
മദിരാശിയിലെ കൊത്താവല്ചാവടിയിലുള്ള പച്ചക്കറി മാര്‍ക്കറ്റിനു മുന്നില്‍ ലോറി ഓടിത്തളര്‍ന്ന് നിന്നു. നേരം വെളുത്തിരുന്നില്ല. ഡ്രൈവർ വിളിച്ചപ്പോഴാണ് ഉറക്കത്തില്‍ നിന്നെഴുന്നേറ്റത്. പെട്രോമാക്സിന്റെ വെളിച്ചത്തില്‍ ചായ അടിച്ചുകൊണ്ടിരിക്കുന്ന തട്ടുകടക്കാരെനെയാണ് ആദ്യം കണ്ടത്. നേരെ അങ്ങോട്ടു ചെന്നു. ആവി പറക്കുന്ന ചായ ഊതിക്കുടിക്കുന്നതിനിടയില്‍ ത്യാഗരാജന് വീടിനെപ്പറ്റി ഓര്‍ത്തു. അമ്മ പുലര്‍ച്ചയ്ക്ക് എഴുന്നേല്‍ക്കാറുള്ളതാണ്. തന്നെ കാണാതെ വന്നതില്‍ എന്തെല്ലാം വിഷമങ്ങള്‍ ഇപ്പോള്‍ വീട്ടുകാര്‍ അനുഭവിക്കുന്നുണ്ടാവും. പക്ഷേ, സിനിമ എന്ന സ്വപ്നം നല്കിയ ധൈര്യം അപ്പോള്‍ ത്യാഗരാജനെ പൊതിഞ്ഞുനിന്നിരുന്നു. തട്ടുകടയിലെ ബെഞ്ചിലിരുന്ന് ചായ കുടിച്ചുകൊണ്ടിരിക്കുന്നവര്‍ സംസാരിക്കുന്നതുപോലും തലേദിവസം റിലീസായ നാടോടിമന്നന് എന്ന എം.ജി.ആര്. സിനിമയെക്കുറിച്ചാണ്. അതിലെ എം.ജി.ആറിന്റെ സ്റ്റണ്ടും പാട്ടുമൊക്കെ അവരെ ആവേശഭരിതരാക്കിയിട്ടുണ്ടെന്നും വര്‍ത്തമാനത്തില്‍ നിന്നു മനസ്സിലായി. അതെല്ലാം ചായയുടെ ചൂടിനൊപ്പം ത്യാഗരാജന്റെ മനസ്സിനെയും ശരീരത്തെയും ചൂടുപിടിപ്പിച്ചു. ചായ കുടിച്ചശേഷം ആമ്പൂര് ബാബുവിനെ അന്വേഷിച്ച് യാത്ര തുടങ്ങി.
വടപളനിയിലാണ് ബാബു താമസിക്കുന്നതെന്ന് നാട്ടുകാരില്‍ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. കൊത്താവല്ചാവടിയില് നിന്ന് വടപളനിയിലേക്ക് പന്ത്രണ്ട് കിലോമീറ്ററോളം ദൂരമുണ്ടെന്ന് തട്ടുകടക്കാരന് പറഞ്ഞു. നേരംവെളുക്കാന്‍ ഇനിയും സമയമുണ്ട്. പിന്നെ ഒന്നും ആലോചിച്ചില്ല. ബാഗും തൂക്കി വടപളനി ലക്ഷ്യമാക്കി നടന്നു. യാത്രയ്ക്കിടയില്‍ പലരോടും വഴി ചോദിച്ചു. കുറേ പോകാനുണ്ട്… ഇനിയും പോകണം എന്നൊക്കെയായിരുന്നു മറുപടി. വഴിയരികിലെ വലിയ സിനിമാ പോസ്റ്ററുകളില്‍ നോക്കി നടക്കുന്ന ത്യാഗരാജന് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ‘എവിടേക്കാണ് പോകുന്നത്?’ ‘എവിടുന്നാണ് വരുന്നത്?’ പിന്നെ പേര്, വിലാസം ഇങ്ങനെ പോലീസുകാരുടെ ഒരുപാടു ചോദ്യങ്ങള്‍. എല്ലാറ്റിനും കൃത്യമായി മറുപടി നല്കിയപ്പോള് ബാഗിലെന്താണെന്നായി പിന്നത്തെ ചോദ്യം.
