സുപ്രീം കോടതി റദ്ദാക്കിയ ട്രംപിന്റെ വ്യാപാര തീരുവ ഇന്നു മുതൽ തിരിച്ചു നൽകാൻ യുഎസ് ഒരുങ്ങുന്നു. പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച വ്യാപാര തീരുവ നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു.
ഇതോടെ യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ താരിഫ് റീഫണ്ടിന് ഇന്ന് തുടക്കമാകും. കയറ്റുമതിക്കാർക്കും അംഗീകൃത കസ്റ്റംസ് ബ്രോക്കർമാർക്കും യുഎസ് കസ്റ്റംസ് ആൻഡ് ബോര്ഡർ പ്രൊട്ടക്ഷന്റെ (സിബിപി) ഓൺലൈൻ പോർട്ടൽ വഴി റീഫണ്ടിന് അപേക്ഷിക്കാം.
അമേരിക്കൻ വ്യാപാര താൽപര്യങ്ങൾക്ക് എതിരാണെന്ന് ആരോപിച്ചാണ് ട്രംപ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തിയത്.
കോടിക്കണക്കിന് ഡോളറാണ് ചുരുങ്ങിയ കാലം കൊണ്ട് അമേരിക്കൻ കസ്റ്റംസ് വിഭാഗം പിരിച്ചെടുത്തത്. എന്നാൽ ഇൻറർനാഷണൽ ഇക്കണോമിക് പവേഴ്സ് ആക്ട് പ്രകാരം മറ്റ് രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തിയത് നിയമവിരുദ്ധമാണെന്ന് ഫെബ്രുവരി 20ന് യുഎസ് സുപ്രീം കോടതി വിധിച്ചു.
തീരുവ തിരിച്ചു കൊടുക്കേണ്ടതിനെക്കുറിച്ച് കോടതി ഒന്നും പറഞ്ഞിരുന്നില്ല.
ഇതിനിടയിൽ കമ്പനികളും കയറ്റുമതിക്കാരും തീരുവ റീഫണ്ട് ആവശ്യപ്പെട്ട് രാജ്യാന്തര വ്യാപാര കോടതിയെ (കോർട് ഓഫ് ഇൻറർനാഷണൽ ട്രേഡ്) സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. എത്രയും വേഗം റീഫണ്ട് നടപടികൾ തുടങ്ങാനായിരുന്നു കോടതി നിർദേശം.
തിങ്കളാഴ്ച അമേരിക്കൻ സമയം രാവിലെ 8.00 മുതൽ പോർട്ടലിൽ റീഫണ്ട് അപേക്ഷകൾ സമർപ്പിക്കാം.
ഏതൊക്കെ ഉൽപന്നങ്ങൾക്ക് എത്ര ഡോളർ വീതമാണ് അധിക തീരുവ അടച്ചതെന്ന് കമ്പനികൾ സത്യവാങ്മൂലം സമർപ്പിക്കണം. ഇത് സിബിപി വിശദമായി പരിശോധിക്കും.
അനുമതി ലഭിച്ചാൽ 60-90 ദിവസത്തിനുള്ളിൽ റീഫണ്ട് ലഭിക്കുമെന്നാണ് വിവരം.
മാർച്ച് നാലു വരെയുള്ള കണക്ക് പ്രകാരം 16,600 കോടി ഡോളറിൻറെ തീരുവയാണ് കമ്പനികൾ അടച്ചത്. ഇവരിൽ എല്ലാവർക്കും തുടക്കത്തിൽ റീഫണ്ട് ലഭിച്ചേക്കില്ല.
ഏറ്റവും ഒടുവിൽ തീരുവ അടച്ചവർക്കും തീരുവ അന്തിമമായി തീരുമാനിക്കാത്ത വിഭാഗത്തിലുള്ളവർക്കും ആദ്യം നൽകാനുള്ള നടപടികളാണ് ആലോചിക്കുന്നത്. ഇതിനായി സിപിബിയുടെ ഇലക്ട്രോണിക് പേയ്മെൻറ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യേണ്ടത് അത്യാവശ്യമാണ്.
ഇതിനോടകം 14.56 ലക്ഷം കയറ്റുമതിക്കാർ ഇതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്ക് പലിശ സഹിതം 12,700 കോടി ഡോളർ തിരിച്ചു നൽകേണ്ടതുണ്ടെന്നും കണക്ക് പറയുന്നു.
എന്നാൽ ചില കണക്കു പ്രകാരം ഇത് 17,500 കോടി ഡോളറാണ്. മറ്റ് കയറ്റുമതി കമ്പനികളും കൂടി പോർട്ടലിൽ രജിസ്റ്റർ ചെയ്യുമ്പോൾ കണക്ക് വർധിക്കുമെന്നാണ് കരുതുന്നത്.
ഉപഭോക്താക്കൾക്കും കിട്ടുമോ?
ട്രംപ് ചുമത്തിയ അധിക തീരുവ കയറ്റുമതി കമ്പനികളാണ് അടച്ചത്.
ചിലർ ഇത് സ്വയം വഹിച്ചു. മറ്റു ചിലർ ഉൽപന്നങ്ങളുടെ വില കൂട്ടി ഉപഭോക്താക്കളിലേക്കും ഇത് നീട്ടി.
എന്നാൽ റീഫണ്ട് ലഭിച്ചാലും ഇത് ഉപഭോക്താക്കൾക്ക് കിട്ടുമെന്ന് ഒരു ഉറപ്പുമില്ല. ലഭിക്കുന്ന റീഫണ്ട് മിക്ക കമ്പനികളും ഉപഭോക്താക്കൾക്ക് കൂടി പങ്കുവെക്കാനും സാധ്യതയില്ലെന്നാണ് കരുതുന്നത്.
അതേസമയം, അധികമായി ഈടാക്കിയ തീരുവ റീഫണ്ട് തിരികെ ആവശ്യപ്പെട്ട് ചില ഉപഭോക്താക്കൾ കമ്പനികൾക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.
ഫെഡ്എക്സ്, യുപിഎസ് തുടങ്ങിയ ഡെലിവറി കമ്പനികൾ സർക്കാരിൽ നിന്ന് റീഫണ്ട് ലഭിച്ചാൽ ഉപഭോക്താക്കൾക്ക് തിരിച്ചു നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
വർഷങ്ങളെടുക്കും
തീരുവ റീഫണ്ടിന് കൂടുതൽ സമയം വേണ്ടി വന്നേക്കുമെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബസൻറ് പറയുന്നത്. ‘ഇത്രയും പേർക്ക് തീരുവ തിരിച്ചു നൽകുന്നത് വലിയ ആശയക്കുഴപ്പം സൃഷ്ടിക്കും.
മാസങ്ങളെടുക്കും. കണക്കുകളെല്ലാം പരിശോധിച്ച് പണം തിരികെ കൊടുക്കാൻ ചിലപ്പോൾ വർഷങ്ങൾ വേണ്ടി വന്നേക്കും’ – അദ്ദേഹം പറയുന്നു.
നടപടികൾ പൂർത്തിയാക്കാൻ വർഷങ്ങളെടുക്കുമെന്നാണ് ട്രംപിന്റെയും നിലപാട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

