ഒടുവിൽ, ഇന്ത്യയും യുഎസും തമ്മിലെ വ്യാപാരക്കരാർ യാഥാർഥ്യത്തിലേക്ക്. ഇന്ത്യൻ പ്രതിനിധിസംഘം തയാറാക്കിയ വിശദമായ വ്യാപാര പ്രോപ്പോസലുകൾ അമേരിക്കയ്ക്ക് കൈമാറി.
ഇനി ചർച്ചയുടെ ആവശ്യമില്ലെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് അമേരിക്കയാണെന്നുമാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഇന്ത്യയ്ക്കുമേൽ ചുമത്തിയത് കനത്ത തീരുവയാണെന്ന് കഴിഞ്ഞദിവസം സമ്മതിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, തീരുവ വൈകാതെ വെട്ടിക്കുറയ്ക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങൾക്കും പ്രയോജനപ്പെടുന്ന ഡീൽ ഉടനുണ്ടാകുമെന്നും ട്രംപ് പറഞ്ഞിരുന്നു.
‘‘ഇന്ത്യക്കാർക്ക് ഇപ്പോൾ എന്നെ ഇഷ്ടമല്ല. പക്ഷേ, അവരെന്നെ വീണ്ടും സ്നേഹിക്കും.
ഇന്ത്യ ഇപ്പോൾ റഷ്യൻ എണ്ണ വാങ്ങുന്നത് കുറച്ചിട്ടുണ്ട്. അത് വിലയിരുത്തി, തീരുവ ഞാൻ ഉടൻ കുറയ്ക്കും’’, കഴിഞ്ഞദിവസം ട്രംപ് പറഞ്ഞതിങ്ങനെ.
ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) ചട്ടങ്ങൾക്ക് അനുസൃതമായ പ്രൊപ്പോസലാണ് ഇന്ത്യ യുഎസിന് കൈമാറിയത്.
അതേസമയം, രാജ്യതാൽപര്യം ബലികഴിച്ച് വ്യാപാരക്കരാറുകളിൽ ഒപ്പിടില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. രാജ്യത്തെ കർഷകരുടെയും പാലുൽപന്ന മേഖലയുടെയും താൽപര്യങ്ങളെ ഹനിക്കുന്ന നടപടികളുണ്ടാവില്ല.
യുഎസിന്റെ കനത്ത തീരുവമൂലം പ്രതിസന്ധിയിലായ കൃഷി ഉൾപ്പെടെയുള്ള മേഖലകള്ക്ക് കരുത്തേകാനായി റഷ്യ ഉൾപ്പെടെ പുതിയ വിപണികളിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഗോയൽ പറഞ്ഞു.
സംസ്ഥാന വാണിജ്യ, വ്യവസായ മന്ത്രിമാരുടെ ഉദ്യോഗ് സമാഗം-2025 കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു പീയുഷ് ഗോയൽ.
ഓഹരികളിൽ കുതിപ്പിന്റെ കാറ്റ്
ട്രംപിന്റെ പ്രഖ്യാപനം, ഇന്ത്യ-യുഎസ് ഡീലിനുള്ള സാധ്യതകൾ, യുഎസിൽ ഷട്ട്ഡൗൺ പ്രതിസന്ധി മായുന്നത്, ആഗോള ഓഹരി വിപണികൾ കൈവരിച്ച നേട്ടം, കോർപറേറ്റ് കമ്പനികളുടെ മെച്ചപ്പെട്ട സെപ്റ്റംബർപാദ പ്രവർത്തനഫലം തുടങ്ങിയ അനുകൂല ഘടകങ്ങളുടെ കരുത്തിൽ നേട്ടയാത്ര തുടങ്ങാനുള്ള വെമ്പലിലാണ് ഇന്ത്യൻ ഓഹരികൾ.
