മനസ്സില്ലാ മനസ്സോടെയാണെങ്കിലും റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ഉടമ്പടിയിലേക്ക് കടക്കാൻ തീരുമാനിച്ച് യുക്രെയ്ൻ. നാറ്റോ അംഗത്വം വേണമെന്ന മോഹം ഉപേക്ഷിക്കാമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ഇതിനകംതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
സമാധാന ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടന്നതോടെ യൂറോപ്പിൽ പ്രതിരോധ കമ്പനികളുടെ ഓഹരികളിൽ ഇന്നലെ നടന്നത് ‘കൂട്ടക്കുരുതി’. സ്വീഡിഷ് യുദ്ധവിമാന നിർമാതാക്കളായ സാബിന്റെ ഓഹരിവില 4.8% ഇടിഞ്ഞു.
ഇറ്റലിയുടെ ലിയോനാർഡോ കൂപ്പുകുത്തിയത് 3.9%. ജർമനിയുടെ റെയിൻമെറ്റോൾ 4.5%, റെൻക് 4.3% എന്നിങ്ങനെയും ഇടിഞ്ഞു.
യുദ്ധകാലത്ത് ലാഭത്തിന്റെ കൊയ്ത്തുനടത്തിയ ഓഹരികളാണിവ. സ്റ്റോക്സ് എയ്റോസ്പേസ് ആൻഡ് ഡിഫൻസ് സൂചിക 1.8% താഴ്ന്നു.
യൂറോപ്പിൽ ഡാക്സ്, എഫ്ടിഎസ്ഇ സൂചികകൾ 0.65% വരെ നഷ്ടവും നേരിട്ടു. തൊഴിലില്ലായ്മ പ്രതിസന്ധിയിൽ യുഎസ്
യുഎസിൽ കഴിഞ്ഞമാസം പുതുതായി 64,000 പേർക്ക് തൊഴിൽ ലഭിച്ചെന്ന് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്ക് വ്യക്തമാക്കി.
ഡൗ ജോൺസിലെ അടക്കം സാമ്പത്തിക നിരീക്ഷകർ പ്രവചിച്ച 45,000 എന്നതിനേക്കാൾ ഏറെ അധികം.
പക്ഷേ,
കഴിഞ്ഞമാസം രാജ്യത്തെ ആകെ തൊഴിലില്ലായ്മ നിരക്ക് മുൻമാസത്തെ 4.5 ശതമാനത്തിൽ നിന്ന് 4 വർഷത്തെ ഉയരമായ 4.6 ശതമാനത്തിലെത്തിയത് വൻ തിരിച്ചടിയായി. യുഎസിന്റെ സാമ്പത്തികാരോഗ്യം അത്ര മെച്ചമല്ലെന്ന് ഇതു വ്യക്തമാക്കുന്നു.
ഷട്ട്ഡൗൺ മൂലം പിടിച്ചുവച്ച ഒക്ടോബറിലെ കണക്കും പുറത്തുവിട്ടിട്ടുണ്ട്. ഒക്ടോബറിൽ 1.08 ലക്ഷം പേരുടെ പണിതെറിക്കുകയാണ് ഉണ്ടായതെന്നതും ആഘാതമായി.
എങ്കിലും, നവംബറിൽ തൊഴിൽവിപണി മെച്ചപ്പെടുന്നെന്ന സൂചന ലഭിച്ചെന്ന ആശ്വാസമുണ്ട്. പക്ഷേ, ഓഹരി വിപണിക്ക് ആശ്വസിക്കാൻ മനസ്സുണ്ടായില്ല.
എസ് ആൻഡ് പി500 സൂചിക 0.24% നഷ്ടം നേരിട്ടു. തുടർച്ചയായ മൂന്നാം ദിവസമാണ് ചുവപ്പണിയുന്നത്.
ഡൗ ജോൺസ് 0.62% താഴ്ന്നു. നാസ്ഡാക് 0.23% ഉയർന്നു.
ഫ്യൂച്ചേഴ്സ് വിപണിയില് എസ് ആൻഡ് പി, നാസ്ഡാക്, ഡൗ എന്നിവ 0.2% വരെയും നഷ്ടത്തിലായി. കൂപ്പുകുത്തിയ ക്രൂഡ് ഓയിൽ വീണ്ടും മേലോട്ട്
യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിലേക്ക് റഷ്യയും യുക്രെയ്നും കടന്നത് ക്രൂഡ് ഓയിൽ വിലയെ കഴിഞ്ഞ മേയ്ക്കു ശേഷമുള്ള ഏറ്റവും താഴ്ചയിലേക്ക് വീഴ്ത്തിയെങ്കിലും പിന്നാലെ കരകയറ്റം. യുഎസ് ക്രൂഡ് വില 55 ഡോളറിലേക്കും ബ്രെന്റ് വില 58 ഡോളറിലേക്കുമായിരുന്നു കൂപ്പുകുത്തിയത്.
