തായ്വാനെച്ചൊല്ലി ചൈനയും ജപ്പാനും തമ്മിലെ ബന്ധം കൂടുതൽ വഷളായി. ജപ്പാനിലേക്ക് യാത്ര ചെയ്യുന്ന ചൈനക്കാർക്ക് ഷി ജിൻപിങ് ഭരണകൂടം ജാഗ്രതാ മുന്നറിയിപ്പും നൽകിയതോടെ ജാപ്പനീസ് ഓഹരി വിപണികളിൽ ടൂറിസം ഓഹരികൾ കൂപ്പുകുത്തി.
ചൈന നിലപാട് കൂടുതൽ കടുപ്പിക്കുന്നത് ഒഴിവാക്കാനായി, മുതിർന്ന വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനെ ജപ്പാൻ ബെയ്ജിങ്ങിലേക്ക് അയച്ചു.
ജപ്പാൻ വിദേശകാര്യ മന്ത്രാലയ ഡയറക്ടർ-ജനറൽ മസാകി കനായി നാളെ ചൈനീസ് വിദേശകാര്യ മന്ത്രാലയ പ്രതിനിധി ലിയു ജിൻസോങ്ങുമായി ചർച്ച നടത്തും. ജപ്പാന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായി കഴിഞ്ഞമാസം ചുമതലയേറ്റ സനയ് തകയ്ചി പാർലമെന്റിൽ നടത്തിയ പ്രസ്താവനയാണ് ചൈനയെ പ്രകോപിപ്പിച്ചത്.
തായ്വാനെതിരെ ചൈന സൈനികനീക്കം നടത്തിയാൽ, അത് ജപ്പാനെതിരെയുമുള്ള ഗുരുതര ഭീഷണിയായി കാണുമെന്നും കാര്യങ്ങൾ വഷളാകുമെന്നും പറഞ്ഞ തകയ്ചി, ജപ്പാനും സൈനിക നടപടിക്ക് തയാറാകുമെന്നും വ്യക്തമാക്കിയിരുന്നു.
പ്രധാനമന്ത്രി ആകുംമുൻപേതന്നെ കടുത്ത ചൈന വിമർശകയും തായ്വാനോടു കൂറുപുലർത്തുന്നയാളുമാണ് തകയ്ചി. ജപ്പാന്റെ ഏറ്റവും അടുത്ത ദ്വീപുമായി വെറും 100 കിലോമീറ്റർ ദൂരത്താണ് തായ്വാൻ.
1945വരെ ജപ്പാന്റെ അധിനിവേശത്തിലുമായിരുന്നു തായ്വാൻ. ചൈന തായ്വാൻ കടലിടുക്കിൽ യുദ്ധക്കപ്പലുകളെ വിന്യസിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ അത്തരമൊരു അടിയന്തരാവസ്ഥയിൽ ജപ്പാൻ സൈന്യവും രംഗത്തിറങ്ങുമെന്നും തകയ്ചി പറഞ്ഞിരുന്നു.
തായ്വാൻ ചൈനയുടെ ഭാഗമാണെന്നും നിലവിൽ ‘സ്വതന്ത്രമായി’ നിലകൊള്ളുന്ന തായ്വാനെ പിടിച്ചടക്കാൻ വേണ്ടിവന്നാൽ സൈന്യത്തെ നിയോഗിക്കുമെന്നും ചൈന വ്യക്തമാക്കിയിരുന്നു.
തായ്വാനു ചുറ്റും ഏതാനും നാളുകളായി ചൈനീസ് യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും നിരന്തരം വട്ടമിടുന്നുമുണ്ട്. അടുത്തിടെ ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷൻ (അപെക്) ഉച്ചകോടിക്കിടെ തകയ്ചി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പരസ്പര സഹകരണത്തോടെ മുന്നോട്ടുപോകാനും ഇരുവരും തീരുമാനിച്ചിരുന്നു. എന്നാൽ, പിന്നാലെ തകയ്ചിയുടെ ‘തായ്വാൻ’ പരാമർശമുണ്ടായതോടെ ബന്ധം വീണ്ടും വഷളാകുകയായിരുന്നു.
ഓഹരികളിൽ കൂട്ടത്തകർച്ച
ചൈനയുടെ ആഭ്യന്തരകാര്യത്തിലാണ് ജപ്പാൻ തലയിട്ടതെന്നും തകയ്ചിയുടേത് തരംതാണ പ്രസ്താവനയാണെന്നും ചൈന തിരിച്ചടിച്ചിരുന്നു.
ചൈനയുടെ ആഭ്യന്തര വിഷയത്തിൽ തലയിട്ടാൽ, ആ കഴുത്ത് മുറിച്ചുമാറ്റാൻ തയാറാണെന്ന് ജപ്പാനിലെ ചൈനീസ് കോൺസുൽ ജനറൽ ഷ്യൂ ജിയാൻ പറഞ്ഞത് ഭിന്നത കൂടുതൽ വഷളാക്കി. നിരുത്തവാദ പ്രസ്താവനയാണെന്ന് ജപ്പാൻ പ്രതികരിച്ചപ്പോൾ തകയ്ചിയുടെ വാക്കുകളോടുള്ള മറുപടി മാത്രമാണെന്നതാണ് ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ പ്രതികരിച്ചത്.
അതേസമയം, തന്റെ പരാമർശം പിൻവലിക്കില്ലെന്ന് വ്യക്തമാക്കിയ തകയ്ചി പക്ഷേ, ഭാവിയിൽ വാക്കുകളിൽ മിതത്വം പാലിക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞു.
അതേസമയം, ജപ്പാനിലേക്ക് പോകുന്നവർക്ക് ചൈന ജാഗ്രതാ മുന്നറിയിപ്പ് നൽകിയത് ജാപ്പനീസ് ഓഹരികൾക്ക് ആഘാതമായി. ടൂറിസവുമായി ബന്ധപ്പെട്ട
ഓഹരികൾ കനത്ത വിറ്റൊഴിയൽ സമ്മർദം നേരിട്ടു. വൻതോതിൽ ചൈനീസ് ടൂറിസ്റ്റുകളെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ബ്യൂട്ടി ആൻഡ് കോസ്മെറ്റിക്സ് കമ്പനിയായ ഷിസെയ്ഡോയുടെ ഓഹരി 11% ഇടിഞ്ഞു.
ഈസെടാൻ മീറ്റ്സുകോഷി ഹോൾഡിങ്സ്, ടോക്കിയോ ഡിസ്നി റിസോർട്ടിന്റെ ഓപ്പറേറ്റർമാരായ ഓറിയന്റൽ ലാൻഡ്, എഎൻഎ ഹോൾഡിങ്സ്, ഹാൻക്യു ഹാൻഷിൻ ഹോൾഡിങ്സ് എന്നിവ 2 മുതൽ 10% വരെയും താഴേക്കുപോയി.
ജപ്പാനിലെത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 2024ലെ കണക്കുപ്രകാരം 5% വിഹിതവുമായി 4-ാം സ്ഥാനത്താണ് ചൈനക്കാർ. ഏതാണ്ട് 70 ലക്ഷം ചൈനക്കാരാണ് കഴിഞ്ഞവർഷം ജപ്പാൻ സന്ദർശിച്ചത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ മലയാള മനോരമയുടേതല്ല.
ഇത് X/PM’s Office Japanൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

