UPDATE AT 7.45AM
ഇന്ത്യയുമായി ഒപ്പുവയ്ക്കാൻ പോകുന്നത് ചരിത്രപരമായ വ്യാപാരക്കരാർ എന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫോൻ ഡെർ ലേയെൻ. സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കവേയാണ് ഉർസുല ഇക്കാര്യം പറഞ്ഞത്.
‘‘ചരിത്രപരമായ ഒരു വ്യാപാരക്കരാറിന്റെ പടിവാതിലിലാണ് ഞങ്ങൾ.
താരിഫിന് പകരം ന്യായമായ വ്യാപാരം, ഏകപക്ഷീയ തീരുമാനങ്ങൾക്ക് പകരം പങ്കാളിത്തം, ചൂഷണത്തിന് പകരം പരസ്പര സഹകരണവും സുസ്ഥിരതയും. ഇതാണ് ഇന്ത്യ-ഇയു ഡീൽ’’, എന്ന് യുഎസ് പ്രസിഡന്റ് ട്രംപിനെ പരോക്ഷമായി ട്രോളി ഉർസുല പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി നിലവിൽ യുഎസ് ആണ്.
അതേ യുഎസിൽ നിന്ന് 50% ‘ഇടിത്തീരുവ’ കിട്ടിയത് ഇന്ത്യയ്ക്ക് കനത്ത ആഘാതമായിരുന്നു. യുഎസിലേക്കുള്ള കയറ്റുമതിയിൽ ശ്രദ്ധയൂന്നിയിരുന്ന നിരവധി മേഖലകൾ സാമ്പത്തികമായി വൻ തിരിച്ചടി നേരിട്ടു.
ഈ പശ്ചാത്തലത്തിൽ യൂറോപ്യൻ യൂണിയനുമായി വമ്പൻ ഡീൽ ഉറപ്പിക്കുന്നത് ഇന്ത്യയ്ക്ക് വലിയ ആശ്വാസം തന്നെയാകും. പുതിയ വിപണികളിലേക്ക് തീരുവഭാരമില്ലാതെ കടന്നുചെല്ലാനാകുമെന്നതാണ് നേട്ടം.
യുകെ, ഒമാൻ, ന്യൂസിലൻഡ് എന്നിവയുമായുള്ള കരാറിന് പിന്നാലെയാണ് യൂറോപ്യൻ യൂണിയനുമായും ഇന്ത്യ ധാരണയിലെത്തുന്നത്.
യുഎഇയുമായി ഇപ്പോഴേ ഇന്ത്യയ്ക്ക് കരാറുണ്ട്. ഇതുപ്രകാരമുള്ള ഉഭയകക്ഷി വ്യാപാരം 2032ഓടെ 200 ബില്യനിലേക്ക് ഉയർത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുമുണ്ട്.
ഉർസുല ഉൾപ്പെടെ യൂറോപ്യൻ യൂണിയൻ നേതാക്കൾ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥികളായി ഉടൻ ഇന്ത്യയിലെത്തും. കരാറും ഒപ്പുവയ്ക്കും.
‘മദർ ഓഫ് ഓൾ ഡീൽസ്’ എന്നാണ് ഇന്ത്യ-ഇയു കരാറിനെ ഉർസുല നേരത്തേ വിശേഷിപ്പിച്ചത്.
∙മോദിയുമായും തെറ്റി
അമേരിക്കയുടെ സഖ്യകക്ഷിയാണോ പരമ്പരാഗതമായി സുഹൃദ് രാഷ്ട്രമാണോ എന്നുപോലും പരിഗണിക്കാതെ ട്രംപ് മറ്റ് രാജ്യങ്ങൾക്കുമേൽ കനത്ത ഇറക്കുമതി തീരുവ അടിച്ചേൽപ്പിച്ചത് വ്യാപകമായ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. അടുത്ത സുഹൃത്തായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും മോശമായി.
യൂറോപ്യൻ യൂണിയൻ, യുകെ ഉൾപ്പെടെയുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുമായി തീരുവയ്ക്ക് പുറമേ റഷ്യ-യുക്രെയ്ൻ സമാധാന ഡീൽ, ഇപ്പോൾ ഗ്രീൻലൻഡ് തുടങ്ങിയ വിഷയങ്ങളിലും ട്രംപ് തെറ്റി.
