ഇന്ത്യയുടെ നിയന്ത്രണത്തിൽ ഇറാനിലുള്ള ചബഹാർ തുറമുഖത്തേക്ക് പങ്കാളിത്തത്തിന്റെ കണ്ണെറിഞ്ഞ് റഷ്യ. ഇറാനുമേൽ യുഎസ് പ്രഖ്യാപിച്ച ഉപരോധം അടുത്തിടെ ട്രംപ് ഭരണൂകൂടം ചബഹാറിനും ബാധകമാക്കിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു.
ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് പിന്നീട് യുഎസ് ഉപരോധം 2026ന്റെ തുടക്കത്തിലേക്കുവരെ മരവിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ചബഹാറിലേക്ക് റഷ്യയും രംഗപ്രവേശനം നടത്തുന്നത് യുഎസിനും പാക്കിസ്ഥാനും ഒരുപോലെ വെല്ലുവിളിയാകും.
ഇന്ത്യയ്ക്ക് വൻ നേട്ടം
പാക്കിസ്ഥാനെ ആശ്രയിക്കാതെ ഇറാൻ, അഫ്ഗാനിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, റഷ്യ എന്നിവിടങ്ങളിലേക്കും ഈ രാഷ്ട്രങ്ങളിലൂടെ യൂറോപ്പിലേക്കും കടന്നുചെല്ലാനുള്ള ഇന്ത്യയുടെ തുറുപ്പുചീട്ടാണ് ചബഹാർ.
അതേസമയം, ചബഹാറിന് സമീപത്ത് ചൈനീസ് നിയന്ത്രണത്തിലും നിക്ഷേപത്തിലും പാക്കിസ്ഥാൻ ഗ്വാദർ തുറമുഖവും സജ്ജമാക്കുന്നുണ്ട്. ഇതിനിടെ.
ചബഹാറിൽ റഷ്യയുടെ പിന്തുണകൂടി ലഭിച്ചാൽ ഇന്ത്യയ്ക്ക് അതുവലിയ കരുത്താകും.
ഇറാന്റെ ഹൃദയത്തിലൂടെ റഷ്യൻ ഇടനാഴി
നിലവിൽ റഷ്യയിൽ നിന്ന് ഇറാനിലേക്ക് നീളുന്ന നോർത്ത്-സൗത്ത് ചരക്കുനീക്ക ഇടനാഴിയുണ്ട് (ഐഎൻഎസ്ടിസി). ഈ ദീർഘദൂര റെയിൽ പദ്ധതിയെ ചബഹാറുമായി ബന്ധിപ്പിക്കാനാണ് റഷ്യയുടെ നീക്കം.
ഇത് ചബഹാറിൽ ഇന്ത്യയുടെ പ്രവർത്തനലക്ഷ്യങ്ങൾക്ക് കൂടുതൽ കരുത്താകും. ചബഹാറിൽ നിന്ന് ഐഎൻഎസ്ടിസി വഴി ഇന്ത്യയ്ക്ക് മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും അനായാസം കടന്നുചെല്ലാൻ കഴിയും.
അഫ്ഗാനും ആശ്വാസം
അതിർത്തി സംഘർഷത്തിന്റെ പേരിൽ പാക്കിസ്ഥാനുമായി തെറ്റിപ്പിരിഞ്ഞ അഫ്ഗാൻ ഭരണകൂടം ചരക്കുനീക്കത്തിനായി ഇപ്പോൾ പ്രധാനമായും ഇന്ത്യയെയും ഇറാനെയുമാണ് ഉറ്റുനോക്കുന്നത്.
അഫ്ഗാനിൽ നിന്ന് ഏറെ അടുത്താണ് ചബഹാർ എന്നത്, താലിബാൻ ഭരണകൂടത്തിനും നേട്ടമാകും.
പാക്കിസ്ഥാന്റെ ഒത്താശ
ചൈനയെ ‘ഉന്നമിട്ട്’ പാക്കിസ്ഥാനിൽ സൈനിക താവളം സ്ഥാപിക്കാൻ അമേരിക്ക ഒരുങ്ങുന്നുവെന്ന ആരോപണവുമായി അടുത്തിടെ ഇറാൻ രംഗത്തുവന്നിരുന്നു. ഇതാകട്ടെ, ചബഹാറിനും പാക്കിസ്ഥാനിൽ ചൈനയുടെ നിയന്ത്രണത്തിലുള്ള ഗ്വാദർ തുറമുഖത്തിനും സമീപത്താണ്.
പാക്കിസ്ഥാനാണ് ഇതിന് ഒത്താശ ചെയ്യുന്നതെന്നും ഇറാൻ ആരോപിച്ചിരുന്നു.
മേഖലയിൽ വ്യാപാര, വാണിജ്യ, ഊർജ മേഖലകളിൽ ചൈനയ്ക്കുള്ള ആധിപത്യത്തിന് തടയിടുകയാണ് സൈനിക താവളം ഒരുക്കുന്നതിലൂടെ അമേരിക്ക ഉന്നമിടുന്നതെന്ന ആരോപണവും ഇറാൻ ഉയർത്തിയിരുന്നു. പാക്കിസ്ഥാനിൽ യുഎസ് സൈനികതാവളം വരുന്നത് ഇറാനും തിരിച്ചടിയാണ്.
സിസ്താൻ-ബലോചിസ്ഥാൻ പ്രവിശ്യ
ദക്ഷിണ ഇറാനിലെ സിസ്താൻ-ബലോചിസ്ഥാൻ പ്രവിശ്യയിലാണ് ചബഹാർ തുറമുഖം.
ഇന്ത്യ വൻതോതിൽ നിക്ഷേപവും സാങ്കേതികപിന്തുണയും നൽകി നിർമിച്ചതാണിത്. തുറമുഖ വികസനത്തിന് 120 മില്യൻ ഡോളറിന്റെ നിക്ഷേപവും അടിസ്ഥാന സൗകര്യ പദ്ധതികൾ ഒരുക്കാൻ 250 മില്യൻ ഡോളറിന്റെ വായ്പയും ഇന്ത്യ ഉറപ്പുവരുത്തിയിട്ടുണ്ട്.
2024-25ൽ ഇന്ത്യ 100 കോടി രൂപ വായ്പയും ചബഹാറിന് അനുവദിച്ചിരുന്നു.
ചബഹാറിൽ നിന്ന് ഇറാന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുംവിധം 700 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപ്പാതയും നിർമിക്കുന്നുണ്ട്. ഇതുമായാണ് റഷ്യ-ഇറാൻ ചരക്കുനീക്ക ഇടനാഴി ബന്ധിപ്പിക്കുക.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

