നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മികച്ച സാമ്പത്തിക വളർച്ചയും എക്കാലത്തെയും ഉയർന്ന ലാഭവുമായി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്ക്. മുൻവർഷത്തെ അപേക്ഷിച്ച് 21.28 ശതമാനം വളർച്ചയാണ് ബാങ്ക് കൈവരിച്ചിരിക്കുന്നത്.
ഇതിലൂടെ 426.13 കോടി രൂപയുടെ അറ്റലാഭം രേഖപ്പെടുത്താൻ ബാങ്കിന് സാധിച്ചു. പ്രവർത്തന ലാഭം 37 ശതമാനം വർധിച്ച് 732 കോടി രൂപയായും ഉയർന്നു.
അറ്റ പലിശ വരുമാനം (എൻഐഐ) 37.95 ശതമാനം വളർച്ചയോടെ 1,116 കോടി രൂപയിലെത്തിയത് ബാങ്കിന്റെ വലിയ നേട്ടങ്ങളിൽ ഒന്നായി മാറി. കിട്ടാക്കടം അഥവാ നിഷ്ക്രിയ ആസ്തികളിൽ (എൻപിഎ) കാര്യമായ കുറവുണ്ടായത് ബാങ്കിന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തി.
മൊത്തം നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) 1.24 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി (എൻഎൻപിഎ) 0.09 ശതമാനമായും കുറഞ്ഞു. ഇതിനോടൊപ്പം റീട്ടെയിൽ നിക്ഷേപം 1,29,353 കോടി രൂപയായും പ്രവാസി നിക്ഷേപം 38,203 കോടി രൂപയായും ഉയർന്നിട്ടുണ്ട്.
സ്വർണ വായ്പകളിൽ 41.17 ശതമാനത്തിന്റെ മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇത് 26,603 കോടി രൂപയിലെത്തി.
റീട്ടെയ്ൽ, എംഎസ്എംഇ, കാർഷിക, കോർപറേറ്റ് സെക്ടറുകൾക്ക് മുൻഗണന നൽകിയത് മികച്ച പാദഫലം നേടാൻ സഹായിച്ചെന്ന് എംഡിയും സിഇഒയുമായ മഹേഷ് മുരളീധർ പൈ പറഞ്ഞു. ബാങ്കിന്റെ ഈ മികച്ച പ്രവർത്തനഫലം ഓഹരി വിപണിയിലും പ്രതിഫലിച്ചു.
എൻഎസ്ഇയിൽ 3.75% ഉയർന്ന് 51.50 രൂപയിലാണ് ഓഹരിവിലയുള്ളത്. കഴിഞ്ഞ 52-ആഴ്ചയിലെ ഏറ്റവും ഉയരമായ 52.08 രൂപയിലും ഇന്നലെ ഒരുവേള ഓഹരി വിലയെത്തി.
2026ൽ ഇതുവരെ 35% വളർന്ന ഓഹരിയുമാണ് സൗത്ത് ഇന്ത്യൻ ബാങ്ക്. കഴിഞ്ഞ 3 വർഷത്തിനിടെ 110 ശതമാനവും 5 വർഷത്തിനിടെ 430 ശതമാനവുമാണ് ഓഹരിവിലയിലെ വളർച്ച.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