∙ ഇനിയാരും വിശ്വസിക്കാൻ പോകുന്നില്ല
സ്വാർഥമായ ആവശ്യങ്ങൾ നിരത്തി സഖ്യകക്ഷികളെയും സുഹൃദ് രാഷ്ട്രങ്ങളെയും എതിർചേരിയിലാക്കിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ‘ഇനിയാരും വിശ്വസിക്കാൻ പോകുന്നില്ല’ എന്ന വാദങ്ങളും ഇതിനിടെ സാമ്പത്തിക നിരീക്ഷകർ ഉയർത്തുന്നുണ്ട്. ഗ്രീൻലൻഡിനെ യുഎസിന് വേണമെന്ന ആവശ്യത്തെ എതിർക്കുന്ന രാജ്യങ്ങൾക്ക്, പ്രത്യേകിച്ച് യൂറോപ്യൻ യൂണിയനുമേൽ അധിക തീരുവ ചുമത്തുമെന്ന ട്രംപ് പറഞ്ഞിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റിയിരുന്നു.
ഇതോടെയാണ് ട്രംപിനെ വിമർശിച്ച് സാമ്പത്തിക വിദഗ്ധർ രംഗത്തെത്തിയത്.
∙ ഗ്രീൻലൻഡ് ഡീൽ ആയെന്ന് ട്രംപ്
ഗ്രീൻലൻഡിനെ അമേരിക്കയ്ക്ക് കൈമാറുന്നത് സംബന്ധിച്ച് ഡീൽ ആയെന്ന് ഇതിനിടെ ട്രംപ് അവകാശപ്പെട്ടു. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു ട്രംപിന്റെ വാദം.
യൂറോപ്യൻ യൂണിയനുമായി ചേർന്നുള്ള ‘ഗോൾഡൻ ഡോം’ മിസൈൽ പ്രതിരോധ സംവിധാനം തയാറാക്കൽ, ഗ്രീൻലൻഡിലെ ധാതുസമ്പത്ത് അമേരിക്കയ്ക്ക് ലഭ്യമാക്കൽ എന്നീ വിഷയങ്ങളും ഡീലിന്റെ ഭാഗമാണെന്ന് ട്രംപ് പറഞ്ഞു. തുടർന്നാണ് യൂറോപ്പിനുമേൽ പ്രഖ്യാപിച്ച അധിക തീരുവ പിൻവലിക്കുന്നതായും ട്രംപ് പറഞ്ഞത്.
∙ എനിക്കറിയില്ല!
എന്നാൽ, ട്രംപുമായുള്ള ചർച്ചയിൽ ഗ്രീൻലൻഡിന്റെ ഉടമസ്ഥാവകാശം ചർച്ചയായില്ലെന്ന് മാർക്ക് റൂട്ട് പിന്നീട് പറഞ്ഞു.
ആർട്ടിക് മേഖലയിലെ സുരക്ഷാപ്രശ്നവും മേഖലയിൽ വർധിക്കുന്ന ചൈനീസ്, റഷ്യൻ സൈനിക സാന്നിധ്യവുമാണ് വിഷയമായതെന്നും റൂട്ട് പറഞ്ഞു. ‘ഗോൾഡൻ ഡോമിനെ’ കുറിച്ച് ചർച്ചയാകാമെന്നും എന്നാൽ, ഗ്രീൻലൻഡിന്റെ പരമാധികാരം അടിയറവുവയ്ക്കാനില്ലെന്നും ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ പറഞ്ഞു.
യൂറോപ്യൻ രാജ്യമായ ഡെന്മാർക്കിന്റെ നിയന്ത്രണത്തിലാണ് ആർട്ടിക് ദ്വീപായ ഗ്രീൻലൻഡ്.
