റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് തിരശീലയിടാനുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ നീക്കങ്ങൾ പാളുന്നു. അലാസ്കയിൽ കഴിഞ്ഞയാഴ്ച റഷ്യൻ പ്രസിഡന്റ് പുട്ടിനുമായും തുടർന്ന് യുക്രെയ്ൻ നേതാവ് സെലെൻസ്കി ഉൾപ്പെടെയുള്ള യൂറോപ്യൻ നേതാക്കളുമായും ട്രംപ് പ്രത്യേകം ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല.
യുക്രെയ്ന്റെ ഭാഗമായ ഡോൺബാസ് വിട്ടുകിട്ടണമെന്ന് പുട്ടിൻ വീണ്ടും ആവശ്യപ്പെട്ടതോടെ സമാധാനനീക്കം അകലെയാണെന്ന് വ്യക്തമായി. മാത്രമല്ല യുക്രെയ്ന് നാറ്റോ അംഗത്വം നൽകുന്നത് അംഗീകരിക്കില്ലെന്നും പടിഞ്ഞാറൻ ശക്തികളുടെ സേനകളെ യുക്രെയ്നിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും പുട്ടിൻ വ്യക്തമാക്കി.
യുക്രെയ്നിലെ ധാതുസമ്പന്നമായ ഡൊണെറ്റ്സ്ക്, ലുഹാൻസ്ക് എന്നിവുൾപ്പെടുന്ന പ്രദേശമാണ് ഡോൺബാസ്.
ഇതു റഷ്യയുടെ ഭാഗമാണെന്നാണ് പുട്ടിന്റെ അവകാശവാദം. പുറമെ ഖേഴ്സൺ, സൊപൊറീച്ഛിയ പ്രദേശങ്ങളും വേണമെന്ന് റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.
റഷ്യയുടെ ആവശ്യങ്ങളും അവകാശവാദങ്ങളും യുക്രെയ്ൻ തള്ളുകയും ചെയ്തു. നിലവിൽ ഡോൺബാസിന്റെ 88% പ്രദേശങ്ങളും റഷ്യൻ സേനയുടെ നിയന്ത്രണത്തിലാണ്.
ഖേഴ്സൺ, സൊപൊറീച്ഛിയ എന്നിവയുടെ 73 ശതമാനവും പിടിച്ചെടുത്തിട്ടുണ്ട്.
ഈ പ്രദേശങ്ങളിന്മേലുള്ള അവകാശവാദം യുക്രെയ്ൻ ഉപേക്ഷിച്ചാൽ പകരം സുമി, ഖർകീവ്, നിപ്രോപെട്രോവ്ക് പ്രദേശങ്ങളിൽ നിന്ന് റഷ്യ പിന്മാറാമെന്ന വാഗ്ദാനവുമാണ് പുട്ടിൻ നൽകുന്നത്. ഇതും യുക്രെയ്ൻ അംഗീകരിച്ചിട്ടില്ല.
അതേസമയം, റഷ്യയും യുക്രെയ്നും പരസ്പരം ഡ്രോൺ ആക്രമണം രൂക്ഷമാക്കിയതും ട്രംപിന്റെ സമാധാന നീക്കങ്ങൾക്ക് തിരിച്ചടിയായി. റഷ്യയുടെ തന്ത്രപ്രധാന റിഫൈനറി, എണ്ണ, എൽഎൻജി പൈപ്പ്ലൈനുകൾ എന്നിവ ഉന്നമിട്ടാണ് യുക്രെയ്ന്റെ ആക്രമണം.
കഴിഞ്ഞ ഒറ്റരാത്രിയിൽ 570ലേറെ ഡ്രോണുകളും 40ലേറെ മിസൈലുകളും തൊടുത്ത് റഷ്യ തിരിച്ചടിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യ-ചൈന-റഷ്യ കൂട്ടുകെട്ടിന് വഴിയൊരുക്കി ട്രംപ്
ട്രംപിന്റെ തീരുവയുദ്ധം ഇന്ത്യ-ചൈന-റഷ്യ കൂട്ടുകെട്ടിനുള്ള വഴിതുറക്കുന്ന കാഴ്ചയാണ് നിലവിൽ ദൃശ്യമാകുന്നത്. ഇന്ത്യയ്ക്കുമേലുള്ള ട്രംപിന്റെ കനത്ത തീരുവ പ്രഖ്യാപനം അന്യായമാണെന്ന് കഴിഞ്ഞദിവസം വ്യക്തമാക്കിയ റഷ്യ, ഇന്ത്യൻ ഉൽപന്നങ്ങൾക്ക് റഷ്യൻ വിപണി തുറന്നുനൽകുമെന്നു പറഞ്ഞിരുന്നു.
മോസ്കോയിലെത്തി റഷ്യൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്ത്യ-റഷ്യ വ്യാപാരബന്ധം കൂടുതൽ സജീവമാക്കുമെന്നും പറഞ്ഞിരുന്നു.