ഇന്നലെ സെൻസെക്സ് 336 പോയിന്റ് (+0.40%) നേട്ടവുമായി 83,871ലും നിഫ്റ്റി 121 പോയിന്റ് (+0.47%) ഉയർന്ന് 25,694ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. ഇന്നു രാവിലെ ഗിഫ്റ്റ് നിഫ്റ്റി 143 പോയിന്റ് കുതിച്ചുകയറിത് സെൻസെക്സും നിഫ്റ്റിയും വൻ നേട്ടത്തോടെ വ്യാപാരം തുടങ്ങുമെന്ന പ്രതീക്ഷകളാണ് നൽകുന്നത്.
യുഎസുമായി ഡീൽ ഉടനുണ്ടാകുമെന്നും തീരുവഭാരം കുറയുമെന്നുമുള്ള പ്രതീക്ഷകളുടെ കരുത്തിൽ സീഫൂഡ്, വസ്ത്ര കയറ്റുമതി മേഖലയിലെ ഓഹരികൾ ഇന്നലെ മികച്ച നേട്ടം സ്വന്തമാക്കിയിരുന്നു.
സീഫൂഡ് കയറ്റുമതി രംഗത്തെ അപെക്സ് ഫ്രോസൻ, അവന്തി ഫീഡ്സ് തുടങ്ങിയവ 11% വരെ ഉയർന്നു. വസ്ത്ര കയറ്റുമതി രംഗത്തെ ഗോകൽദാസ് എക്സ്പോർട്സ്, റെയ്മണ്ട് ലൈഫ്സ്റ്റൈൽ എന്നിവയുടെ നേട്ടം 5% വരെ.
കേരളക്കമ്പനിയായ കിറ്റെക്സ് ഗാർമെന്റ്സ് 2.5% ഉയർന്നു.
യുഎസ് ഗവൺമെന്റ് ഷട്ടർ തുറക്കുന്നു!
യുഎസിൽ ട്രംപ് ഗവൺമെന്റ് കഴിഞ്ഞ 42 ദിവസമായി നേരിടുന്ന ഷട്ട്ഡൗണിന് ഉടൻ തിരശീല വീഴും. ഇതു സംബന്ധിച്ച ബിൽ സെനറ്റിൽ പാസായി.
ഇനി ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സ് കൂടി പാസാക്കിയാൽ ഷട്ട്ഡൗൺ ഒഴിവാകും. അതേസമയം, യുഎസ് ഓഹരികൾ സമ്മിശ്ര പ്രകടനമാണ് നടത്തിയത്. ഷട്ട്ഡൗൺ മാറുന്നത് നേട്ടമാണെങ്കിലും ടെക് ഓഹരികളിലുണ്ടായ വിൽപന സമ്മർദമാണ് തിരിച്ചടിയായത്.
ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയും ടെക് ഭീമനുമായ എൻവിഡിയയിലെ ഓഹരിപങ്കാളിത്തം പൂർണമായി വിറ്റൊഴിഞ്ഞെന്ന ജാപ്പനീസ് നിക്ഷേപക ബാങ്കായ സോഫ്റ്റ്ബാങ്കിന്റെ പ്രഖ്യാപനമാണ് തിരിച്ചടിയായത്.
സോഫ്റ്റ്ബാങ്കിന്റെ ഓഹരിവില 10% ഇടിഞ്ഞു. യുഎസ് ഫ്യൂച്ചേഴ്സിൽ ഡൗ ജോൺസ് 0.01% മാത്രം ഉയർന്നു.
എസ് ആൻഡ് പി, നാസ്ഡാക് 100 ഫ്യൂച്ചേഴ്സ് എന്നിവ 0.1 ശതമാനത്തിന് താഴെ നേട്ടമാണ് രേഖപ്പെടുത്തിയത്. ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.25%, ചൈനയിൽ ഷാങ്ഹായ് 0.27%, ഹോങ്കോങ് സൂചിക 0.75%, ഓസ്ട്രേലിയയുടെ എഎസ്എക്സ്200 സൂചിക 0.13%, യൂറോപ്പിൽ എഫ്ടിഎസ്ഇ 1.15%, ഡാക്സ് 0.53% എന്നിങ്ങനെയും ഉർന്നു.