യുദ്ധം നിർത്താനുള്ള സമാധാന ഉടമ്പടി യാഥാർഥ്യമായാൽ സ്വാഭാവികമായും യുഎസിനും യൂറോപ്യൻ യൂണിയനും ബ്രിട്ടനും മറ്റും റഷ്യയ്ക്കുമേൽ ചുമത്തിയ ഉപരോധങ്ങൾ പിൻവലിക്കേണ്ടി വരും. റഷ്യൻ എണ്ണയ്ക്കുള്ള വിലക്കും മാറും.
വിപണിയിലേക്ക് റഷ്യൻ എണ്ണ കുതിച്ചൊഴുകും. ഇതായിരുന്നു വിലയിടിയാൻ പ്രധാന കാരണം.
എന്നാൽ, ട്രംപ് വെനസ്വേലയിലേക്കും തിരിച്ചുമുള്ള എല്ലാ എണ്ണക്കപ്പലുകൾക്കും വിലക്ക് ഏർപ്പെടുത്തിയതോടെ എണ്ണവില കരകയറ്റം ആരംഭിച്ചു. ഉപരോധമുള്ള കപ്പലുകൾക്ക് മാത്രമാണ് ഈ വിലക്ക്.
ചില കപ്പലുകൾ ഉപരോധം ലംഘിച്ച് വെനസ്വേലൻ എണ്ണ നീക്കം ചെയ്തിരുന്നു. ഇതിനു തടയിടുകയും വെനസ്വേലയുടെ എണ്ണവരുമാനം തടയുകയുമാണ് ട്രംപിന്റെ ലക്ഷ്യം.
നിക്കോളാസ് മഡുറോയുടെ ഗവൺമെന്റിനെ ട്രംപ് ‘തീവ്രവാദ സംഘടന’ എന്നും വിശേഷിപ്പിച്ചു. ബ്രെന്റ് വില 59 ഡോളറിലേക്ക് ഉയർന്നു. ഡബ്ല്യുടിഐ വില നേരിയ നേട്ടവുമായി 55.74 ഡോളറിൽ എത്തി.
സ്വർണത്തിനും ചാഞ്ചാട്ടം
ഇന്നലെ താഴേക്കുപോയ രാജ്യാന്തര സ്വർണവില വീണ്ടും ഉയർന്നുതുടങ്ങി. ഇത് കേരളത്തിലെ ഉപഭോക്താക്കൾക്ക് തിരിച്ചടിയാണ്.
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിച്ചേക്കുമെന്ന വിലയിരുത്തലുകളെ തുടർന്നായിരുന്നു ഇന്നലെ പ്രധാനമായും സ്വർണവില താഴ്ന്നത്. എന്നാൽ, അമേരിക്കയിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്ന റിപ്പോർട്ട് വന്നതോടെ സ്വർണം ഉയിർത്തെണീറ്റു.
അമേരിക്കയിൽ പലിശനിരക്ക് ഇനിയും കുറയാനുള്ള സാഹചര്യമാണ് തൊഴിലില്ലായ്മക്കണക്ക് മുന്നോട്ടുവയ്ക്കുന്നത്. ∙ പലിശ കുറഞ്ഞാൽ സ്വർണവില കുതിച്ചുകയറും.
രാജ്യാന്തരവില രാവിലെയുള്ളത് 21 ഡോളർ ഉയർന്ന് ഔൺസിന് 4,327 ഡോളറിലാണ്. ∙ കേരളത്തിൽ ഇന്നലെ പവൻവില 99,000ന് മുകളിൽ നിന്ന് 1,000 രൂപയിലേറെ ഇടിഞ്ഞ് 98,000 നിലവാരത്തിലെത്തി.
രാജ്യാന്തര വിപണിയുടെ ട്രെൻഡ് പരിഗണിച്ചാൽ ഇന്ന് കേരളത്തിൽ വില കൂടിയേക്കാം. ഡോളറിനെതിരെ രൂപ തളരുന്നതും സ്വർണക്കുതിപ്പിന് വളമാകും.
ട്രംപിന്റെ ‘അരി തള്ളൽ’ വാദം തള്ളി ഇന്ത്യ
അമേരിക്കയിലേക്ക് ഇന്ത്യ കുറഞ്ഞവിലയുള്ള അരി കൊണ്ടുവന്ന് തള്ളുകയാണെന്ന (ഡംപിങ്) പ്രസിഡന്റ് ട്രംപിന്റെ വാദം തള്ളി കേന്ദ്രസർക്കാർ. ഇന്ത്യൻ അരിക്കുമേൽ അധിക തീരുവ ഏർപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.