ഇന്ത്യയ്ക്ക് കൂടുതൽ ഡിസ്കൗണ്ടോടെ എണ്ണ വിതരണം തുടരുമെന്ന് റഷ്യയും അറിയിച്ചിട്ടുണ്ട്.
ഇതിനിടെ, ഇന്ത്യയിലെത്തിയ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
‘‘അമേരിക്ക മറ്റുള്ളവരെ ഭീഷണിപ്പെടുത്തി നേട്ടം സ്വന്തമാക്കാൻ ശ്രമിക്കുന്ന രാജ്യമാണെന്ന്’’ ഇതിനിടെ ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫെയ്ഹോങ് പറഞ്ഞതും ശ്രദ്ധേയമായി.
ഇന്ത്യയ്ക്കുമേലുള്ള ട്രംപിന്റെ തീരുവ നീക്കത്തെ ചൈന എതിർക്കുന്നതായും ഇന്ത്യൻ ഉൽപന്നങ്ങളെ ചൈനയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര വ്യാപാരക്കരാറിലൂടെ എപ്പോഴും നേട്ടം സ്വന്തമാക്കിയ രാജ്യമാണ് അമേരിക്കയെന്നും ഇപ്പോൾ തീരുവയെ അമേരിക്ക ആയുധവൽക്കരിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യ-ചൈന വ്യാപാരം, നേരിട്ടുള്ള വിമാന സർവീസ് എന്നിവ പുനരാരംഭിക്കാനും വീസ ചട്ടങ്ങൾ ലളിതമാക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ശക്തികളായ ഇന്ത്യയും ചൈനയും തമ്മിലെ സഹകരണം അനിവാര്യമാണെന്നും ഷു ഫെയ്ഹോങ് പറഞ്ഞു.
ചാഞ്ചാടാൻ ഇന്ത്യൻ വിപണി
ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 35 പോയിന്റ് താഴ്ന്നാണ് വ്യാപാരം ചെയ്തത്.
സെൻസെക്സും നിഫ്റ്റിയും ഇന്ന് സമ്മർദത്തിലായേക്കുമെന്ന സൂചന ഇതു നൽകുന്നു. അതേസമയം, ജിഎസ്ടിയിൽ നിന്ന് 12%, 28% സ്ലാബുകൾ ഒഴിവാക്കാൻ മന്ത്രിതല സമിതി പച്ചക്കൊടി കാട്ടിയത് എഫ്എംസിജി, കൺസ്യൂമർ ഡ്യൂറബിൾസ്, വാഹനം, റിയൽറ്റി തുടങ്ങി ഓഹരി വിഭാഗങ്ങൾക്ക് ഇന്നു നേട്ടമായേക്കും.
ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം ഇന്നലെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്ത്യൻ ഓഹരികൾ വാങ്ങിച്ചുവെന്നതും ശ്രദ്ധേയം.
2025ൽ ഇതിനകം 1.73 ലക്ഷം കോടി രൂപ പിൻവലിച്ച അവർ ഇന്നലെ 1,246 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഈ ട്രെൻഡ് തുടർന്നാൽ അത് ഇന്ത്യൻ ഓഹരി വിപണിക്ക് വൻ നേട്ടമാകും.
∙ ഇന്ത്യയുടെ ജിഡിപി വളർച്ചനിരക്ക് നടപ്പുവർഷം 6.3 ശതമാനമായി കുറയുമെന്ന് എസ്ബിഐ റിസർച് വ്യക്തമാക്കിയത് ആശങ്കയാണ്.
6.5% വളർച്ചയാണ് റിസർവ് ബാങ്കിന്റെ അനുമാനം. യുഎസിന്റെ തീരുവയാണ് പ്രധാനമായും ഇന്ത്യയെ വലയ്ക്കുകയെന്ന് എസ്ബിഐ റിസർച് ചൂണ്ടിക്കാട്ടുന്നു.
5-ാം നാളിലും വീണ് അമേരിക്ക
യുഎസ് ഓഹരി വിപണികൾ തുടർച്ചയായ 5-ാം നാളിലും നഷ്ടം രുചിച്ചു.
എസ് ആൻഡ് പി500 സൂചിക 0.4% താഴ്ന്നു. നാസ്ഡാക് കോംപസിറ്റ് 0.34%, ഡൗ ജോൺസ് 0.34% എന്നിങ്ങനെയും നഷ്ടത്തിലായി.
∙ ഫ്യൂച്ചേഴ്സ് വിപണിയിൽ പക്ഷേ, എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ്, നാസ്ഡാക് 100 ഫ്യൂച്ചേഴ്സ്, ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് എന്നിവ 0.1% നേട്ടത്തിലായിരുന്നു.
