റഷ്യൻ എണ്ണ വാങ്ങാൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന് താൽക്കാലിക ഇളവ് അനുവദിച്ച് ട്രംപ് ഭരണകൂടം. ഒരു മാസത്തേക്കാണിത്.
നേരത്തേ യൂറോപ്യൻ യൂണിയനു പിന്നാലെ ട്രംപും റഷ്യയുടെ രണ്ടു വമ്പൻ എണ്ണക്കമ്പനികൾക്കുമേൽ ഉപരോധം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ, റഷ്യൻ കമ്പനികളുമായി പുതിയ കരാറിൽ ഏർപ്പെടുന്നതിൽ നിന്ന് റിലയൻസ് ഉൾപ്പെടെ ഒട്ടുമിക്ക ഇന്ത്യൻ കമ്പനികളും വിട്ടുനിന്നിരുന്നു.
റഷ്യയിലെ ഏറ്റവും വലിയ എണ്ണകയറ്റുമതി കമ്പനികളായ ലൂക്കോയിൽ, റോസ്നെഫ്റ്റ് എന്നിവയ്ക്കുമേലായിരുന്നു ട്രംപ് ഒക്ടോബറിൽ ഉപരോധം പ്രഖ്യാപിച്ചത്.
ഇതിൽ റോസ്നെഫ്റ്റിൽ നിന്ന് എണ്ണ വാങ്ങാനാണ് റിലയൻസ് ഇൻഡസ്ട്രീസിന് ഒരുമാസത്തെ കൺസഷൻ അനുവദിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിലയൻസിന് റോസ്നെഫ്റ്റുമായി പ്രതിദിനം 5 ലക്ഷം ബാരൽ വീതം എണ്ണ വാങ്ങുന്നതിനുള്ള കരാറുണ്ടായിരുന്നു.
യുഎസ് ഉപരോധം വന്നതോടെ ഈ കരാറും തുലാസിലായിരുന്നു. റഷ്യൻ എണ്ണ വാങ്ങി സംസ്കരിച്ചുണ്ടാകുന്ന പെട്രോളിയം ഉൽപന്നങ്ങൾ വാങ്ങില്ലെന്ന് യൂറോപ്യൻ യൂണിയനും വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലേക്ക് ഏറ്റവുമധികം റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തിരുന്നത് റിലയൻസാണ്.
ഇന്ത്യയാകട്ടെ, റഷ്യൻ എണ്ണയുടെ രണ്ടാമത്തെ വലിയ ഉപഭോക്താവും. ചൈനയാണ് ഒന്നാമത്.
ഗുജറാത്തിലെ ജാംനഗറിൽ പ്രതിദിനം 14 ലക്ഷം ബാരൽ വീതം ക്രൂഡ് ഓയിൽ സംസ്കരിക്കാൻശേഷിയുള്ള റിഫൈനറി റിലയൻസിനുണ്ട്. ലോകത്തെ ഏറ്റവും വലിയ റിഫൈനറിയാണിത്.
ഇവിടേക്കുള്ള ആവശ്യത്തിനായിരുന്നു റോസ്നെഫ്റ്റുമായുള്ള കരാർ.
നവംബർ 21നാണ് ട്രംപിന്റെ ഉപരോധം പ്രാബല്യത്തിൽ വന്നത്. അതിനുശേഷവും റോസ്നെഫ്റ്റിൽ നിന്ന് 15 എണ്ണക്കപ്പലുകൾ റിലയൻസിലേക്ക് എത്തിയിരുന്നെന്ന് റിപ്പോർട്ടുകളുണ്ട്.
ഇതാകട്ടെ, ഉപരോധം പ്രാബല്യത്തിൽ വരുംമുൻപുള്ള കരാർ പ്രകാരമുള്ള ഇറക്കുമതിയാണ്. റിലയൻസിന് ഇളവ് അനുവദിച്ചതിനെക്കുറിച്ച് ഔദ്യോഗികമായി യുഎസും റിലയൻസും പ്രതികരിച്ചിട്ടില്ല.
ഇളവുപ്രകാരമുള്ള ഓർഡറുകൾ ജനുവരിയോടെ റിലയൻസ് നേടിയേക്കാം.
റഷ്യയിൽ നിന്ന് യുക്രെയ്ൻ യുദ്ധാനന്തരം കടൽ മാർഗം ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യം ഇന്ത്യയാണ്. നവംബറിൽ പ്രതിദിനം 1.77 മില്യൻ ബാരൽ റഷ്യൻ എണ്ണയാണ് ഇന്ത്യ വാങ്ങിയത്.
ഡിസംബറിൽ ഇത് 1.2 മില്യനിലേക്ക് കുറഞ്ഞുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

