പൊതുമേഖലാ ബാങ്കുകളുടെ ലയനം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വ്യാജ വിജ്ഞാപനത്തിനെതിരെ ഔദ്യോഗിക വിശദീകരണവുമായി അധികൃതർ രംഗത്ത്. ബാങ്ക് ഓഫ് മഹാരാഷ്ട്ര ഉൾപ്പെടെയുള്ള മൂന്ന് ബാങ്കുകൾ എസ്ബിഐയിലും, മറ്റ് ആറ് ബാങ്കുകൾ യഥാക്രമം പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി), ബാങ്ക് ഓഫ് ബറോഡ (ബിഒബി) എന്നിവയിൽ ലയിക്കുമെന്ന തരത്തിലാണ് വ്യാജ വിവരങ്ങൾ പ്രചരിക്കുന്നത്.
‘ദ ഗസറ്റ് ഓഫ് ഇന്ത്യ’ എന്ന പേരിൽ പ്രചരിക്കുന്ന ഈ റിപ്പോർട്ടുകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജരേഖ പ്രകാരം, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ എസ്ബിഐയിലും, യൂണിയൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവ പിഎൻബിയിലും, കനറാ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഐഒബി), യൂകോ ബാങ്ക് എന്നിവ ബാങ്ക് ഓഫ് ബറോഡയിലും ലയിക്കുമെന്നാണ് അവകാശപ്പെടുന്നത്.
എന്നാൽ ഈ രേഖ വ്യാജമാണെന്നും കേന്ദ്ര ധനമന്ത്രാലയം അത്തരമൊരു വിജ്ഞാപനം പുറത്തിറക്കിയിട്ടില്ലെന്നും പിഐബി ഫാക്ട് ചെക്ക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരം വ്യാജ സന്ദേശങ്ങൾ വിശ്വസിക്കുകയോ മറ്റുള്ളവരിലേക്ക് പങ്കുവെക്കുകയോ ചെയ്യരുതെന്ന് കർശന നിർദ്ദേശമുണ്ട്.
ലയനം പൂർത്തിയാകുന്നതോടെ അതത് ബാങ്കുകളുടെ വായ്പാ ആസ്തികൾ, നിക്ഷേപങ്ങൾ, അവകാശങ്ങൾ തുടങ്ങിയവ മാതൃബാങ്കിന്റേതായി മാറുമെന്നും, ലയനം വഴി ജീവനക്കാരെ കുറയ്ക്കില്ലെന്നും ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾക്കോ അക്കൗണ്ടുകൾക്കോ മാറ്റമുണ്ടാകില്ലെന്നും കേന്ദ്രസർക്കാരിലെ ജോയിന്റ് സെക്രട്ടറി ഡോ. എം.പി.
ശർമ്മയുടെ പേരിൽ പ്രചരിക്കുന്ന ഗസറ്റിൽ പറയുന്നുണ്ട്. എന്നാൽ ഈ പ്രചാരണങ്ങളെല്ലാം വ്യാജമാണെന്ന് കേന്ദ്രം വ്യക്തമാക്കി.
പൊതുമേഖലാ ബാങ്കുകളുടെ ലയനവുമായി ബന്ധപ്പെട്ട് മുൻപും സമാനമായ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. കേന്ദ്രസർക്കാർ, റിസർവ് ബാങ്ക്, ബന്ധപ്പെട്ട
ബാങ്ക് പ്രതിനിധികൾ എന്നിവർ തമ്മിലുള്ള ചർച്ചകൾക്കും പാർലമെന്റിന്റെ അംഗീകാരത്തിനും ശേഷമാണ് സാധാരണഗതിയിൽ ബാങ്ക് ലയന നടപടികൾ പൂർത്തിയാക്കുന്നത്. ഇത്തരം കാര്യങ്ങൾ ഗസറ്റുകളിലൂടെ മാത്രമായി മുൻകൂട്ടി പ്രഖ്യാപിക്കാറില്ലെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
നിലവിൽ പൊതുമേഖലാ ബാങ്കുകളുടെ ലയനം സർക്കാരിന്റെ പരിഗണനയിലില്ലെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

