സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എന്. ബാലഗോപാൽ പ്രഖ്യാപിച്ച നികുതി കുടിശിക തീർപ്പാക്കൽ പദ്ധതി (ആംനെസ്റ്റി സ്കീം) വ്യാപാരി സമൂഹത്തിനും ‘ഇടതുമുന്നണി’ക്കും ഒരുപോലെ ആശ്വാസമാകും.
2024ൽ അവതരിപ്പിച്ച ബജറ്റിലാണ് ധനമന്ത്രി ആംനെസ്റ്റി സ്കീം പ്രഖ്യാപിച്ചത്. ജിഎസ്ടി പ്രാബല്യത്തിൽ വരുന്നതിന് മുൻപ് നിലവിലുണ്ടായിരുന്ന ‘വാറ്റ്’ കുടിശികയിനത്തിൽ സർക്കാരിന് 14,000 കോടിയോളം രൂപ കിട്ടാനുണ്ടായിരുന്നു.
ഇതിലെ പല കുടിശികകൾക്കും വർഷങ്ങളുടെ പഴക്കമുണ്ടെന്നും നാമമാത്ര തുക മാത്രമാണെന്നും ചൂണ്ടിക്കാട്ടിയാണ് വ്യാപാരി സമൂഹത്തിന് ആശ്വാസമേകാനായി ധനമന്ത്രി ആംനെസ്റ്റി സ്കീം പ്രഖ്യാപിച്ചത്.
50,000 രൂപവരെയുള്ള നികുതി കുടിശികകൾ ഒഴിവാക്കുമെന്നായിരുന്നു 2024ലെ പ്രധാന പ്രഖ്യാപനം. 50,000ന് മുകളിൽ 10 ലക്ഷം രൂപവരെയുള്ള കുടിശികയ്ക്ക് 30% അടച്ചാൽ മതി.
10 ലക്ഷത്തിന് മുകളിലാണ് കുടിശികയെങ്കിൽ നിബന്ധനകളോടെ 40-50% തുക അടയ്ക്കാമെന്നുമായിരുന്നു ആംനെസ്റ്റി സ്കീമിൽ പറഞ്ഞിരുന്നത്.
2024 ഡിസംബർ 31 വരെയായിരുന്നു പദ്ധതിയിൽ ചേരാനുള്ള കാലാവധി. ഇപ്പോഴും ഇതുപ്രകാരമുള്ള ഒട്ടേറെ കേസുകൾ തീർപ്പാക്കാതെയുണ്ട്.
ഇതുചൂണ്ടിക്കാട്ടിയാണ് ഇക്കുറി ബജറ്റിൽ, ഇത്തരം കുടിശികകളെ പൂർണമായും പിഴയും പലിശയുമടക്കം ഒഴിവാക്കുമെന്ന് ധനമന്ത്രി പറഞ്ഞത്.
2027 മാർച്ച് 31 വരെ തീർപ്പാക്കുന്ന നികുതി നിർണയ ഉത്തരവുകളിലെ കുടിശികകൾക്ക് ഇതു ബാധകമായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. വാറ്റ് കുടിശിക സംബന്ധിച്ച നോട്ടിസും കേസും നടപടികളും ഒട്ടേറെ വ്യാപാരികളെ പ്രതിസന്ധിയിലാക്കിയിരുന്നു.
വ്യാപാരികൾ ആത്മഹത്യ ചെയ്ത സ്ഥിതികളുമുണ്ടായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉൾപ്പെടെ ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് ആശ്വാസനടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അനുകൂല നടപടിയുണ്ടായില്ലെങ്കിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കാൻ നിർബന്ധിതരാകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഇക്കുറി ബജറ്റിൽ അനുകൂല പ്രഖ്യാപനമുണ്ടായതിനാൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതിൽ നിന്ന് സമിതി പിന്മാറുന്നതായി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു.
‘‘വ്യാപാരി സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് വലിയ പരിഗണന നൽകിയ ബജറ്റ് സ്വാഗതാർഹമാണ്. വ്യാപാരികളെ ബുദ്ധിമുട്ടിക്കാതെ നികുതി പിരിവ് കാര്യക്ഷമമാക്കുമെന്നാണ് മന്ത്രി പറഞ്ഞത്.
കൃത്യമായി നികുതി നൽകുന്നവരെ ആദരിക്കാനുള്ള തീരുമാനം പ്രോത്സാഹനമാകും. ഇതിനു പുറമേ ഫ്ലഡ് സെസ് ആംനെസ്റ്റി സ്കീമും നീട്ടിയത് വ്യാപാരികൾക്ക് ആത്മവിശ്വാസമാകും’’ – രാജു അപ്സര പറഞ്ഞു.
2025 ഏപ്രിൽ ഒന്നുമുതൽ ജൂൺ 30 വരെ മാത്രമുണ്ടായിരുന്ന ഹ്രസ്വകാല പദ്ധതിയായിരുന്നു ഫ്ലഡ് സെസ് ആംനെസ്റ്റി സ്കീം.
പദ്ധതി ഈ വർഷത്തേക്കും നീട്ടുന്നതായാണ് ഇത്തവണ ബജറ്റിൽ ധനമന്ത്രി പറഞ്ഞത്.
വ്യാപാരി സമൂഹത്തിന്റെ ആവശ്യം പരിഗണിച്ചാണിതെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഇടതു-വലതു മുന്നണികൾ പുറത്തിറക്കുന്ന പ്രകടന പത്രികയിലെ വ്യാപാരിസൗഹൃദ നിലപാടിന്റെ അടിസ്ഥാനത്തിലായിരിക്കും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആർക്ക് പിന്തുണ നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിക്കുകയെന്നും രാജു അപ്സര വ്യക്തമാക്കി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

