ചലനമറ്റവർക്ക് കരുത്തായി ഇന്ത്യയുടെ സ്വന്തം ‘ഓസ്ട്രിച്ച്’ വീൽചെയറുകൾ മാറുന്നു. മലയാളികളുടെ പ്രിയപ്പെട്ട
ചിത്രമായ ‘ബാംഗ്ലൂർ ഡേയ്സി’ലെ ആർജെ സാറയും ബോളിവുഡ് ചിത്രം ‘വസീറി’ൽ അമിതാഭ് ബച്ചനും ഉപയോഗിച്ച ഹൈടെക് വീൽചെയറുകൾ സിനിമകളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ആർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന ഈ അത്യാധുനിക വീൽ ചെയറുകൾ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തതല്ല, പൂർണമായി ഇന്ത്യയിൽ നിർമിച്ചതാണ്.
ഇതിന് പിന്നിൽ പ്രവർത്തിച്ചത് കൊല്ലം ശാസ്താംകോട്ടയിലെ 5 യുവാക്കളാണ്. ബിനു, ശ്രീജിത്ത്, ഹർഷ, ഹരി, വേണു എന്നിവരാണ് ഈ സംരംഭത്തിന് പിന്നിൽ.
എല്ലാവരും ശാസ്താംകോട്ട ഡിബി കോളജിലെ പൂർവ വിദ്യാർഥികളാണ്.
പഠനശേഷം വിവിധ മേഖലകളിൽ കരിയർ കെട്ടിപ്പടുക്കുന്നതിനിടയിലും ഒരുമിച്ച് അർഥവത്തായ എന്തെങ്കിലും ചെയ്യണമെന്ന ലക്ഷ്യമാണ് ഇവരെ ‘ഓസ്ട്രിച്ചിലേക്’ നയിച്ചത്. വേണു, ശ്രീജിത്ത്, ഹർഷ എന്നിവർ ഐബിഎമ്മിലും ബിനു കുവൈത്ത് എയർവേയ്സിലും ജോലി നേടിയപ്പോൾ, പ്രോഡക്ട് ഡിസൈൻ സ്പെഷലിസ്റ്റായ ഹരി ബെംഗളൂരുവിലെ ഇലക്ട്രിക് കാർ കമ്പനിയായ രേവയ്ക്കൊപ്പമാണ് പ്രവർത്തിച്ചത്.
പ്രോഡക്ട് ഡിസൈനിൽ ഹരിയാണ് മുൻകൈ എടുത്തത്. മാരുതി ബലേനോ കാറിന്റെ വൈപ്പർ മോട്ടർ ഉപയോഗിച്ചാണ് അവർ തങ്ങളുടെ ആദ്യത്തെ മോട്ടറൈസ്ഡ് വീൽ ചെയർ പ്രോട്ടോടൈപ്പ് നിർമിച്ചത്.
തുടർന്ന് 2007 ഓഗസ്റ്റിൽ ഔദ്യോഗികമായി കമ്പനി ആരംഭിച്ചു. ഓരോരുത്തരുടെയും ശാരീരിക അവസ്ഥകളും ആവശ്യങ്ങളും വ്യത്യസ്തമാണെന്ന തിരിച്ചറിവാണ് ഇന്ത്യയിലെ ആദ്യത്തെ തനത് ഇലക്ട്രിക് വീൽ ചെയർ നിർമാതാക്കളായി ഓസ്ട്രിച്ചിനെ മാറ്റിയത്.
പേറ്റന്റ് ലഭിച്ച ‘സ്പ്ലിറ്റ് ഫ്രെയിം ഷാസി’ സാങ്കേതികവിദ്യയിലൂടെയാണ് ഓസ്ട്രിച്ച് ഈ രംഗത്ത് ചരിത്രം സൃഷ്ടിച്ചത്. നാല് ചക്രങ്ങളും എപ്പോഴും നിലത്തുറപ്പിച്ചു നിർത്താൻ സഹായിക്കുന്ന ഈ സാങ്കേതികവിദ്യ ഏത് ദുർഘടമായ വഴിയിലും സുരക്ഷ ഉറപ്പാക്കുന്നു.
മറ്റൊരു പ്രധാന കണ്ടുപിടിത്തമായിരുന്നു ഓട്ടമാറ്റിക് വീൽബേസ് അഡ്ജസ്റ്റർ. ജോയ്സ്റ്റിക് ഉപയോഗിച്ച് വീൽ ചെയറിന്റെ നീളം കൂട്ടാനും കുറയ്ക്കാനും കഴിയുന്ന ഈ വിദ്യ, ഇടുങ്ങിയ മുറികളിലും ശുചിമുറികളിലും ഇത് ഉപയോഗിക്കാൻ വലിയ സൗകര്യമൊരുക്കുന്നു.
ഇന്ന് 18,000-ൽ അധികം ആളുകളാണ് ഓസ്ട്രിച്ചിന്റെ വീൽചെയറുകൾ ഉപയോഗിക്കുന്നത്. പ്രതിരോധ സേനയുടെ കന്റീൻ സ്റ്റോർസ് വഴിയും ഓസ്ട്രിച്ച് ഉൽപന്നങ്ങൾ ലഭ്യമാണ്.
നിലവിൽ 180 കോടിയിലധികം രൂപയുടെ വരുമാനം നേടുന്ന പ്രമുഖ പ്രസ്ഥാനമായി ഓസ്ട്രിച്ച് വളർന്നു കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

