ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഇടപാടുകാർക്ക് അതീവ ജാഗ്രതാ നിർദ്ദേശവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) രംഗത്ത്. സേവനങ്ങൾ തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ ഇടപാടുകൾ വരും ദിവസങ്ങളിൽ തന്നെ പൂർത്തിയാക്കണമെന്നാണ് ബാങ്കിന്റെ ഔദ്യോഗിക അറിയിപ്പ്.
ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം രാജ്യത്തെ പ്രധാനപ്പെട്ട 7 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയുവാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇതിന്റെ ഭാഗമായി സെപ്റ്റംബർ 11നും യുഎഫ്ബിയു പണിമുടക്ക് സംഘടിപ്പിച്ചിരുന്നു. തുടർന്ന് 28, 29, 30 തീയതികളിൽ രണ്ടാം ഘട്ട
പണിമുടക്കും സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ സെപ്റ്റംബർ 27 ഞായറാഴ്ചയും, 26 നാലാം ശനിയാഴ്ചയായതിനാൽ ബാങ്ക് അവധിയുമാണ്.
ചുരുക്കത്തിൽ തുടർച്ചയായി അഞ്ച് ദിവസങ്ങൾ ബാങ്ക് പ്രവർത്തിക്കില്ലാത്ത സാഹചര്യം വരും. സെപ്റ്റംബർ 26നാണ് ഈ ആഴ്ചയിലെ അവസാന പ്രവൃത്തിദിനം.
അതിനാൽ ശാഖകളിൽ നേരിട്ടെത്തി ചെയ്യേണ്ട സാമ്പത്തിക ഇടപാടുകൾ അതിനു മുൻപായി തീർക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
എന്നിരുന്നാലും, പണിമുടക്ക് സമയത്തും അത്യാവശ്യ ബാങ്കിങ് സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുമെന്ന് എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്. പണം ആവശ്യമുള്ള ഉപഭോക്താക്കൾക്കായി എടിഎം, ഇന്റർനെറ്റ് ബാങ്കിങ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.
കൂടാതെ യോനോ, യുപിഐ തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ യാതൊരു തടസ്സവുമില്ലാതെ തുടരുമെന്നും ബാങ്ക് ഉറപ്പുനൽകിയിട്ടുണ്ട്. റിസർവ് ബാങ്ക്, സെബി തുടങ്ങിയ പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളുടെ മാതൃകയിൽ രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസമാക്കണമെന്ന പ്രധാന ആവശ്യമുയർത്തിയാണ് ജീവനക്കാരുടെ സമരം.
എന്നാൽ ഈ ആവശ്യം ഇതുവരെ കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടില്ല. വിഷയം വിശാലമായ കൂടിയാലോചനകൾക്ക് ശേഷം മാത്രം തീരുമാനിക്കേണ്ടതാണെന്നാണ് സർക്കാരിന്റെ നിലപാട്.
2024 മാർച്ചിൽ തന്നെ പ്രവൃത്തിദിനം അഞ്ചാക്കി ചുരുക്കുന്നതിനായി ബാങ്ക് മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) തീരുമാനമെടുത്തിരുന്നുവെങ്കിലും കേന്ദ്രസർക്കാർ തുടർനടടികൾ സ്വീകരിച്ചിരുന്നില്ല. ഈ വിഷയത്തിൽ കേന്ദ്ര ലേബർ കമ്മിഷണറുമായി യൂണിയനുകളുടെ അടുത്ത ചർച്ച ഒക്ടോബർ 15ന് നിശ്ചയിച്ചിട്ടുണ്ട്.
അന്നത്തെ യോഗത്തിൽ തീരുമാനമായില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്നാണ് സംഘടനകളുടെ മുന്നറിയിപ്പ്. അതേസമയം, തുടർച്ചയായ ദിവസങ്ങളിൽ ബാങ്ക് ശാഖകൾ അടഞ്ഞു കിടക്കുന്നത് രാജ്യത്തെ സാമ്പത്തിക രംഗത്തെ ബാധിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകളുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിട്ടുണ്ട്.
ഇതിന്റെ ഭാഗമായി പൊതുമേഖല-പ്രാദേശിക ബാങ്കുകളുടെ സിഇഒമാർ, ഇന്ത്യൻ ബാങ്ക് അസോസിയേഷൻ, നബാർഡ് എന്നിവരുടെ പ്രത്യേക യോഗം തിങ്കളാഴ്ച ധനമന്ത്രാലയം വിളിച്ചുചേർത്തിട്ടുണ്ട്. ഇടപാടുകാർക്ക് അവശ്യ ബാങ്കിങ് സേവനങ്ങൾ മുടങ്ങാതെ ലഭിക്കുന്നതിനുള്ള കൃത്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്രം എല്ലാ ബാങ്കുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