സ്വയംഭരണാവകാശമുണ്ടെങ്കിലും ഗ്രീൻലൻഡിന്റെ പ്രതിരോധ, വിദേശകാര്യ നയങ്ങൾ ഡെന്മാർക്കിന്റെ അധീനതയിലാണ്. ട്രംപും മാർക്ക് റൂട്ടും തമ്മിലെ ചർച്ചയെക്കുറിച്ച് അറിയില്ലെന്നും ഗ്രീൻലൻഡിന്റെ പരമാധികാരം സംരക്ഷിക്കുമെന്നും ഗ്രീൻലൻഡ് പ്രധാനമന്ത്രി ജെൻസ് ഫ്രെഡെറിക്-നീൽസെനും പറഞ്ഞു.
∙ ഉടക്കി സെലെൻസ്കി
റഷ്യയുമായി യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾക്ക് തടസ്സം യൂറോപ്യൻ യൂണിയൻ നേതാക്കളാണെന്ന വിമർശനവുമായി ഇതിനിടെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും രംഗത്തുവന്നു.
യൂറോപ്യൻ നേതാക്കളെ കണ്ടുകിട്ടാനില്ലെന്നും ഇനി പ്രതീക്ഷ ട്രംപിലാണെന്നും സെലെൻസ്കി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള ഡീൽ ഉറപ്പാക്കാനായി വൈകാതെ യുഎസ്, യുക്രെയ്ൻ, റഷ്യൻ പ്രതിനിധികൾ തമ്മിൽ യുഎഇയിൽ ചർച്ച നടക്കുമെന്നും സെലെൻസ്കി പറഞ്ഞു.
യൂറോപ്യൻ നേതാക്കൾക്ക് സ്വന്തം പ്രദേശത്തെ എങ്ങനെ സംരക്ഷിക്കണമെന്ന് പോലുമറിയില്ലെന്ന് സെലെൻസ്കി വിമർശിച്ചു.
ട്രംപിനെ പേടിപ്പിക്കാൻ 30-40 സൈനികരെയാണ് നാറ്റോ ഗ്രീൻലൻഡിലേക്ക് വിട്ടിരിക്കുന്നത്. എന്താണ് അതിനർഥം? ഇതെന്ത് സന്ദേശമാണ് നൽകുന്നത്? ‘‘യുക്രെയ്നെ യുദ്ധക്കെടുതിയിൽ നിന്ന് രക്ഷിക്കാനായി ഒന്നും ചെയ്യാൻ യൂറോപ്പിനായില്ല.
ഞങ്ങളിപ്പോഴും പഴയ സ്ഥിതിയിൽതന്നെ. ഇറാനിലും രക്തപ്പുഴയൊഴുകി.
ആർക്കും ഒന്നും ചെയ്യാനായില്ല’’ – സെലെൻസ്കി വിമർശിച്ചു.
ഓഹരിക്ക് കുതിക്കണം, ചാഞ്ചാടുമോ എന്ന് ആശങ്ക
ട്രംപ് പുതിയ തീരുവയുദ്ധത്തിൽ നിനന് അതിവേഗം യു-ടേൺ അടിച്ചതോടെ ആഗോളതലത്തിൽ ഓഹരികൾ പച്ചപ്പിലേക്ക് കയറിയിട്ടുണ്ട്. യൂറോപ്യൻ ഓഹരികളെല്ലാം പൊതുവേ നേട്ടത്തിലേക്ക് ഉയർന്നു.
യുഎസ്, ഏഷ്യൻ വിപണികളും നേട്ടത്തിലാണെന്നത് ഇന്ത്യൻ വിപണിക്കും നൽകുന്നത് വലിയ പ്രതീക്ഷ.
∙ ഇന്ത്യ-ഇയു ഡീൽ വരുന്നത് സെൻസെക്സിനും നിഫ്റ്റിക്കും വലിയ ഉത്തേജകമാകും. ∙ ഗിഫ്റ്റ് നിഫ്റ്റി രാവിലെ പോസിറ്റീവ് ടെറിട്ടറിയിൽ ആയിരുന്നെങ്കിലും പിന്നീട് 20 പോയിന്റ് താഴ്ന്നു.
