തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കാത്ത സാഹചര്യം ഒഴിവാക്കാനും ഉപയോക്താക്കളുടെ ആശങ്കകൾ പരിഹരിക്കാനും ലക്ഷ്യമിട്ട് കൊച്ചിയിൽ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇന്നും തിങ്കൾ മുതൽ ബുധൻ വരെ മൂന്ന് ദിവസങ്ങളിൽ ബാങ്കുകൾ അവധിയായിരിക്കുന്നതിനാൽ, ഇടപാടുകൾ തടസ്സമില്ലാതെ നടത്തുന്നതിനായി നാളെ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും.
ഇതു സംബന്ധിച്ച ഔദ്യോഗിക നിർദേശം സംസ്ഥാന തല ബാങ്കേഴ്സ് സമിതി എല്ലാ ബാങ്ക് ശാഖകൾക്കും കൈമാറിയിട്ടുണ്ട്. സമര ദിവസങ്ങളിൽ എടിഎമ്മുകളിൽ തടസ്സമില്ലാതെ പണം ലഭ്യമാക്കണമെന്ന് സംസ്ഥാനത്തെ എല്ലാ ബാങ്കുകൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്.
പണിമുടക്ക് ദിവസങ്ങളിൽ എടിഎം ഉപയോഗിക്കുന്നതിനുള്ള അമിത ചാർജുകൾ ബാങ്കുകൾ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. മറ്റു ബാങ്കുകളുടെ എടിഎമ്മുകൾ ഉപയോഗിച്ചാലും ഈ ദിവസങ്ങളിൽ ഈടാക്കുന്ന അധിക ചാർജ് ഒഴിവാക്കിയിട്ടുണ്ട്.
വരുന്ന 1-ാം തീയതി ബാങ്കുകൾ സാധാരണഗതിയിൽ പ്രവർത്തിക്കുമെങ്കിലും 2-ാം തീയതി പൊതുഅവധിയാണ്. ഫലത്തിൽ വരുന്ന ആഴ്ച രണ്ട് ദിവസം മാത്രമേ ബാങ്കുകൾ പൂർണമായി പ്രവർത്തിക്കൂ.
ബാങ്ക് പണിമുടക്ക് കണക്കിലെടുത്ത് ട്രഷറി ശാഖകൾക്ക് സാധാരണ സൂക്ഷിക്കുന്ന പണത്തിന്റെ ഇരട്ടി തുക കൈവശം വയ്ക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക അനുമതിയും നൽകിയിട്ടുണ്ട്. ഉപയോക്താക്കളുടെ പ്രധാന സംശയങ്ങളും മറുപടികളും:
∙തുടർച്ചയായി മൂന്നു ദിവസങ്ങളിൽ അവധിയായതിനാൽ ഏതെങ്കിലും ഘട്ടത്തിൽ ഓൺലൈൻ സേവനങ്ങളിൽ തടസ്സമുണ്ടാകുമോ?
ഇല്ല.
എല്ലാ ബാങ്കുകളുടെയും ഐടി വിഭാഗം കൃത്യമായി പ്രവർത്തിക്കും. ഓൺലൈൻ സേവനങ്ങളെ സമരം ബാധിക്കില്ല.
∙29നാണ് വായ്പയുടെ ഇഎംഐ കട്ട് ആവേണ്ടതെങ്കിൽ ഇതു തടസ്സപ്പെടുമോ?, അങ്ങനെ തടസ്സപ്പെട്ടാൽ സിബിൽ സ്കോറിനെ ബാധിക്കുമോ?
ഇല്ല. ഇഎംഐ കംപ്യൂട്ടറൈസ്ഡ് ആയതിനാൽ ബാങ്ക് സമരം ഇഎംഐ ഡേറ്റിനെ ബാധിക്കില്ല.
അക്കൗണ്ടിൽ പണമുണ്ടെങ്കിൽ ഈ ദിവസങ്ങളിലെ ഇഎംഐ ഇടപാടുകൾ ഓട്ടമാറ്റിക് ആയി നടക്കും. ∙എടിഎമ്മുകളിൽ ആവശ്യത്തിനു പണമുണ്ടാകുമോ?
എടിഎമ്മുകളിൽ പണം നിറയ്ക്കാനുള്ള സംവിധാനങ്ങൾ ബാങ്കുകൾ ചെയ്തു കഴിഞ്ഞു.
കൂടാതെ ഞായറാഴ്ച പ്രവർത്തിദിനമായതിനാൽ ബാങ്കുകൾക്ക് പണലഭ്യത ഉറപ്പാക്കാനാകും. തിങ്കൾ, ചൊവ്വ, ബുധൻ എന്നീ സമരം നടക്കുന്ന ദിവസങ്ങളിൽ എത്ര തവണ എടിഎമ്മിലൂടെ പണം പിൻവലിച്ചാലും ട്രാൻസാക്ഷൻ ചാർജ് ഈടാക്കില്ലെന്ന് ബാങ്കുകൾ വ്യക്തമാക്കിയിട്ടുണ്ട്.
എടിഎം സേവനം പരിധിയില്ലാതെ ഉപയോഗിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