ശ്രദ്ധയിൽ ഇന്ന് ഇവർ
ടാറ്റാ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, അശോക് ലെയ്ലാൻഡ്, ഹിന്ദുസ്ഥാൻ ഏയറോനോട്ടിക്സ്, ഇന്ദ്രപ്രസ്ഥ ഗ്യാസ്, ഐആർസിടിസി, ഇൻഫോ എഡ്ജ്, സ്പൈസ് ജെറ്റ്, പ്രസ്റ്റീജ് എസ്റ്റേറ്റ് തുടങ്ങിയവ ഇന്ന് പ്രവർത്തനഫലം പുറത്തുവിടും.
∙ ടാറ്റ പവർ ഇന്നലെ രണ്ടാംപാദ ഫലം പുറത്തുവിട്ടു.
ലാഭം 0.8% കുറഞ്ഞു; വരുമാനത്തിൽ ഒരു ശതമാനത്തിന്റെയും കുറവുണ്ടായി.
∙ ബിഎസ്ഇയുടെ ലാഭം 61% കുതിച്ചുകയറി; വരുമാനത്തിൽ 44.2 ശതമാനത്തിന്റെയും കുതിപ്പുണ്ട്.
∙ റെയിൽ വികാസ് നിഗത്തിന്റെ ലാഭം 19.7% കുറഞ്ഞു; വരുമാനം 5.5% ഉയർന്നു.
∙ കേരളക്കമ്പനിയായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ നഷ്ടം 190 കോടിയിൽ നിന്ന് 115.8 കോടിയായി കുറഞ്ഞു. എന്നാൽ, അറ്റ പലിശ വരുമാനം (എൻഐഐ) 32.5% കുറഞ്ഞത് തിരിച്ചടിയാണ്.
മൊത്തം നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) 7.48ൽ നിന്ന് പാദാടിസ്ഥാനത്തിൽ 8.54 ശതമാനത്തിലേക്കും അറ്റ നിഷ്ക്രിയ ആസ്തി (എൻഎൻപിഎ) 3.77ൽ നിന്ന് 3.83 ശതമാനത്തിലേക്കും കൂടുകയും ചെയ്തു.
∙ ഇന്ത്യൻ ഓഹരികളിൽ നിന്ന് വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്നലെയും 803 കോടിയുടെ ഓഹരികൾ വിറ്റൊഴിഞ്ഞു.
∙ രൂപ ഡോളറിനെതിരെ ഇന്നലെ 23 പൈസ ഉയർന്ന് 88.50ലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഷട്ട്ഡൗൺ പ്രതിസന്ധി മായുന്നതും ഇന്ത്യ-യുഎസ് ഡീൽ പ്രതീക്ഷകളും രൂപയ്ക്ക് കരുത്തായി.
സ്വർണവും എണ്ണയും
സ്വർണവില കാര്യമായ കുതിപ്പോ ഇടിവോ ഇല്ലാതെയാണുള്ളത്.
ഔൺസിന് 19 ഡോളർ വർധിച്ച് 4,133 ഡോളറിലാണ് രാവിലെ വ്യാപാരം. ഇന്ന് കേരളത്തിലെ വിലയിൽ വലിയ മാറ്റത്തിന് സാധ്യതയില്ല.
രാജ്യാന്തര ക്രൂഡ് ഓയിൽ വിലയും ചാഞ്ചാട്ടത്തിലാണ്. ഡബ്ല്യുടിഐ ക്രൂഡ് വിലയുള്ളത് ബാരലിന് 0.26% താഴ്ന്ന് 60.88 ഡോളറിൽ.
ബ്രെന്റ് വില 0.25% കുറഞ്ഞ് 65 ഡോളറിലും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

