ബംഗ്ലദേശിലെ രംഗ്പുർ നഗരത്തിൽ ഒരു വീടിനുള്ളിൽ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. രംഗ്പുർ ജില്ലാ സ്കൂളിൽനിന്നും വിരമിച്ച ഗണപതി ചക്രവർത്തി (65), ഭാര്യ പ്രീതിലത ചക്രവർത്തി (50), മകൾ അഗാമി ചക്രവർത്തി (23), മകൻ പ്രിയം ചക്രവർത്തി (12) എന്നിവരെയാണ് ദാരുണമായ സാഹചര്യത്തിൽ കണ്ടെത്തിയത്.
ഇവരെയെല്ലാം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാത്രി 1.30 ഓടെയാണ് രംഗ്പുർ മെട്രോപ്പൊലിറ്റൻ പൊലീസ് സംഭവസ്ഥലത്തെത്തി മൃതദേഹങ്ങൾ കണ്ടെടുത്തത്.
വീടിന്റെ വിവിധ ഭാഗങ്ങളിലായാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഈ കൊലപാതകങ്ങൾ നടന്നിട്ടുള്ളതെന്നാണ് പൊലീസിന്റെ സംശയം.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ ബന്ധുക്കൾ നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
വ്യാഴാഴ്ച രാത്രി മുതൽ നാല് പേരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് ആശങ്കയിലായ ബന്ധുക്കൾ ശനിയാഴ്ച നേരിട്ട് വീട്ടിലെത്തി അന്വേഷണം നടത്തുകയായിരുന്നു.
തുടർന്ന് പൊലീസിന്റെ സഹായത്തോടെ വീടിന്റെ പൂട്ട് തകർത്ത് അകത്ത് പ്രവേശിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 2025 ലാണ് അധ്യാപകനായിരുന്ന ഗണപതി ചക്രവർത്തി സർവീസിൽ നിന്ന് വിരമിച്ചത്.
അടുത്തിടെയാണ് ഇദ്ദേഹം പുതിയ വീട്ടിലേക്ക് താമസം മാറിയത്.

