ഒരു ദിവസം കോടതി നടപടികൾക്കിടയിലാണ് ജഡ്ജി ആമി പെൽമൻ അക്കാര്യം ശ്രദ്ധിച്ചത്, ഗർഭസ്ഥ ശിശുക്കളുടെ പിതൃത്വം ‘രഹസ്യമായി’ അവകാശപ്പെട്ട് ഒരു ചൈനക്കാരൻ കോടതിയിൽ എത്തിയത് ഒന്നല്ല, രണ്ടല്ല, 4 തവണ. യുഎസിലെ വാടക ഭർഭധാരണത്തിൽ കുട്ടികളുടെ അവകാശമുന്നയിച്ച് ‘രഹസ്യമായി’ സത്യവാങ്മൂലം സമർപ്പിക്കാം.
ഈ ചൈനക്കാരൻ തുടർച്ചയായി ഓരോ കുട്ടികളുടെ പിതൃത്വം ഉറപ്പിക്കാൻ എത്തുന്നത് ആമിയുടെ ശ്രദ്ധയിൽപ്പെട്ടു.
ചൈനീസ് വിഡിയോഗെയിം കമ്പനി നടത്തുന്ന സു ബോ എന്നയാളാണ് തുടർച്ചയായി കോടതിയിൽ എത്തിയത്. വാദത്തിനിടെയാണ് ഇയാൾ 4 കുട്ടികളുടെ പിതൃത്വത്തിനാണ് അവകാശമുന്നയിക്കുന്നതെന്ന് വ്യക്തമായത്.
എന്നാൽ, ഉദ്യോഗസ്ഥർ പിന്നീട് അന്വേഷിച്ചപ്പോൾ മനസ്സിലായത് ഇയാൾ വേറെ 8 വാടകഗർഭധാരണങ്ങൾക്ക് കൂടി ഉത്തരവാദിയാണ്.
‘‘എനിക്ക് അമേരിക്കയിൽ 20 കുട്ടികൾ വേണമെന്നാണ് ദീർഘകാല ആഗ്രഹം’’ കോടതിയുടെ ചോദ്യത്തിന് മറുപടിയായി സു ബോ പറഞ്ഞു. അവർ വളർന്ന് വലുതാകുമ്പോൾ ബിസിനസ് അവരെ ഏൽപ്പിക്കണം.
ചില കുട്ടികൾ അമ്മുമ്മമാർക്കൊപ്പം കലിഫോർണിയയിൽ കഴിയുന്നുണ്ട്. ഞാനിന്നുവരെ ആ കുട്ടികളെ പോയി കണ്ടിട്ടില്ല – ബോ പറഞ്ഞു.
എന്നാൽ, സു ബോയുടെ കമ്പനിയിലെത്തിയ ഉദ്യോഗസ്ഥർ മറിഞ്ഞത് മറ്റൊരു ഞെട്ടിക്കുന്ന കണക്കാണ്.
ബോയ്ക്ക് വാടക ഗർഭധാരണം വഴി അമേരിക്കയിൽ 100ലേറെ കുട്ടികളുണ്ട്. ഇതു ബോയുടെ മാത്രം കാര്യവുമല്ല.
ചൈനയിൽ നിന്നെത്തുന്ന ബിസിനസുകാരിൽ പലരും അമേരിക്കയിലെ വാടകഗർഭധാരണ ചട്ടം മുതലെടുത്ത് കൂടുതൽകൂടുതൽ മക്കളെ സൃഷ്ടിക്കുകയാണ്.
ചൈനയിലെ സിഷ്വാൻ ആസ്ഥാനമായുള്ള എക്സ്ജെ ഇന്റർനാഷനൽ ഹോൾഡിങ്സ് എന്ന കമ്പനി നടത്തുന്ന വാങ് ഹുവിന് ഇത്തരത്തിൽ യുഎസിൽ 10 പെൺകുട്ടികളുണ്ട്. തന്റെ പെൺമക്കൾ യുഎസിലെ അതിസമ്പന്നരെ വിവാഹം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.
ഹു ഇതു സംബന്ധിച്ച് ഒരാൾക്ക് അയച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് പ്രചരിച്ചത് എക്സ്ജെ കമ്പനിയുടെ ഓഹരിവില ഇടിയാനും വഴിവച്ചിരുന്നു.
