പെട്രോൾ, ഡീസൽ വില അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിൽ പാക്കിസ്ഥാനിൽ കനത്ത ആശങ്ക പടരുന്നു. നവംബർ വരെയുള്ള ഉപഭോഗത്തിനായി ആവശ്യത്തിന് പെട്രോൾ രാജ്യത്തുണ്ടെന്ന് ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് പാർലമെന്റിൽ പ്രസ്താവിച്ചതാണ് ജനങ്ങളിൽ പരിഭ്രാന്തിക്കിടയാക്കിയത്.
മന്ത്രിയുടെ ഈ വെളിപ്പെടുത്തലിന് പിന്നാലെ രാജ്യത്തുടനീളമുള്ള പെട്രോൾ പമ്പുകളിൽ ഇന്ധനം നിറയ്ക്കാൻ വാഹനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പരിഭ്രാന്തിപ്പെടേണ്ട
സാഹചര്യമില്ലെന്ന് സർക്കാരും പമ്പുടമകളും ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ടെങ്കിലും ജനം ഇന്ധനക്ഷാമം ഭയന്ന് നെട്ടോട്ടത്തിലാണ്. പാർലമെന്റിൽ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ സെനറ്റർ ഷെറി റഹ്മാൻ രൂക്ഷമായ ചോദ്യങ്ങളുമായി രംഗത്തെത്തി.
“അപ്പോൾ ഡിസംബറിൽ പെട്രോൾ കിട്ടില്ലേയെന്ന്” അവർ ചോദിച്ചു. “അതോ റേഷൻ ആക്കാനാണോ പ്ലാൻ” എന്നും ഷെറി റഹ്മാൻ സർക്കാരിനോട് ആരാഞ്ഞു.
പെട്രോൾ, ഡീസൽ, എൽപിജി വിതരണത്തിൽ തടസ്സമുണ്ടായാൽ അതു ഗുരുതര പ്രശ്നമാകുമെന്നും, 70 ശതമാനം എൽപിജിക്കും പാക്കിസ്ഥാൻ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നതെന്ന് ഓർക്കണമെന്നും അവർ മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറഞ്ഞതും ഇറാനിൽ നിന്ന് എണ്ണ ലഭ്യമാകാത്തതുമാണ് പാക്കിസ്ഥാനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടർന്ന് ഇറക്കുമതി കൂപ്പുകുത്തി. ഇതിനുപുറമെ ഇറാനിൽ ഉൽപാദനം കുറഞ്ഞതും രാജ്യത്തിന് തിരിച്ചടിയായി.
നവംബറിൽ പാക്കിസ്ഥാനിലെ പെട്രോൾ ഡിമാൻഡ് 6.30 ലക്ഷം ടണ്ണായിരിക്കുമെന്നാണ് സർക്കാരിന്റെ ഔദ്യോഗിക വിലയിരുത്തൽ. രാജ്യത്ത് 30 ശതമാനം ഇന്ധനം മാത്രമാണ് ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നത്.
ബാക്കി വരുന്ന മുഴുവൻ ആവശ്യങ്ങൾക്കും ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നു. ഇതിനിടയിൽ രാജ്യാന്തര ക്രൂഡോയിൽ വിലയ്ക്ക് അനുസൃതമായി പാക്കിസ്ഥാൻ സർക്കാർ ദിനംപ്രതി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ജൂണിൽ 299 രൂപയായിരുന്ന പെട്രോൾ വില നിലവിൽ 377 രൂപയായാണ് ഉയർന്നിരിക്കുന്നത്. അതുപോലെ 311 രൂപയായിരുന്ന ഡീസൽ വില ഇപ്പോൾ 393 രൂപയിലുമെത്തി നിൽക്കുന്നു.
സൗദി അറേബ്യയ്ക്കുനേരെ ഹൂതികൾ നടത്തുന്ന നിരന്തര ആക്രമണങ്ങളാണ് പാക്കിസ്ഥാനിലെ ഇപ്പോഴത്തെ ഇന്ധന പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് വിശദീകരിച്ചു. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇതുവരെ പാക്കിസ്ഥാൻ കാര്യമായ ഇന്ധന പ്രതിസന്ധിയോ വിലക്കയറ്റമോ ഇല്ലാതെ പിടിച്ചുനിന്നിരുന്നുവെങ്കിലും, നിലവിൽ സാഹചര്യം അതീവ ഗുരുതരമായി വഷളായിരിക്കുകയാണെന്ന് മന്ത്രി സമ്മതിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

