പോളണ്ടിൽ മലയാളി സംരംഭകരുടെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത നൂതന ഹൈഡ്രേഷൻ ബവ്റിജ് ബ്രാൻഡായ ‘അടിപൊളി’ ഇന്ത്യൻ വിപണിയിലേക്കെത്തുന്നു. പാലക്കാട് സ്വദേശികളായ ചന്ദ്രമോഹൻ നല്ലൂരും സർഗീവ് സുകുമാരനും ചേർന്ന് പോളണ്ടിൽ ആരംഭിച്ച ഹെക്സഗൺ സ്പിരിറ്റ്സ് ഇന്റർനാഷനൽ എന്ന സ്റ്റാർട്ടപ്പിന്റെ കീഴിലുള്ള ഈ പാനീയം 2027 ജനുവരി മുതൽ രാജ്യത്ത് ലഭ്യമായിത്തുടങ്ങും.
ഇന്ത്യ സന്ദർശിക്കുന്ന പോളിഷ് പ്രധാനമന്ത്രി ഡോണൾഡ് ടസ്കിനൊപ്പമെത്തിയ ഉന്നതതല ബിസിനസ് സംഘത്തിന്റെ ഭാഗമായാണ് ചന്ദ്രമോഹൻ ഇപ്പോൾ രാജ്യത്തുള്ളത്. നൂറംഗ സംഘത്തിലെ ഏക മലയാളി സാന്നിധ്യവുമാണ് അദ്ദേഹം.
പോളണ്ടിൽ രൂപംനൽകിയ ഈ പാനീയം ചെന്നൈ ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ പിന്തുണയോടെയാണ് ഇന്ത്യൻ വിപണിയിലേക്ക് വ്യാപിപ്പിക്കുന്നത്. ഇതുസംബന്ധിച്ച ഇരു കമ്പനികളുടെയും ധാരണാപത്രം ബെംഗളൂരുവിൽ നടക്കുന്ന ഇന്ത്യ–പോളണ്ട് ബിസിനസ് ഫോറത്തിൽ വെച്ച് ഔദ്യോഗികമായി ഒപ്പുവെക്കും.
ഹെക്സഗൺ സ്പിരിറ്റ്സിന്റെ മുൻനിര ഉൽപ്പന്നമായ ‘മലയാളി’ ബീയർ കഴിഞ്ഞ വർഷം കേരളത്തിലെ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കഫീൻ രഹിതവും വൈറ്റമിനുകളും മഗ്നീഷ്യവും സമൃദ്ധമായി അടങ്ങിയതുമായ ‘അടിപൊളി’ ഹൈഡ്രേഷൻ പാനീയം ഇപ്പോൾ വിപണിയിലെത്തിക്കുന്നത്.
ബ്രാൻഡിന്റെ നാമകരണത്തെക്കുറിച്ച് ചന്ദ്രമോഹൻ വ്യക്തമാക്കുന്നത് ഇങ്ങനെ: ‘മലയാളികൾ അല്ലാത്തവർക്കു ഏറ്റവുമധികം പരിചയമുള്ള 5 മലയാളം വാക്കുകളിൽ അടിപൊളിയുണ്ട്. രാജ്യാന്തര തലത്തിൽ എത്തിക്കുന്ന പാനീയത്തിനു ഇതല്ലാതെ മറ്റൊരു വാക്കും യോജ്യമായി തോന്നുന്നില്ല’.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