‘ഷര്‍ട്ടും പാന്റുമാണ് സാര്‍’ എന്ന് പറഞ്ഞപ്പോള്‍ ‘വേറെയൊന്നുമില്ലല്ലോ’ എന്നായി അടുത്ത ചോദ്യം. ‘ഇല്ല സാര്‍’ എന്നു പറഞ്ഞ് ത്യാഗരാജന് ബാഗ് പോലീസിനു നേരെ നീട്ടി. ബാഗ് പരിശോധിക്കാനൊന്നും നിന്നില്ല. പൊയ്ക്കോളാനായിരുന്നു പോലീസിന്റെ മറുപടി. കഷ്ടകാലത്തിന് ബാഗ് തുറന്നിരുന്നെങ്കില്‍ വീട്ടില്‍ നിന്നു മോഷ്ടിച്ച പണം കണ്ടുപിടിക്കുമായിരുന്നു. പോലീസില്‍നിന്നു രക്ഷപ്പെട്ടതോടെ നടത്തത്തിന് വേഗം കൂട്ടി. വടപളനിയിലെത്തുമ്പോള്‍ നേരം വെളുത്തിരുന്നു. ബാബുവിനെ പലരോടും അന്വേഷിക്കേണ്ടിവന്നു. ഒടുവില്‍ പത്രം വില്‍ക്കുന്ന ഒരു വൃദ്ധനാണ് വഴി പറഞ്ഞുകൊടുത്തത്. അയാള്‍ കാണിച്ച വഴിയിലൂടെ സഞ്ചരിച്ച് ബാബു താമസിക്കുന്ന വീട് കൃത്യമായി കണ്ടെത്തി.
തുടരെ മുട്ടിയപ്പോള്‍ വാതില്‍ തുറന്ന് പുറത്തേക്ക് വന്നത് ബാബുവായിരുന്നു. ത്യാഗരാജനെ കണ്ടപ്പോള്‍ ബാബു ശരിക്കും അമ്പരന്നു. സിനിമയില്‍ അഭിനയിക്കാന്‍ നാടുവിട്ട് വന്നതാണെന്ന് പറഞ്ഞപ്പോള്‍ ബാബുവിന്റെ വക ഒരുപാട് ശകാരങ്ങള്‍ ത്യാഗരാജന് കേള്‍ക്കേണ്ടിവന്നു. അകത്തേയ്ക്ക് കയറിയിരിക്കാന്‍ പോലും ബാബു പറഞ്ഞില്ല. ഒരു രീതിയിലും ത്യാഗരാജനെ സഹായിക്കാന്‍ അയാള്‍ തയ്യാറായില്ല. സ്വന്തം നാട്ടുകാരനെന്ന പരിഗണനപോലും നല്‍കാതെ ബാബു പറഞ്ഞു: ‘ങ്ഹും… സിനിമയിലഭിനയിക്കാന്‍ വന്നിരിക്കുന്നു. മെലിഞ്ഞു കൊലുന്നനെയുള്ള നിന്നെ ആര് സിനിമയിലെടുക്കാനാണ്. ഇവിടെ കിടന്ന് കഷ്ടപ്പെടേണ്ട. വേഗം തിരിച്ചു വിട്ടോ.’
നാലുനേരം നല്ല ഭക്ഷണം കഴിച്ച് ജീവിക്കാനുള്ള ത്യാഗരാജന്റെ വീട്ടിലെ സാഹചര്യത്തെക്കുറിച്ച് ബാബുവിന് നന്നായി അറിയാമായിരുന്നു. ബാബു ഇറക്കിവിട്ടതോടെ എങ്ങോട്ട് പോകണമെന്നറിയാതെ ആ വീടിന്റെ മുറ്റത്തുതന്നെ കുറെ നേരം ത്യാഗരാജന് നിന്നു. കുറച്ചുനേരം കഴിഞ്ഞ് വാതില്‍ തുറന്ന് പുറത്തേക്കു വന്ന ബാബു പറഞ്ഞു: ‘നീ പോയില്ലേ, ഇവിടെ നില്‍ക്കരുത്. അടുത്ത വണ്ടിക്ക് വേഗം നാട്ടിലേക്ക് പൊയ്ക്കോ.’ ബാബു ത്യാഗരാജനെ പിടിച്ച് പുറത്തേക്കു തള്ളി. പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല. ബാഗും തൂക്കി തെരുവിലൂടെ നടന്നു.