∙ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവലിന്റെ ഇന്നത്തെ നിർണായക ജാക്സൺ ഹോൾ സിംപോസിയം പ്രഭാഷണത്തിലേക്കാണ് ഓഹരിലോകം ഉറ്റുനോക്കുന്നത്.
പലിശനിരക്ക് കുറയ്ക്കുന്നതിനെ കുറിച്ച് അദ്ദേഹം എന്തുപറയുമെന്നതാണ് ആകാംക്ഷ. പലിശയിൽ തൊടില്ലെന്നാണ് സൂചിപ്പിക്കുന്നതെങ്കിൽ അത് അമേരിക്കയിൽ വൻ ‘കോലാഹലം’ തന്നെ സൃഷ്ടിക്കും.
നിലവിൽതന്നെ, പലകുറി ആവശ്യപ്പെട്ടിട്ടും പലിശ കുറയ്ക്കാത്ത പവലിനോട് കടുത്ത അമർഷത്തിലാണ് ട്രംപ്.
അമേരിക്കയിലേക്ക് കണ്ണെറിഞ്ഞ് ഏഷ്യ
ജപ്പാനിൽ ജൂലൈയിലെ പണപ്പെരുപ്പം 3.3ൽ നിന്ന് 3.1 ശതമാനമായി കുറഞ്ഞെന്ന് കണക്കുകൾ വ്യക്തമാക്കി. അരിവിലപ്പെരുപ്പം 100 ശതമാനത്തിൽ നിന്ന് 90.7 ശതമാനത്തിലേക്ക് താഴ്ന്നതും ആശ്വാസമായി.
ജാപ്പനീസ് ഓഹരി വിപണിയായ നിക്കേയ് 0.07% മാത്രം നേട്ടത്തിലാണ്.
ദക്ഷിണ കൊറിയയുടെ കോസ്പി 1.22% കയറി. ചൈനയിൽ ഷാങ്ഹായ് സൂചിക 0.36%, ഹോങ്കോങ്ങിൽ ഹാങ്സെങ് 0.39% എന്നിങ്ങനെയും നേട്ടത്തിലേറി.
യുഎസിലെ സാമ്പത്തികരംഗത്തെ ചലനങ്ങളിലേക്കാണ് ഏഷ്യൻ വിപണികളുടെയും ഉറ്റുനോട്ടം. പലിശയിറക്കത്തിനുള്ള സാധ്യത ജെറോം പവൽ തട്ടിക്കളഞ്ഞാൽ യുഎസ് ഓഹരികൾ ഇടിയാം; അതിന്റെ ആഘാതം ഏഷ്യയിലും ഇന്ത്യയിലും പ്രതിഫലിച്ചേക്കും.
യൂറോപ്യൻ ഓഹരികൾ പൊതുവേ നേട്ടത്തിലാണുള്ളത്; എഫ്ടിഎസ്ഇ 0.23% ഉയർന്നു.
എണ്ണയും സ്വർണവും താഴോട്ട്
ഇന്നലെ വൻതിരിച്ചുകയറ്റം നടത്തിയ സ്വർണവില ഇന്നുവീണ്ടും താഴേക്കിറങ്ങി. യുഎസിൽ പലിശയുടെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം സ്വർണത്തെ സ്വാധീനിക്കുന്നു.
യുഎസ് ഡോളർ ഇൻഡക്സ് 98.64ലേക്ക് മെച്ചപ്പെട്ടതും സ്വർണത്തിന് തിരിച്ചടിയായി. ഔൺസിന് 3,342 ഡോളറിൽ നിന്ന് താഴ്ന്ന് 3,335 ഡോളറിലാണ് ഇപ്പോൾ രാജ്യാന്തര സ്വർണവിലയുള്ളത്.
കേരളത്തിൽ ഇന്നു വില മാറ്റമില്ലാതെ നിൽക്കാനോ ചെറിയ കുറവ് രേഖപ്പെടുത്താനോ ആണ് സാധ്യത. രൂപ ഇന്ന് ഡോളറിനെതിരെ വ്യാപാരം തുടങ്ങുന്നതെങ്ങനെയെന്നതും സ്വർണവിലയെ സ്വാധീനിക്കും.
രൂപ മെച്ചപ്പെട്ടാൽ സ്വർണവിലയിൽ കുറവ് പ്രതീക്ഷിക്കാം.
∙ റഷ്യ-യുക്രെയ്ൻ സംഘർഷം വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തിൽ രാജ്യാന്തര ക്രൂഡ് ഓയിൽ വില നേട്ടത്തിലേറിയെങ്കിലും വൈകാതെ താഴ്ന്നു. ഡബ്ല്യുടിഐ ക്രൂഡ് വില ഇപ്പോഴുള്ളത് 0.25% നഷ്ടത്തോടെ 63.36 ഡോളറിൽ.
ബ്രെന്റ് വില 0.30% കുറഞ്ഞ് 67.47 ഡോളറിലുമെത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

