ വിജയം.
ഇതിനുപുറമെ, പുരുഷന്മാരുടെ മത്സരത്തിന് നാല് ദിവസം മുമ്പ് ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിലും ഇന്ത്യയും ജപ്പാനും തമ്മിലുള്ള പോരാട്ടം നടക്കുന്നുണ്ട്. പുരുഷ വിഭാഗം ഏഷ്യൻ ഗെയിംസിലും ഗ്രൂപ്പ് റൗണ്ടിൽ ജപ്പാൻ റണ്ണേഴ്സ് അപ്പ് ആകുകയാണെങ്കിൽ ഇരു ടീമുകളും തമ്മിലുള്ള മറ്റൊരു മത്സരത്തിനും സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

