അമേരിക്കയുടെയും യൂറോപ്പിന്റെയും ഉപരോധം മൂലം കടുത്ത സാമ്പത്തിക ഞെരുക്കത്തിന്റെ പിടിയിലായ ഇറാന് കൂടുതൽ ആഘാതമായി രാജ്യത്ത് ആഭ്യന്തര പ്രക്ഷോഭം. കുതിച്ചുകയറിയ പണപ്പെരുപ്പം, ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത, ചെറിയ തെറ്റുകൾക്കുപോലും വധശിക്ഷ വിധിക്കുന്ന നിലപാട് തുടങ്ങിയവയ്ക്കെതിരെ ജനങ്ങളും മനുഷ്യാവകാശ സംഘടനകളും തൊഴിലാളി പ്രസ്ഥാനങ്ങളുമാണ് പ്രതിഷേധത്തിന്റെ വഴി സ്വീകരിച്ചത്.
2025ൽ ഇതുവരെ മാത്രം ഔദ്യോഗിക കണക്കുകൾ പ്രകാരം 1,000ലേറെ പേരെ ഇറാൻ വധശിക്ഷയ്ക്ക് വിധേയരാക്കി.
ഇസ്രായേലുമായും യുഎസുമായും അടുത്തിടെ നടന്ന സംഘർഷങ്ങൾ ഇറാന്റെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചിരുന്നു. ഉപരോധം മൂലം രാജ്യത്ത് പണപ്പെരുപ്പം കത്തിക്കയറി.
കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. പ്രക്ഷോഭം മൂലം എണ്ണ വ്യവസായം ഉൾപ്പെടെ പല മേഖലകളും ഏറക്കുറെ സ്തംഭിച്ച മട്ടായി.
ഐഎംഎഫിന്റെ വിലയിരുത്തൽപ്രകാരം 2025ൽ ഇറാന്റെ ജിഡിപി വളർച്ച വെറും പൂജ്യത്തിന് അടുത്തായിരിക്കും.
2023ൽ 5.3 ശതമാനവും 2024ൽ 3.7 ശതമാനവുമായിരുന്നു വളർച്ചനിരക്ക്. 43.3 ശതമാനമാണ് ഇറാനിൽ പണപ്പെരുപ്പം.
ലോകത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കുകളിലൊന്നാണിത്. ഇന്ത്യയിൽ ഒരു ശതമാനത്തിനും താഴെയാണെന്ന് ഓർക്കണം.
ഓരോ വർഷവും രാജ്യത്ത് ഉൽപന്നങ്ങളുടെ വിലയിലുണ്ടാകുന്ന വർധനയാണ് പണപ്പെരുപ്പം.
ഉപരോധത്തിന് പുറമേ ഭരണതലത്തിലെ ക്രമക്കേട്, അഴിമതി തുടങ്ങിയവയും ഇറാനെ വലയ്ക്കുന്നു. ഇസ്രയേലും അമേരിക്കയും ഈ വർഷം നടത്തിയ ആക്രമണത്തിൽ ഇറാൻ നേരിട്ടത് ബില്യൻ കണക്കിന് ഡോളറിന്റെ നാശനഷ്ടമാണ്.
അമേരിക്കയാകട്ടെ കൂടുതൽ ഉപരോധം പ്രഖ്യാപിച്ചതും ഇരുട്ടടിയായി. ഇറാന്റെ എണ്ണ കയറ്റുമതി, കപ്പലുകൾ, ബാങ്കിങ് മേഖല തുടങ്ങിയവയ്ക്കാണ് അധിക ഉപരോധം.
ഇവയാകട്ടെ, ഇറാൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലുകളുമായിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