എങ്ങോട്ടാണ് പോകേണ്ടതെന്നറിയില്ല. റോഡിനിരുവശവും എം.ജി.ആറിന്റെയും ശിവാജി ഗണേശന്റെയും വലിയ കട്ടൗട്ടുകളും പോസ്റ്ററുകളും നിരനിരയായി നില്‍പ്പുണ്ട്. കുറെനേരം അതിലേക്ക് നോക്കിനിന്ന് അവരുടെ മുഖത്തിനു പകരം തന്റെ മുഖം സങ്കല്പ്പിച്ചു. അങ്ങനെയൊരു കാലമുണ്ടാകുമോ? ഉണ്ടാകും, എന്നുതന്നെയായിരുന്നു ത്യാഗരാജന്റെ മനസ്സ് പറഞ്ഞത്. ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലുമായി കുറെനേരമിരുന്നു. ഒന്നും കഴിച്ചിരുന്നില്ല. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമൊക്കെ കൃത്യസമയത്ത് വിളിച്ച് ഭക്ഷണം തരുന്ന അമ്മയെ ഓര്‍ത്തു. തന്നെ കാണാനില്ലെന്നറിഞ്ഞ നിമിഷം മുതല്‍ വീട്ടിലാരും ഒന്നും കഴിച്ചിട്ടുണ്ടാകില്ല. വിശപ്പൊട്ടും തോന്നിയില്ല. രാത്രി റെയില്‍വേ സ്റ്റേഷനില്‍ ഒരു ഇരുമ്പുബെഞ്ചിനടിയില് കിടന്നു. തീവണ്ടികള്‍ പുകതുപ്പി വരികയും പോവുകയും ചെയ്തുകൊണ്ടിരുന്നു. കൊതുകുകള്‍ കൂട്ടമായി വന്ന് പൊതിഞ്ഞതിനാല്‍ കണ്ണടയ്ക്കാന്‍പോലും കഴിഞ്ഞില്ല. ആ രാത്രി അങ്ങനെ പുലരാതെ പുലര്‍ന്നു.
സിനിമയിലഭിനയിക്കാനുള്ള അവസരങ്ങള്‍ തേടിയുള്ള യാത്ര അടുത്ത ദിവസംതന്നെ ത്യാഗരാജന് ആരംഭിച്ചു. അന്നത്തെ പ്രധാന സ്റ്റുഡിയോ ആയ സാലിഗ്രാമത്തിലെ ‘കര്‍പ്പക’ത്തിലേക്കാണ് ആദ്യം പോയത്. കാവല്ക്കാരന് ഗേറ്റിനപ്പുറം കടത്തിവിട്ടില്ല. മണിക്കൂറുകളോളം അവിടെ നിന്നു. മാറിവന്ന കാവല്‍ക്കാരനോടും പറഞ്ഞുനോക്കിയെങ്കിലും ഒരു രക്ഷയുമുണ്ടായില്ല. കാവല്ക്കാര്ക്കെല്ലാം ഒരേ സ്വഭാവമാണെന്ന് തോന്നിയ നിമിഷങ്ങള്‍. പിന്നെ നേരെ ശ്യാമള സ്റ്റുഡിയോയിലേക്കാണ് ചെന്നത്. അകത്തേയ്ക്ക് പോകാന്‍ സമ്മതിച്ചില്ലെങ്കിലും അവിടുത്തെ കാവല്‍ക്കാരന്റെ പെരുമാറ്റം നല്ല രീതിയിലായിരുന്നു. പേരും നാടുമെല്ലാം അയാള്‍ ചോദിച്ചറിഞ്ഞു. പിന്നീടയാള്‍ പറഞ്ഞ കാര്യങ്ങളാണ് ത്യാഗരാജനെ അമ്പരപ്പിച്ചത്. സിനിമയിലഭിനയിക്കാനുള്ള മോഹവുമായി മദിരാശിയിലെത്തി ആറേഴുവര്‍ഷം അലഞ്ഞുതിരിഞ്ഞ് ഒടുവില്‍ ജീവിക്കാന്‍വേണ്ടി സ്റ്റുഡിയോയുടെ ഗേറ്റിനു മുന്നില്‍ കാവല്‍ നില്‍ക്കേണ്ട അവസ്ഥയാണ് അയാള്‍ക്കുണ്ടായത്. ത്യാഗരാജന്റെ സിനിമാസ്വപ്നങ്ങളെ തകര്‍ക്കാന്‍ ആ കാവല്‍ക്കാരന്റെ അനുഭവങ്ങള്‍ മാത്രം മതിയായിരുന്നു. പക്ഷേ, സ്വപ്നങ്ങളില്‍ നിന്നൊരു പിന്മടക്കത്തിന് തയ്യാറാവാതെ ത്യാഗരാജന് വീണ്ടും