
തിരുവനന്തപുരം ∙ ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന കേരള ക്ലൈമറ്റ് റസിലിയന്റ് അഗ്രി വാല്യു ചെയിൻ മോഡണൈസേഷൻ (കേര) പദ്ധതിയിൽ ഉൾപ്പെടുത്തി 30000 ഹെക്ടറിൽ റബർ തൈ നടീലിനു സഹായം നൽകാൻ തീരുമാനിച്ചതായി മന്ത്രി പി.പ്രസാദ് നിയമസഭയിൽ അറിയിച്ചു. 1360 ഹെക്ടറിൽ കാപ്പിയുടെ പുനർനടീലിനു നഴ്സറികൾക്കു സഹായം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഭാഗികമായ ക്രെഡിറ്റ് ഗാരന്റി എന്ന പേരിൽ 165 കോടി രൂപ റബർ, കാപ്പി, ഏലം എന്നിവയ്ക്കായി മാറ്റിവച്ചിട്ടുണ്ട്.
കർഷക കടാശ്വാസ കമ്മിഷൻ സർക്കാരിലേക്കു ശുപാർശ ചെയ്ത 269.81 കോടിയുടെ അപേക്ഷകളിൽ സഹകരണ സംഘം റജിസ്ട്രാറുടെ പരിശോധനയ്ക്കുശേഷം 154.70 കോടി രൂപ സഹകരണ ബാങ്കുകൾക്കു വിതരണം ചെയ്യാൻ ബാക്കിയുണ്ടെന്നു മന്ത്രി പറഞ്ഞു. ഇതിൽ 10.03 കോടി രൂപ കാർഷിക കടാശ്വാസമായി ഈ വർഷം അനുവദിച്ചിട്ടുണ്ട്. അവശേഷിക്കുന്ന തുക വിതരണം ചെയ്യാൻ നടപടിയെടുത്തിട്ടുണ്ട്.
കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആനുകൂല്യം കർഷകർക്കു നിഷേധിച്ചിട്ടില്ലെന്നും ഫണ്ടിന്റെ അപര്യാപ്തത മൂലം യഥാസമയം നൽകാൻ കഴിയാത്തതാണു പ്രശ്നമെന്നും മന്ത്രി പറഞ്ഞു. റിട്ടയർമെന്റ് ബെനഫിറ്റ്, വിവാഹ ധനസഹായം, പ്രസവ ധനസഹായം തുടങ്ങിയവയാണു കുടിശികയുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]