തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ ഇമിഗ്രേഷൻ ചെക്പോസ്റ്റിന് (ഐസിപി) കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരം. ഇതോടെ കടൽ വഴിയുള്ള രാജ്യാന്തര യാത്രക്കാരുടെ സമുദ്രാതിർത്തികളിലൊന്നായി വിഴിഞ്ഞം മാറി.
തുറമുഖ പരിധിവിട്ടു പുറത്തിറങ്ങാനുള്ള തടസ്സം നീങ്ങിയതോടെ ക്രൂ ചേഞ്ചിങ് സാധ്യമാകും.
ഇതു തിരുവനന്തപുരത്തിന്റെ ‘ഹോസ്പിറ്റാലിറ്റി’ രംഗത്തുണ്ടാക്കുന്ന ഉണർവ് ടൂറിസത്തിനും ഗുണം ചെയ്യും. തുറമുഖം വാണിജ്യപ്രവർത്തനം തുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയാകാൻ രണ്ടാഴ്ച ശേഷിക്കെയാണ് ഐസിപി അംഗീകാരം.
ഗുജറാത്തിലെ 2 തുറമുഖങ്ങൾക്കൊപ്പമാണു വിഴിഞ്ഞത്തിനും കേന്ദ്രാനുമതി നൽകിയത്. രാജ്യാന്തര സമുദ്രയാത്രികർക്ക് ഇന്ത്യയിൽ പ്രവേശിക്കാൻ കഴിയുന്ന തുറമുഖങ്ങളുടെ എണ്ണം ഇപ്പോൾ 37 ആയി.
ഐസിപിക്കുള്ള 2000 ചതുരശ്രയടി കെട്ടിടവും അനുബന്ധ സൗകര്യങ്ങളും വളരെ നേരത്തേതന്നെ വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ്(വിസിൽ) പൂർത്തിയാക്കിയിരുന്നെങ്കിലും കേന്ദ്രാനുമതി വൈകിയിരുന്നു. ദേഹപരിശോധന നടത്തുന്നതിനു പ്രത്യേക മുറികൾ ഉൾപ്പെടെയുള്ള ഏതാനും മാറ്റങ്ങൾകൂടി സെപ്റ്റംബറിൽ നിർദേശിച്ചു.
ഈ സജ്ജീകരണങ്ങൾ കൂടി ഒരുക്കിയതോടെയാണു കേന്ദ്രാനുമതി.
നിലവിൽ വിഴിഞ്ഞത്തെത്തുന്ന കപ്പലുകളിലെ ജീവനക്കാരെ ആശുപത്രി ആവശ്യങ്ങൾക്കും മറ്റുമായി അടിയന്തര സാഹചര്യങ്ങളിൽ മാത്രമാണു തുറമുഖ പരിധി വിടാൻ അനുവദിച്ചിരുന്നത്. ഇനി അംഗീകൃത യാത്രക്കാരിൽ ആർക്കു വേണമെങ്കിലും ആവശ്യമായ പരിശോധനകൾക്കു ശേഷം പുറത്തിറങ്ങാം.
തുറമുഖവികസനത്തിന്റെ അടുത്തഘട്ടം പൂർത്തിയാകുമ്പോൾ ബെർത്ത് സൗകര്യം വിപുലീകരിക്കും.
ഇതിനുശേഷം യാത്രക്കപ്പലുകൾക്കും അടുക്കാനാകും. ആഘട്ടത്തിൽ ഒരേസമയം 2000 പേർ വരെ വിനോദസഞ്ചാരത്തിനായി കരയ്ക്കിറങ്ങും.
തുറമുഖത്തെത്തുന്ന കണ്ടെയ്നറുകൾ പുറത്തേക്കു നീക്കുന്നതിനു ‘കാർഗോ മൂവ്മെന്റ്’ അനുമതി നേരത്തേ തന്നെയുണ്ട്.
എന്നാൽ ലോജിസ്റ്റിക്, കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷൻ, ട്രക്ക് ടെർമിനൽ, വെയർഹൗസ് സൗകര്യങ്ങളൊന്നും പൂർത്തീകരിച്ചിട്ടില്ലെന്നതാണു തടസ്സം. റോഡ് നിർമാണം ഏതാണ്ടു പൂർത്തീകരിച്ചിട്ടുണ്ട്.
വാർഷികം ജനുവരിയിൽ
തുറമുഖം വാണിജ്യ പ്രവർത്തനം ആരംഭിച്ചതിന്റെ ഒന്നാം വാർഷികം ഡിസംബർ 3നാണെങ്കിലും തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടമുള്ളതിനാൽ വാർഷികാഘോഷം ഇപ്പോഴില്ല.
ജനുവരിയിൽ രണ്ടാംഘട്ടത്തിന്റെ നിർമാണോദ്ഘാടനവും വാർഷികാഘോഷവും ഒരുമിച്ചു നടത്താനാണു സർക്കാർ ആലോചന.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