നടന്നു. വാഹിനി സ്റ്റുഡിയോയ്ക്കു മുമ്പിലെത്തിയപ്പോള്‍ ഏതോ ഒരു ചെറുപ്പക്കാരനെ അവിടുത്തെ രണ്ട് സെക്യൂരിറ്റിക്കാര്‍ ചേര്‍ന്ന് പിടിച്ച് പുറത്തേക്ക് തള്ളുകയാണ്. കാവല്‍ക്കാരന്റെ കണ്ണുവെട്ടിച്ച് സ്റ്റുഡിയോയ്ക്കുള്ളിലേക്ക് ഓടിപ്പോയ അയാളെ കൈയോടെ പിടികൂടിയതാണ്. അഭിനയമോഹവുമായി മദിരാശിയിലെ നിരവധി ഭാഗ്യാന്വേഷകരില് ഒരാളാണയാളെന്ന് സെക്യൂരിറ്റിക്കാരുമായുള്ള വാക്കേറ്റത്തില്‍ നിന്ന് ത്യാഗരാജന് മനസ്സിലാക്കി. തന്നെപ്പോലെ ഒരുപാടു ചെറുപ്പക്കാര്‍ സിനിമ സ്വപ്നംകണ്ട് അവിടെയെല്ലാമുണ്ടെന്ന് തിരിച്ചറിഞ്ഞ് രാത്രിയോടെ ക്ഷീണിച്ചവശനായി തെരുവിലെ ഒരു പീടികത്തിണ്ണയില്‍ ഇരുന്നു.
സംഘട്ടനം ത്യാഗരാജൻ- ജീവിതകഥയുടെ മുൻലക്കങ്ങൾ വായിക്കാം
Also Read
Premium
തല്ലാണല്ലേ ജോലി, ആരാണ് നിനക്ക് ത്യാഗരാജൻ …
Premium
അമ്മയിൽ നിന്നു ലഭിച്ച വലിയൊരു തിരിച്ചറിവായിരുന്നു …
Premium
നടനായശേഷമേ തിരിച്ചുവരൂ എന്ന ശപഥവുമായി അമ്മയുടെ …
രണ്ടുദിവസത്തെ ഉറക്കമില്ലായ്മ വല്ലാതെ തളര്‍ത്തിയിരുന്നു. വയറു നിറയെ ഭക്ഷണം കഴിച്ച് സന്തോഷത്തോടെ കഴിഞ്ഞിരുന്ന ജീവിതത്തെക്കുറിച്ചോര്‍ത്ത് സങ്കടപ്പെട്ടു. അത് പിന്നെ കരച്ചിലായി. ആ ഇരുട്ടില്‍ കടയുടെ ഒരു മൂലയിലിരുന്ന് ഒരുപാട് കരഞ്ഞു. ആളുകള്‍ അപ്പോഴും റോഡിനരികിലൂടെ പരക്കം പായുകയും തെരുവുപട്ടികള്‍ കൂട്ടമായി കുരയ്ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പിന്നീടെപ്പോഴോ തണുത്ത കാറ്റ് വീശിത്തുടങ്ങി. വൈകാതെ ശക്തമായ ഇടിയും മിന്നലും. കുറച്ചുകഴിഞ്ഞപ്പോള്‍ കനത്ത മഴയും, എല്ലാംകൂടി ആ രാത്രിയെ ബീഭത്സമാക്കി. അപ്പോഴും ത്യാഗരാജന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. കടയുടെ തിണ്ണയില്‍നിന്ന് തന്റെ കൈക്കുമ്പിളില്‍ നിറച്ച മഴവെള്ളത്തില്‍ പലവട്ടം ത്യാഗരാജന് കണ്ണീര് കഴുകി. മണിക്കൂറുകളോളം പെയ്ത മഴ തോര്‍ന്നപ്പോള്‍ ബാഗ് തുറന്ന് തോര്‍ത്തുമുണ്ടെടുത്ത് നിലത്ത് വിരിച്ചു. ഇതെല്ലാം കണ്ടുകൊണ്ട് കുറച്ചപ്പുറം ഒരു വൃദ്ധന് നില്ക്കുന്നുണ്ടായിരുന്നു. ഒരു കരിമ്പടംകൊണ്ട് കഴുത്തിനു താഴെ ശരീരം മുഴുവന്‍ മറച്ച അയാളുടെ ചുണ്ടില്‍ ഒരു തീക്കനല്‍പോലെ ബീഡി പുകഞ്ഞുകൊണ്ടിരുന്നു. ഓരോ പുകയ്ക്കൊപ്പവും അയാള്‍ നിര്‍ത്താതെ ചുമച്ചു. ആ വൃദ്ധന്റെ രൂപവും തുറിച്ചുള്ള നോട്ടവും ത്യാഗരാജനെ ഭയപ്പെടുത്തി.
