തിരുവനന്തപുരം ∙ വിമാന ടിക്കറ്റ് റദ്ദാക്കുമ്പോഴുള്ള റീഫണ്ട് ചട്ടങ്ങളിൽ യാത്രക്കാർക്ക് കൂടുതൽ പ്രയോജനം ലഭിക്കുന്ന മാറ്റം വരുത്താനുള്ള ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) തീരുമാനം ബജറ്റ് എയർലൈനുകൾക്കു കൂടി ബാധകമാക്കാത്തത് തിരിച്ചടിയെന്ന് കേരള അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്റ്സ്. ബുക്ക് ചെയ്ത് ആദ്യ 24 മണിക്കൂറിൽ പേരിൽ തിരുത്തൽ വരുത്തിയാലോ 48 മണിക്കൂറിനുള്ളിൽ യാത്രാ തീയതികളിൽ മാറ്റം വരുത്തിയാലോ റദ്ദാക്കിയാലോ പണം നൽകേണ്ടതില്ല.
21 ദിവസത്തിനകം റീഫണ്ട് തുക ഉപയോക്താക്കൾക്കു കൈമാറണം തുടങ്ങിയ നിർദേശങ്ങളാണ് കരട് ചട്ടത്തിൽ. എന്നാൽ ഈ വ്യവസ്ഥകൾ ബജറ്റ് എയർലൈനുകൾക്ക് ബാധകമല്ലെന്നാണ് ലഭിച്ചിരിക്കുന്ന വിവരമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കെ.വി.മുരളീധരൻ പറഞ്ഞു.
കേരളത്തിലെ വിമാനത്താവളങ്ങളിൽ ബജറ്റ് വിമാനക്കമ്പനികളുടെ മേൽക്കോയ്മയാണ്. ഇന്ത്യയ്ക്കുള്ളിൽ എയർ ഇന്ത്യ മാത്രമാണു ഫുൾ സർവീസായുള്ളത്.
ഇൻഡിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എന്നിവ ചെലവു കുറഞ്ഞ സർവീസുകളാണെങ്കിലും ഉത്സവ സീസണുകളിൽ ഇവയിലെ നിരക്ക് ഭക്ഷണവും മെച്ചപ്പെട്ട
സീറ്റുകളും നൽകുന്ന ഫുൾ സർവീസുകളെക്കാൾ കൂടുതലാണ്. ഇൻഷുറൻസ് കവറേജും ബജറ്റ് എയർലൈനുകളിൽ കുറവാണ്. അമിത നിരക്ക് ഈടാക്കുന്നതിന് തടയിടാൻ ടിക്കറ്റ് നിരക്കിൽ ഡിജിസിഎ നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് അസോസിയേഷന്റെ ആവശ്യം.
ക്രിസ്മസ് , പുതുവത്സര സീസണിൽ ഡിസംബർ 14ന് പുറപ്പെട്ട് ജനുവരി 14ന് തിരികെ കേരളത്തിലെത്തുന്ന ദുബായ് റൗണ്ട് ട്രിപ് ടിക്കറ്റ് നിരക്ക് ഫുൾ സർവീസിനെക്കാൾ 5000 മുതൽ 6000 രൂപ വരെ ബജറ്റ് വിമാനങ്ങളിൽ കൂടുതലാണ്.
കൊച്ചി–ദുബായ്–കൊച്ചി ടിക്കറ്റ് നിരക്ക് ഒമാൻ എയറിൽ 24,437 രൂപയാണെങ്കിൽ എയർ ഇന്ത്യ എക്സ്പ്രസിൽ 30,682 രൂപയാണ്. ഒരോ സെക്ടറിലും ഈടാക്കാവുന്ന പരമാവധി നിരക്ക് യുപിഎ സർക്കാരിന്റെ കാലത്ത് നിശ്ചയിച്ചിരുന്നത് പുനഃസ്ഥാപിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

