ഉത്തർപ്രദേശിലെ ഗാസിയാബാദിൽ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽനിന്ന് വീണ് വനിതാ ഡോക്ടർ ദാരുണമായി അന്ത്യം സംഭവിച്ചു. ഗാസിയാബാദിലെ രാജ്നഗർ എക്സ്റ്റൻഷനിൽ താമസിക്കുന്ന മനോരോഗ ചികിത്സാവിദഗ്ധയായ ഡോ.
ഹേമിക അഗർവാൾ (40) ആണ് മരിച്ചത്. ഈ ദാരുണ സംഭവം ആത്മഹത്യയാണോ എന്നതുൾപ്പെടെയുള്ള വിവിധ വശങ്ങൾ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്.
ഞായറാഴ്ച രാത്രി ഏഴരയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ അഞ്ചാംനിലയിൽനിന്നാണ് ഡോക്ടർ താഴേക്ക് വീണത്.
ശബ്ദം കേട്ട് സംഭവസ്ഥലത്തേക്ക് മറ്റ് താമസക്കാർ ഉടൻതന്നെ ഓടിയെത്തുകയായിരുന്നു. തുടർന്ന് ഗുരുതര പരിക്കുകളോടെ യുവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒന്നരവർഷം മുൻപാണ് ഡോ. ഹേമിക വിവാഹമോചിതയായതെന്നാണ് കുടുംബാംഗങ്ങൾ നൽകുന്ന വിവരം.
ഇതിനുശേഷം മകൾ കടുത്ത മാനസികപ്രയാസങ്ങൾ നേരിട്ടിരുന്നതായി പിതാവും മനോരോഗ ചികിത്സാവിദഗ്ധനുമായ ഡോ. ആർ.
ചന്ദ്ര വ്യക്തമാക്കി. മകൾ ചികിത്സ തേടിയതിന്റെ വിവരങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തിൽ എല്ലാ കോണുകളിൽ നിന്നും വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ഇതുവരെ ആത്മഹത്യാ കുറിപ്പോ മറ്റോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫൊറൻസിക് സംഘം ആവശ്യമായ തെളിവെടുപ്പുകൾ നടത്തി.
തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