മഴയുടെ ശക്തിയില്‍ നനഞ്ഞ ശരീരത്തിന് വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടപ്പോള്‍ നിലത്തു വിരിച്ച തോര്‍ത്തുമുണ്ടില്‍ ത്യാഗരാജന് കിടന്നു. ജീവിതത്തിലന്നുവരെ അത്തരമൊരു പരുക്കന്പ്രതലത്തില് കിടന്നിട്ടില്ല. സുഖമായി മെത്തയില്‍ കിടന്നുറങ്ങിയ ഒരാള്‍ തെരുവില്‍ കിടക്കേണ്ടിവന്ന അവസ്ഥയെപ്പറ്റി ആലോചിക്കാതിരിക്കാനാവുമായിരുന്നില്ല ത്യാഗരാജന്. പക്ഷേ, എല്ലാമെല്ലാം സിനിമ എന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി മാത്രം. പിന്നീടെപ്പോഴോ, തളര്‍ന്ന ശരീരവുമായി, ത്യാഗരാജന് ഉറക്കത്തിലേക്ക് ആഴ്ന്നുപോവാന് തുടങ്ങി. കാലിന്റെ പെരുവിരലില്‍ കൂര്‍ത്തമുനയുള്ള എന്തോ തറഞ്ഞിറങ്ങുന്നതുപോലെ അനുഭവപ്പെട്ടപ്പോഴാണ് കണ്ണു തുറന്നത്. എലികളുടെ വിഹാരകേന്ദ്രംകൂടിയാണ് താന്‍ കിടക്കുന്ന ഇടമെന്ന് അപ്പോഴാണ് ത്യാഗരാജന് മനസ്സിലാവുന്നത്. വിരലിന്റെ അറ്റത്ത് എലി കരണ്ടതിന്റെ പാടുകള്‍. എന്നിട്ടും ഉറങ്ങിപ്പോയത് ആ ശരീരവും മനസ്സും അത്രമേല്‍ ക്ഷീണിച്ചുപോയതുകൊണ്ടാണ്.
രാവിലെ കട തുറക്കാന്‍ നേരം ജോലിക്കാര്‍ തട്ടിവിളിച്ചപ്പോഴാണ് ഉണര്‍ന്നത്. അവരുടെ വക കുറെ ചീത്തയും കേള്‍ക്കേണ്ടിവന്നു. അപ്പോഴാണ് കൈയിലുണ്ടായിരുന്ന ബാഗ് നോക്കിയത്. ‘അയ്യോ… എന്റെ ബാഗ് കാണാനില്ലല്ലോ. അതിനകത്ത് പണമുണ്ടായിരുന്നു. എന്റെ ഷര്‍ട്ടും മുണ്ടും എല്ലാം അതിലായിരുന്നു. ഞാന്‍ തലയ്ക്കടിയില്‍ വെച്ച് കിടന്നതാണ്.’ പൊട്ടിക്കരഞ്ഞുകൊണ്ട് ത്യാഗരാജന് പറഞ്ഞെങ്കിലും ആ സങ്കടം ആരും കണ്ടതായി ഭാവിച്ചില്ല. അവിടെയൊക്കെ അരിച്ചുപെറുക്കിയെങ്കിലും ബാഗ് കണ്ടെത്താനായില്ല.
‘സാര്‍, എന്റെ ബാഗും പണവും നഷ്ടപ്പെട്ടു’ എന്ന് കടയുടമയോട് പറഞ്ഞു.
