പെരുമ്പിലാവ് കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത ഇറക്കുമതി ഇടപാടുകൾ സംസ്ഥാനത്തെ കമുക് കർഷകരെയും അടയ്ക്ക വിപണിയെയും ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിക്കുന്നു. റോസ്റ്റഡ് അടയ്ക്ക ഇറക്കുമതി ചെയ്യാനുള്ള ലൈസൻസിന്റെ മറവിൽ, നിരോധനമുള്ളതും നിലവാരമില്ലാത്തതുമായ സാധാരണ അടയ്ക്ക ഇന്തോനീഷ്യയിൽ നിന്ന് വ്യാപകമായി രാജ്യത്തേക്ക് കടത്തുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ചരക്ക് കണ്ടെയ്നറുകളുടെ വാതിൽഭാഗത്ത് റോസ്റ്റ് ചെയ്ത അടയ്ക്കയുടെ ചാക്കുകൾ മാത്രം വെച്ച്, അതിനുള്ളിൽ സാധാരണ അടയ്ക്ക ഒളിപ്പിച്ചുവെച്ച് കടത്തുന്ന രീതിയാണ് തട്ടിപ്പുകാർ പിന്തുടരുന്നത്. ഉദ്യോഗസ്ഥരെയും ക്ലിയറിങ് ഏജന്റുമാരെയും സ്വാധീനിച്ച് നടത്തുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ആഭ്യന്തര വിപണിയെ തകർത്തിരിക്കുകയാണ്.
നിലവിൽ ക്വിന്റലിന് 40,000 മുതൽ 42,000 രൂപ വരെയാണ് അടയ്ക്കയുടെ വിപണി വില. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 48,000 രൂപ വരെ വില ലഭിച്ചിരുന്ന സാഹചര്യത്തിലാണ് ഈ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ചുരുക്കം ചില വൻകിട വ്യാപാരികൾക്ക് മാത്രമാണ് റോസ്റ്റഡ് അടയ്ക്ക ഇറക്കുമതി ചെയ്യാനുള്ള ലൈസൻസുള്ളത്.
ഈ ലൈസൻസിന്റെ മറവിൽ ഗുണനിലവാരമില്ലാത്ത അടയ്ക്ക വിപണിയിലെത്തിക്കുന്നത് ലക്ഷക്കണക്കിന് കർഷകരുടെ ഉപജീവനത്തെയാണ് ബാധിക്കുന്നത്. അനധികൃത ഇറക്കുമതി പൂർണമായും തടയാൻ സാധിച്ചിരുന്നെങ്കിൽ നിലവിൽ ക്വിന്റലിന് 70,000 രൂപ വരെ വില ലഭിക്കുമായിരുന്നുവെന്ന് ചെറുകിട
വ്യാപാരികൾ അഭിപ്രായപ്പെടുന്നു. വ്യാജ ഇറക്കുമതി തടയുന്നതിനായി തുറമുഖങ്ങളിലും സംസ്ഥാന അതിർത്തികളിലും കർശനമായ പരിശോധനകൾ ഏർപ്പെടുത്തണമെന്നാണ് കർഷകരുടെയും വ്യാപാരികളുടെയും പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