മക്കളുണ്ടാകാൻ സാധ്യതയില്ലാത്ത ദമ്പതികളെ സഹായിക്കാനുള്ള നിയമം ചൈനീസ് പൗരന്മാർ ദുരുപയോഗം ചെയ്യുകയാണെന്ന് ജഡ്ജി ആമി പെൽമൻ പറഞ്ഞു. യുഎസിലെ പഴുതുകളുള്ള നിയമം ചൈനീസ് സമ്പന്നർ മുതലെടുക്കുകയാണ്.
അതിൽ ബിസിനസുകാർ മാത്രമല്ല; മോഡലുകൾ, പിച്ച്.ഡിയുള്ളവർ, സംഗീതജ്ഞർ തുടങ്ങിയവരൊക്കെയുണ്ട്.
കലിഫോർണിയയിൽ യുഎസ് യുവതികളുമായി ചേർന്ന് വാടകഗർഭധാരണത്തിന് വിദേശികളെ അനുവദിക്കുന്ന നിയമമുണ്ട്. ഇതിന്റെ കോടതി ഫയലിങ് നടപടികൾ രഹസ്യമായിരിക്കുമെന്ന ആനുകൂല്യമാണ് ചൈനക്കാർ അവസരമാക്കുന്നത്.
നാട്ടുകാർ ഇതറിയാൻ പോകുന്നില്ല. ഈ രഹസ്യ സ്വഭാവം ഒരാളെ വിവിധ ഗർഭധാരണ ഏജൻസികളെ സമീപിക്കാൻ പ്രേരിപ്പിക്കുന്നു.
ഒരു കലിഫോർണിയൻ യുവതി പറഞ്ഞത്, ഒരു ചൈനക്കാരൻ തന്നെ 4 തവണ സമീപിച്ചെന്നായിരുന്നു. അയാൾ പല ഏജൻസികളിലും പോയിരുന്നെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
ഓരോ വാടകഗർഭധാരണം ഉറപ്പാക്കുമ്പോഴും ഏജൻസികൾക്ക് 40,000 മുതൽ 50,000 ഡോളർ (ഏകദേശം 45 ലക്ഷം രൂപ) വരെ കിട്ടും.
എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കുമ്പോൾ ഓരോ കുട്ടിക്കും ചെലവ് ശരാശരി 2 ലക്ഷം ഡോളറാണ് (1.8 കോടി രൂപ). വിദേശികൾക്ക് അമേരിക്കയിൽ എത്താതെതന്നെ യുഎസിൽ വാടക ഗർഭധാരണ ‘നടപടിക്രമങ്ങൾ’ പൂർത്തിയാക്കാനും കഴിയും.
ഒറ്റകുട്ടി നയംമൂലം ചൈനയിൽ ‘പ്രതിസന്ധി’ നേരിട്ടിരുന്ന ബിസിനസുകാരാണ് യുഎസിലെ ഈ അനുകൂലനിയമം നേരത്തേ അവസരമാക്കിയിരുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. യുഎസിൽ ജനിച്ചവർ യുഎസ് പൗരന്മാരാണെന്നതിനാൽ ഈ കുട്ടികളുടെ എണ്ണത്തിന്റെ പേരിൽ ചൈനയിൽ പിഴയുണ്ടാകുമായിരുന്നില്ല.
പല ചൈനീസ് സമ്പന്ന ബിസിനസുകാരും 20 മുതൽ 100ലേറെ കുട്ടികളെയാണ് ഇത്തരത്തിൽ ആഗ്രഹിക്കുന്നതെന്ന് ഏജൻസികളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പത്തിലേറെ കുട്ടികളുള്ള ഇലോൺ മസ്ക് ഇവർക്കൊരു റോൾ മോഡലാണത്രേ. അതേസമയം, യുഎസിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വാഭാവിക യുഎസ് പൗരത്വമെന്ന നിയമം മാറ്റാൻ ട്രംപ് ഭരണകൂടം ശ്രമിക്കുന്നുണ്ട്.
മാതാപിതാക്കളിൽ ഒരാളെങ്കിലും യുഎസ് പൗരത്വം ഉള്ളയാളാണെങ്കിൽ മാത്രമേ ഇനി കുഞ്ഞിനും ജന്മനാ പൗരത്വം ലഭിക്കൂ. ഈ ഭേദഗതി പക്ഷേ, യുഎസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
യുഎസിൽ വാടകഭർഭ ധാരണത്തിൽ 41% ചൈനക്കാരാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

