അമേരിക്കയിലെ ടെക്സാസില്‍ പ്രശസ്ത നടന് ആര്‍ജെ മിറ്റിയെ (34) അന്തരിച്ച നിലയില്‍ കണ്ടെത്തി. ടെക്സാസിലെ വസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണ കാരണം സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. ലോകമെമ്പാടും വലിയ ആരാധകവൃന്ദമുള്ള പ്രശസ്ത ടെലിവിഷന്‍ പരമ്പരയായ ബ്രേക്കിങ് ബാഡ് എന്ന പരമ്പരയിലെ സുപ്രധാന വേഷത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.
അധോലോകത്തെ മയക്കുമരുന്ന് മാഫിയാ തലവനായി മാറുന്ന രസതന്ത്ര അധ്യാപകൻ വാള്‍ട്ടര്‍ വൈറ്റിന്റെ മൂത്ത മകനായ വാള്‍ട്ടര്‍ വൈറ്റ് ജൂനിയര്‍ എന്ന കഥാപാത്രത്തെയാണ് മിറ്റി ഈ പരമ്പരയില്‍ അവതരിപ്പിച്ചത്. പൊതുഇടങ്ങള്‍ ഭിന്നശേഷി സൗഹൃദമാകേണ്ടതിന്റെ ആവശ്യകതയും സമൂഹം അവരെ ചേര്‍ത്തുപിടിക്കേണ്ടതിന്റെ പ്രാധാന്യവും ഈ കഥാപാത്രത്തിലൂടെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
സെറിബ്രല്‍ പാള്‍സി ബാധിതനായിരുന്ന മിറ്റി, ഭിന്നശേഷിക്കാരേയും ശാരീരിക പരിമിതികളേയും കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ തിരുത്താനായി ‘ദി മിറ്റി ഫൗണ്ടേഷന്’ എന്ന പേരില്‍ ഒരു സംഘടനയും സ്ഥാപിച്ചിരുന്നു. കൂടാതെ ലാഭേച്ഛയില്ലാതെയുള്ള ആശുപത്രി ശൃംഖലയായ ഷ്രൈനേഴ്സ് ചില്‍ഡ്രന്‍സിന്റെ യുണൈറ്റഡ് സെറിബ്രല്‍ പാള്‍സി അംബാസിഡറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഒരു നടന് എന്നതിലുപരി, സെറിബ്രല്‍ പാള്‍സിയോടൊപ്പം ജീവിതം മുന്നോട്ടുനയിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് വലിയൊരു പ്രചോദനമായിരുന്നു അദ്ദേഹം. തന്റെ സഹതാരം എന്നതിലുപരി സ്വന്തം മകനെപ്പോലെയാണ് മിറ്റിയെ കണ്ടിരുന്നതെന്നും അദ്ദേഹത്തിന്റെ വേര്‍പാട് വലിയ നഷ്ടമാണെന്നും പരമ്പരയിലെ മുഖ്യകഥാപാത്രമായ വാള്‍ട്ടര്‍ വൈറ്റിനെ അവതരിപ്പിച്ച ബ്രയാന്‍ ക്രാന്സ്റ്റണ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
‘എന്റെ ഓമന പുത്രന് വിടവാങ്ങി, സെറിബ്രല്‍ പാള്‍സി എന്ന വെല്ലുവിളി ഒന്നിലും അവന് ഒരു എക്സ്ക്യൂസ് ആക്കിയിട്ടില്ല, നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു മകനേ’ എന്നാണ് അദ്ദേഹം കുറിച്ചത്. ഈ വാര്‍ത്ത ഹൃദയഭേദകമെന്ന് സീരിസില്‍ മിറ്റിയുടെ അമ്മാവനായി അഭിനയിച്ച ഡിയാന് നോറിസും പ്രതികരിച്ചു.

