കൊച്ചിയിലെ തിരക്കേറിയ ദേശീയപാത ബൈപാസ് റോഡ് കയ്യടക്കി സ്വകാര്യ ടൂറിസ്റ്റ് വാഹനങ്ങളുടെ അനിയന്ത്രിതമായ പാർക്കിങ്. വിശ്രമിക്കുന്നതിനും വാഹനം കഴുകുന്നതിനുമായി സ്വകാര്യ വാഹനങ്ങൾ റോഡ് കയ്യേറുന്നത് വലിയ യാത്രാപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്.
സ്ഥലം പരിമിതി മൂലം വിദ്യാർഥികളുമായി എത്തുന്ന സ്കൂൾ ബസുകൾക്ക് റോഡിനു നടുവിൽ നിർത്തി കുരുന്നുകളെ ഇറക്കേണ്ടി വരുന്ന ദയനീയ സാഹചര്യമാണുള്ളത്. മറ്റു മാർഗ്ഗങ്ങളില്ലാതെ കാൽനടയാത്രക്കാരും അപകടം നിറഞ്ഞ ഈ റോഡിലൂടെ നടക്കേണ്ടി വരുന്നു.
എൻഎച്ച് ബൈപാസ് റോഡിലെ ഈ സാഹചര്യം നിത്യേന വലിയ ജീവന്മരണക്കളിയാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. നിയമലംഘനങ്ങൾ നേരിട്ട് കാണുമ്പോഴും ബന്ധപ്പെട്ട
അധികൃതർ യാതൊരുവിധ നടപടികളും സ്വീകരിക്കാൻ തയാറാകാത്തതാണ് മേഖലയെ വലിയൊരു അപകടക്കെണിയാക്കി മാറ്റുന്നത്. കുണ്ടന്നൂർ സമീപമുള്ള കണ്ണാടിക്കാട് ഫുട്ഓവർ ബ്രിജ് പൂർണ്ണമായും ഉപയോഗശൂന്യമാക്കുന്ന രീതിയിലാണ് റോഡ് തടസ്സപ്പെടുത്തി ടൂറിസ്റ്റ് ബസുകൾ നിയമവിരുദ്ധമായി പാർക്ക് ചെയ്യുന്നത്.
സർവീസ് റോഡിൽ നിന്നും പ്രധാന പാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്ന വിധത്തിലാണ് വലിയ വാഹനങ്ങൾ ഇവിടെ അലക്ഷ്യമായി നിർത്തിയിട്ടിരിക്കുന്നത്. ഇതുമൂലം ബൈപാസിലൂടെ അതിവേഗത്തിൽ കടന്നുപോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് സർവീസ് റോഡിൽ നിന്നുള്ള വാഹനങ്ങളുടെ വരവ് കൃത്യമായി കാണാൻ സാധിക്കുന്നില്ല.
ഇത് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും കനത്ത മരണക്കെണിയാണ് ഒരുക്കുന്നത്. ഈ പ്രദേശത്ത് ഇതിനോടകം പലപ്പോഴായി വിവിധ അപകടങ്ങൾ നടന്നിട്ടും അനധികൃത പാർക്കിങ്ങിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല.
കണ്ണാടിക്കാടിന് പുറമേ ബൈപാസിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ രീതിയിൽ ടൂറിസ്റ്റ് വാഹനങ്ങളും സ്വകാര്യ ബസുകളും അനധികൃതമായി പാർക്ക് ചെയ്യുന്നത് പതിവാണ്. ഇത് പലപ്പോഴും ഈ പാതയിൽ അപ്രതീക്ഷിതമായ ഗതാഗത കുരുക്കുകൾക്കും കാരണമാകുന്നുണ്ട്.
ചെറിയൊരു അശ്രദ്ധ പോലും വലിയ ദുരന്തങ്ങൾക്ക് വഴിയൊരുക്കാവുന്ന ഈ സാഹചര്യത്തിൽ, ദേശീയപാതയിലെ ഈ പാർക്കിങ് കെണികൾ ഒഴിവാക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ വേണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