ഇന്ത്യ പ്രധാനമായും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത് പ്രീമിയം ഗ്രേഡ് ബസ്മതി അരിയാണെന്നും മറ്റ് അരിയിനങ്ങളേക്കാൾ അതിനു വില കൂടുതലാണെന്നും കേന്ദ്രം വ്യക്തമാക്കി.
അതുകൊണ്ടുതന്നെ, ‘അരി തള്ളൽ’ എന്ന ട്രംപിന്റെ വാദത്തിന് പ്രഥമദൃഷ്ട്യാ കഴമ്പില്ല. അമേരിക്ക ഇന്നുവരെ ഇന്ത്യൻ അരിക്കുമേൽ ‘ആന്റി-ഡംപിങ്) നടപടിയൊന്നും എടുത്തിട്ടില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
നിലവിൽതന്നെ യുഎസിലേക്കുള്ള ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ട്രംപ് 50% തീരുവ ചുമത്തിയിട്ടുണ്ട്. ഇതിനുപുറമേയാണ് അരിക്ക് അധിക തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണി.
ലോകത്തെ ഏറ്റവും വലിയ അരി കയറ്റുമതി രാജ്യമാണ് ഇന്ത്യ. 2024-25ൽ 20.2 മില്യൻ മെട്രിക് ടൺ ആണ് കയറ്റുമതി.
ഇതിൽ 3.35 ലക്ഷം ടണ്ണും അമേരിക്കയിലേക്കായിരുന്നു. അമേരിക്കയിലേക്കു പോയ അരിയിൽ 2.74 ലക്ഷം ടണ്ണും ബസ്മതിയാണ്.
കുതിപ്പില്ലാതെ ഇന്ത്യൻ വിപണി
ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 3 പോയിന്റ് താഴ്ന്ന് വ്യാപാരം ചെയ്തു. സെൻസെക്സും നിഫ്റ്റിയും ഇന്നും ആലസ്യത്തിലായേക്കാം.
ഇന്നലെ സെൻസെക്സ് 533 പോയിന്റും നിഫ്റ്റി 167 പോയിന്റും താഴ്ന്നിരുന്നു. വിദേശത്തു നിന്നെത്തിയ പ്രതികൂല ഘടകങ്ങളായിരുന്നു പ്രധാന തിരിച്ചടി.
∙ ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.25% നേട്ടത്തിലേറി. ജപ്പാന്റെ കയറ്റുമതി നവംബറിൽ പ്രവചനങ്ങളെ മറികടന്ന് 4.8% ഉയർന്നത് നേട്ടമായി.
നിരീക്ഷകർ പ്രവചിച്ച വളർച്ച 3.6 ശതമാനമായിരുന്നു. ∙ ഹോങ്കോങ്, ഷാങ്ഹായ്, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, യൂറോപ്യൻ ഓഹരി സൂചികകൾ 0.8% വരെ താഴ്ന്നാണ് വ്യാപാരം ചെയ്തത്.
ശ്രദ്ധയിൽ ഇവർ
∙ ഓല ഇലക്ട്രിക്കിന്റെ പ്രമോട്ടർ ഭവീഷ് അഗർവാൾ കമ്പനിയിലെ 2.6% ഓഹരികൾ ഒന്നിന് 34.99 രൂപ പ്രകാരം വിറ്റു. നേടിയത് 92 കോടി രൂപ.
∙ വേദാന്തയുടെ പ്രവർത്തന വിഭജനത്തിന് എൻസിഎൽടിയുടെ അനുമതി.
∙ ഇന്ത്യൻ ഓവർസീസ് ബാങ്കിലെ 3% ഓഹരികൾ വിൽക്കാൻ കേന്ദ്രം. ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) വഴിയാണ് ഇന്നും നാളെയുമായി വിൽപന.
തരിപ്പണമായി രൂപ
ഡോളറിനെതിരെ ഇന്ത്യൻ റുപ്പി ചരിത്രത്തിലെ ഏറ്റവും മോശം മൂല്യത്തിലാണുള്ളത്.
ഇന്നലെ ആദ്യമായി 91ലേക്ക് ഇടിഞ്ഞു. 23 പൈസ നഷ്ടവുമായി 91.01 ആയിരുന്നു മൂല്യം.
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ വൈകുന്നതും ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ പിന്മാറുന്നതുമാണ് തിരിച്ചടി. ഇന്നലെയും വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) 2,381 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

