കൊച്ചി∙ ക്രിക്കറ്ററായി കളത്തിലിറങ്ങി. കളി പോരെന്നു കണ്ടു കരിയറും വേഗം മതിയാക്കി.
ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ‘മൂല്യമേറിയ’ ട്വന്റി20 ടീമിന്റെ ഉടമയായി ക്രിക്കറ്റിന്റെ ക്രീസിലേക്കു തിരിച്ചെത്തുന്നു. സിനിമയെ വെല്ലുന്ന കഥയിലെ നായകൻ ബിർള ഗ്രൂപ്പിലെ ഇളമുറക്കാരൻ ആര്യമാൻ ബിർളയാണ്.
ഇന്ത്യൻ വ്യവസായ ലോകത്ത് പരമ്പരാഗത പാതകളിൽ യാത്ര ചെയ്ത ചരിത്രമാണ് ടാറ്റയ്ക്കും ബിർളയ്ക്കും എന്നുമുള്ളത്.
എന്നാലിതാ അതെല്ലാം വഴിമാറുകയാണ് കായികരംഗത്തെ വലിയ നിക്ഷേപത്തിലൂടെ ബിർള ഗ്രൂപ്പ്. ടാറ്റ ഐപിഎലിന്റെ ടൈറ്റിൽ സ്പോൺസറെന്ന നിലയിലും ബിർളയും ഗോയങ്കയും (ലക്നൗ സൂപ്പർ ജയന്റ്സ് ഉടമ) ടീം ഉടമകളെന്ന നിലയിലും ക്രിക്കറ്റ് എന്ന മെഗാബിസിനസിന്റെ ഭാഗമാകുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ഐപിഎലിലെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഉടമസ്ഥാവകാശം ആദിത്യ ബിർള ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ഏറ്റെടുത്തതോടെ ടീമിന്റെ ചെയർമാനായ ആര്യമാൻ ബിർള ഇതേ ലീഗിൽ ഭാഗ്യം പരീക്ഷിച്ച ക്രിക്കറ്ററാണ്.
എട്ടു വർഷം മുൻപു രാജസ്ഥാൻ റോയൽസ് ടീമംഗമായ ആര്യമാൻ രണ്ടു സീസണുകളിലാണ് ടീമിനൊപ്പം ഉണ്ടായിരുന്നത്.
നിക്ഷേപരംഗത്തെ ഭീമൻമാരായ ബ്ലാക്ക്സ്റ്റോൺ ഫണ്ടും ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പും ബിർളക്കൊപ്പമുണ്ട്. 16,706 കോടിയാണ് ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് വാങ്ങാൻ ഗ്രൂപ്പ് ചെലവഴിച്ചത്.
ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർളയുടെ മകനാണ് ആര്യമാൻ വിക്രം ബിർള. ഇംഗ്ലണ്ടിലുൾപ്പെടെ പരിശീലനം തേടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഐപിഎലിലും ഇടംപിടിച്ച ആര്യമാൻ ഹാർവഡ് ബിസിനസ് സ്കൂളിൽ നിന്ന് എംബിഎയും ബേയ്സ് ബിസിനസ് സ്കൂളിൽ നിന്നു ഗ്ലോബൽ ഫിനാൻസിൽ പിജിയും നേടി 2023ലാണു ബിസിനസിലേക്കു കടന്നുവന്നത്.
ബിർള ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്ന ആദിത്യ ബിർള മാനേജ്മെന്റ് കോർപറേഷൻ ഡയറക്ടറാണ് ഇപ്പോൾ.
ആദിത്യ ബിർള ന്യൂ ഏജ് ഹോസ്പിറ്റാലിറ്റിയുടെയും സ്റ്റാർട്ടപ്പുകൾക്കായുള്ള വെഞ്ച്വർ ക്യാപ്പിറ്റൽ സംരംഭമായ ആദിത്യ ബിർള വെഞ്ച്വേഴ്സിന്റെയും സ്ഥാപകനായ ഇരുപത്തിയെട്ടുകാരൻ ആർസിബിയിലൂടെ ബിർള ഗ്രൂപ്പിന്റെ ആദ്യ സ്പോർട്സ് സംരംഭത്തിനാണു തുടക്കമിട്ടിരിക്കുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

