ഇല്ലാത്ത ഫ്ലാറ്റ് വിറ്റ് തട്ടിപ്പുസംഘം യുവതിയിൽ നിന്ന് തട്ടിയത് 12 കോടി. പരാതിയെ തുടർന്ന് പൊലീസ് അന്വേഷിച്ചപ്പോൾ തെളിഞ്ഞത് വിവിധ സംസ്ഥാനങ്ങളിലായി സമാന രീതിയിൽ നടന്ന 200 കോടിയുടെ തട്ടിപ്പ്.
മുഖ്യ സൂത്രധാരനടക്കം 5 പേരെ ഡൽഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
ഗുരുഗ്രാമിലെ ഡിഎൽഎഫ് കമേലിയാസിൽ അത്യാഡംബര ഫ്ലാറ്റ് വിൽക്കാനുണ്ടെന്ന് കാട്ടിയായിരുന്നു സംഘം യുവതിയെ സമീപിച്ചത്. റിയൽ എസ്റ്റേറ്റ് കേന്ദ്രമായ ഇവിടെ ബാങ്ക് ലേലത്തിൽ പിടിച്ച ഫ്ലാറ്റാണിതെന്നാണ് സംഘം യുവതിയോട് പറഞ്ഞത്.
വിപണി വിലയേക്കാൾ കുറഞ്ഞ തുകയും വാഗ്ദാനം ചെയ്തു. എംജി ലീസിങ് ആൻഡ് ഫിനാൻസ് എന്നൊരു കമ്പനിയുടെ പേരിലുള്ള ഫ്ലാറ്റ് ഉടൻ യുവതിയുടെ ഉടമസ്ഥതയിലേക്ക് മാറ്റാമെന്ന് അറിയിക്കുകയും ഇതിന്റെ രേഖകൾ കാണിക്കുകയും ചെയ്തു.
മോഹിത് ഗോഗിയ എന്നൊരാളായിരുന്നു കമ്പനിയുടെ നടത്തിപ്പുകാരൻ.
ഇയാൾ പറഞ്ഞതനുസരിച്ച് രണ്ട് തവണയായി യുവതി 12.2 കോടി രൂപ കൈമാറി. പണം കിട്ടിയതോടെ തട്ടിപ്പുസംഘം മുങ്ങി.
യുവതി പിന്നീട് ഫ്ലാറ്റ് ഉണ്ടെന്ന് പറഞ്ഞ സ്ഥലത്തെത്തിയപ്പോൾ അവിടെ അങ്ങനെയൊരു ഫ്ലാറ്റേ ഇല്ല. മോഹിത് നൽകിയ രേഖകളെല്ലാം വ്യാജമാണെന്നും തിരിച്ചറിഞ്ഞു.
തുടർന്നാണ് പൊലീസിൽ പരാതിപ്പെട്ടത്.
കിട്ടിയപണമെല്ലാം തട്ടിപ്പുസംഘം ചെറുതുകകളായി പലപല അക്കൗണ്ടുകളിലേക്ക് മാറ്റിയിരുന്നു. പൊലീസിന് സംശയം തോന്നാതിരിക്കാനായിരുന്നു ഇതെന്നാണ് സൂചന.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഹിതും സംഘവും പിടിയിലാവുകയായിരുന്നു. സമാനമായ 15ലേറെ കേസുകൾ മോഹിത്തിന്റെ പേരിലുണ്ടെന്നത് പൊലീസിന് അന്വേഷണം എളുപ്പമാക്കി.
തട്ടിപ്പു സംഘത്തിന് പിന്നിൽ പ്രമുഖ ബ്രോക്കർമാരുമുണ്ടെന്നാണ് സംശയം. പ്രതികളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും ഡൽഹി പൊലീസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

