കൊച്ചി∙ ഈ വർഷം ഐപിഒയിലൂടെ ഓഹരി വിപണിയിലേക്കിറങ്ങിയ കമ്പനികളിൽ 67 ശതമാനവും ലിസ്റ്റ് ചെയ്തത് നേട്ടത്തിൽ. 87 കമ്പനികളാണ് ഈ വർഷം ഇതുവരെ ഐപിഒ നടത്തിയത്.
1.5 ലക്ഷം കോടി രൂപയിലേറെയാണ് ഈ കമ്പനികൾ ഐപിഒ വഴി സമാഹരിച്ചത്.
കഴിഞ്ഞ വർഷം 91 കമ്പനികൾ ഐപിഒ വഴി 1.6 ലക്ഷം കോടി രൂപ സമാഹരിച്ചിരുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ കഴിഞ്ഞ വർഷത്തെ റെക്കോർഡ് ഈ വർഷം തകർന്നേക്കും.
കമ്പനികൾക്ക് വിപണിയിൽ മികച്ച സ്വീകാര്യത ലഭിക്കുന്നത് കൂടുതൽ കമ്പനികളെ ഓഹരി വിപണിയിലേക്ക് ആകർഷിക്കുന്നുണ്ട്.
87ൽ 19 കമ്പനികൾ 20 മുതൽ 75% വരെ ലിസ്റ്റിങ്ങിൽ നേട്ടമുണ്ടാക്കി. ലിസ്റ്റിങ് ദിവസത്തിൽ 10 മുതൽ 19 ശതമാനം വരെ നേട്ടമുണ്ടാക്കിയത് 12 കമ്പനികളാണ്.
27 കമ്പനികളുടെ ഓഹരി വില ലിസ്റ്റിങ് ദിനത്തിൽ 1 മുതൽ 10 ശതമാനം വരെ ഉയർന്നു. അതേസമയം 6 കമ്പനികൾക്ക് ലിസ്റ്റിങ് ദിനത്തിൽ 15 മുതൽ 35 ശതമാനം വരെ നഷ്ടം നേരിട്ടു.
ഒരു ശതമാനം മുതൽ 10 ശതമാനം വരെ ഇടിഞ്ഞത് 23 കമ്പനികളുടെ ഓഹരികളാണ്.
ലിസ്റ്റിങ് ദിനത്തിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഓഹരി ഹൈവേ ഇൻഫ്രാസ്ട്രക്ചറാണ്. ഐപിഒ കഴിഞ്ഞ് ഓഹരിവിപണിയിൽ പ്രവേശിച്ച് അന്നേദിനം കമ്പനിക്കുണ്ടായ നേട്ടം 75 ശതമാനത്തിനു മുകളിലാണ്.
അർബൻ കമ്പനി, ആദിത്യ ഇൻഫോടെക് എന്നിവ യഥാക്രമം 62%, 60% എന്നിങ്ങനെ നേട്ടമുണ്ടാക്കി.
എൽജി ഇലക്ട്രോണിക് ഇന്ത്യ, ജിഎൻജി ഇലക്ട്രോണിക്സ്, സ്റ്റാലോൺ ഇന്ത്യ തുടങ്ങിയ ഓഹരികളും ആദ്യദിനം മികച്ച നേട്ടമുണ്ടാക്കി. ഇന്നലെ ലിസ്റ്റ് ചെയ്ത ഫിസിക്സ് വാലാ ഓഹരി 42 ശതമാനം നേട്ടമുണ്ടാക്കി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