‘മേലാല്‍ ഇവിടെ വന്ന് കിടക്കരുത്, അവന്റെയൊരു ബാഗ്…’ എന്നു പറഞ്ഞ് അവിടുത്തെ ജോലിക്കാര്‍ ത്യാഗരാജനെ പിടിച്ച് റോഡിലേക്ക് തള്ളിയിട്ടു. കടയ്ക്ക് മുന്നില്‍നിന്ന് വീണ്ടും കരഞ്ഞെങ്കിലും ആ കരച്ചില് കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. റോഡിലൂടെ ആളുകള്‍ ജീവിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു.
ഒരു ചായ പോലും കിട്ടാതെ രണ്ടു ദിവസം മദിരാശിയില്‍ അലയേണ്ടിവന്നു. തെരുവിലെ പൈപ്പുവെള്ളം കുടിച്ചാണ് വിശപ്പടക്കിയത്. പല ചായക്കടയിലും കയറി, ഒന്നും കഴിച്ചിട്ടില്ലെന്ന് പറഞ്ഞു. ഒരു ഗ്ലാസ് വെള്ളം പോലും ആരും കൊടുത്തില്ല. കത്തുന്ന വയറുമായി ക്ഷീണിച്ചവശനായി ത്യാഗരാജന് ചെന്നെത്തിയത് ജെമിനി സ്റ്റുഡിയോയുടെ ഗേറ്റിനു മുമ്പിലാണ്. അവിടെയും ചെറുപ്പക്കാരുടെ ഒരു കൂട്ടമുണ്ടായിരുന്നു. സെക്യൂരിറ്റിക്കാര്‍ അവരെ തള്ളിമാറ്റുന്നുണ്ട്. ആരുടെയോ വരവ് പ്രതീക്ഷിച്ചാണ് അവര്‍ നില്‍ക്കുന്നത്. ത്യാഗരാജനും ആ കൂട്ടത്തിലേക്ക് കയറിച്ചെന്നു. പെട്ടെന്നാണ് വെളുത്ത ഒരു അംബാസഡര്‍ കാര്‍ അങ്ങോട്ടേക്ക് വന്നത്. അപ്പോഴേക്കും കൂടിനിന്നവര്‍ ആര്‍ത്തുവിളിച്ചു, ‘അണ്ണാ…’ കാറിന്റെ സൈഡ് ഗ്ലാസ് തുറന്നു പുഞ്ചിരിയോടെ കൈവീശിക്കൊണ്ട് ഒരാള്‍ കടന്നുപോവുന്നു. ത്യാഗരാജനും ആ കാഴ്ച കണ്ടു. സ്വപ്നമോ, യാഥാര്‍ഥ്യമോ എന്നു തിരിച്ചിറിയാനാവാത്ത നിമിഷങ്ങള്‍. തന്റെ സിനിമാ സ്വപ്നങ്ങളെ ചൂടുപിടിപ്പിച്ച നായകന്, അതെ, എം.ജി.ആര്. എന്ന മിന്നുംതാരത്തെ ജീവിതത്തിലാദ്യമായി നേരില്‍ കാണുകയായിരുന്നു ത്യാഗരാജന്. കറുത്ത കണ്ണട ധരിച്ചുള്ള വശ്യമായ ആ പുഞ്ചിരികണ്ട് വിശപ്പും ദാഹവും ക്ഷീണവുമെല്ലാം ത്യാഗരാജന് മറന്നു. പിന്നെ, ആഹ്ളാദത്തിന്റെ പാരമ്യതയില്‍ മുകളിലേക്ക് ഒറ്റ ചാട്ടമായിരുന്നു. എം.ജി.ആറിന്റെ TMX 4777 കാര്‍ ഗേറ്റു കടക്കുമ്പോള്‍ ത്യാഗരാജന് തന്റെ രണ്ടുകൈവിരലുകള് വായയിലേക്കിട്ട് ഉച്ചത്തില്‍ വിസിലടിച്ചു. ആമ്പൂരിലെ തിയേറ്ററുകളില്‍ എം.ജി.ആര്. പ്രത്യക്ഷപ്പെടുമ്പോള്‍ മുഴക്കാറുള്ള അതേ വിസില്‍. അന്ന് ജെമിനിയുടെ ഗേറ്റിനപ്പുറത്തേക്ക് പ്രവേശനം കിട്ടിയില്ലെങ്കിലും ഒരു കാര്യം ത്യാഗരാജന് മനസ്സിലുറപ്പിച്ചു. എന്നെങ്കിലും തനിക്കായി ഈ ഗേറ്റ് തുറക്കും; അല്ലെങ്കില്‍ താനത് തുറപ്പിക്കും.
(തുടരും…)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]