∙ ഇന്നലെ സെൻസെക്സ് 397 പോയിന്റ് (+0.49%) നേട്ടത്തോടെ 82,307ലും നിഫ്റ്റി 132 പോയിന്റ് (+0.53%) നേട്ടവുമായി 25,289ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
ഇന്ന് ചാഞ്ചാട്ടം പ്രതീക്ഷിക്കാം.
ജപ്പാനിൽ ഡിസംബറിൽ പണപ്പെരുപ്പം 2.1 ശതമാനമായി കുറഞ്ഞുവെന്ന റിപ്പോർട്ട് പുറത്തുവന്നു. 2022 മാർച്ചിനുശേഷമുള്ള ഏറ്റവും താഴ്ചയാണിത്.
ജാപ്പനീസ് കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ജപ്പാൻ അടിസ്ഥാന പലിശനിരക്ക് 0.75 ശതമാനത്തിൽ തന്നെ നിലനിർത്തിയേക്കും. ഈ വിലയിരുത്തലും ഏഷ്യൻ ഓഹരി വിപണികൾക്ക് ആശ്വാസമാണ്.
ജപ്പാനെ കഴിഞ്ഞവർഷം ഏറ്റവുമധികം വലച്ച അരിവില നിലവാരം ഡിസംബറിൽ 34.4 ശതമാനത്തിലേക്ക് താഴ്ന്നു.
തുടർച്ചയായി 7-ാം മാസമാണ് അരിവില കുറയുന്നത്. കഴിഞ്ഞ മേയിൽ വില 50 വർഷത്തിനിടയിലെ ഏറ്റവും ഉയരത്തിൽ എത്തിയിരുന്നു.
കേരളത്തിൽ ഇന്നും സ്വർണവില ‘കത്തും’
∙ സ്വർണവില ട്രംപ് തൊടുത്തുവിട്ട
നയതന്ത്ര തർക്കങ്ങൾ, യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകൾ എന്നിവയുടെ പശ്ചാത്തലത്തിൽ രാജ്യാന്തര വിപണിയിൽ കത്തിക്കയറുകയാണ്.
∙ ഔൺസിന് വില ഇന്നുരാവിലെ 120 ഡോളറിലധികം കുതിച്ച് 4,963 ഡോളർ വരെയെത്തി. 5,000 ഡോളർ എന്ന മാജിക്സംഖ്യ ഏറക്കുറെ അടുത്തെത്തിക്കഴിഞ്ഞു.
∙ കേരളത്തിൽ ഇന്ന് സ്വർണവിലയിൽ കനത്ത വർധന ഉറപ്പായി.
ശ്രദ്ധയിൽ ഇവർ
കോർപറേറ്റ് കമ്പനികളുടെ ഡിസംബർപാദ പ്രവർത്തനഫലവും ഓഹരി വിപണിയുടെ പ്രകടനത്തെ സ്വാധീനിക്കും. ഇന്ന് ശ്രീറാം ഫിനാൻസ്, ബിപിസിഎൽ,
, സിപ്ല, ഇൻഡസ്ഇൻഡ് ബാങ്ക്, ഗോദ്റെജ് കണ്സ്യൂമർ, ഇന്ത്യ സിമന്റ്സ്, ജെഎസ്ഡബ്ല്യു എനർജി, എംസിഎക്സ് തുടങ്ങിയവ പ്രവർത്തനഫലം പുറത്തുവിടും.
∙ ഇൻഡിഗോ ഇന്നലെ പ്രവർത്തനഫലം പുറത്തുവിട്ടു; ലാഭം 77.6% ഇടിഞ്ഞു.
∙ ബന്ധൻ ബാങ്കിന്റെ ലാഭം 51.8% കുറഞ്ഞു.
അറ്റ പലിശവരുമാനം (എൻഐഐ), പ്രവർത്തനലാഭം എന്നിവ കുറഞ്ഞതും തിരിച്ചടിയാണ്. എന്നാൽ, നിഷ്ക്രിയ ആസ്തി അനുപാതം (എൻപിഎ) മെച്ചപ്പെട്ടു.
∙ അദാനി ടോട്ടൽ ഗ്യാസിന്റെ ലാഭം 11.4% ഉയർന്നു. വരുമാന വളർച്ച 17%.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

