ഇന്ത്യയിലെ അസംഘടിത മേഖലയിൽ തൊഴിലാളികൾക്ക് ഏറ്റവുമധികം വാർഷിക വരുമാനം ലഭിക്കുന്ന നഗരമായി കേരളത്തിലെ എറണാകുളം തിരഞ്ഞെടുക്കപ്പെട്ടു. മുംബൈ, ഡൽഹി, ചെന്നൈ, ബംഗളൂരു തുടങ്ങിയ രാജ്യത്തെ പ്രമുഖ മെട്രോ നഗരങ്ങളെല്ലാം ഈ പട്ടികയിൽ പിന്നിലായി.
2025ലെ ആനുവൽ സർവേ ഓഫ് അൺഇൻകോർപറേറ്റഡ് സെക്ടർ എന്റർപ്രൈസസ് (അസ്യൂസ്-2025) പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് ഈ നേട്ടം.
പുതിയ സർവേ റിപ്പോർട്ട് അനുസരിച്ച്, എറണാകുളത്ത് അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ഒരാളുടെ വാർഷിക ശരാശരി വേതനം 2.18 ലക്ഷം രൂപയാണ്. എന്നാൽ മുംബൈ സബർബനിൽ ഇത് 1.81 ലക്ഷം രൂപ മാത്രമാണ്.
രാജ്യത്തെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടംപിടിച്ച നഗരങ്ങളിൽ ആറെണ്ണവും കേരളത്തിൽ നിന്നുള്ളവയാണെന്നത് ശ്രദ്ധേയമാണ്. പട്ടികയിൽ 2.13 ലക്ഷം രൂപ വാർഷിക വരുമാനവുമായി തമിഴ്നാട്ടിലെ തിരുപ്പൂർ രണ്ടാമതും, സമാനമായ തുകയോടെ തെലങ്കാനയിലെ രംഗറെഡ്ഡി മൂന്നാമതും എത്തിയിട്ടുണ്ട്.
കേരളത്തിൽ നിന്നും 2.12 ലക്ഷം രൂപയുമായി കോട്ടയം നാലാം സ്ഥാനവും, 2.09 ലക്ഷം രൂപയുമായി തൃശൂർ അഞ്ചാം സ്ഥാനവും സ്വന്തമാക്കി. ആൻഡമാൻ നിക്കോബാർ 2.08 ലക്ഷം രൂപയുമായി ആറാം സ്ഥാനത്ത് എത്തിയപ്പോൾ, 2.02 ലക്ഷം രൂപ നേടി വയനാട് ഏഴാം സ്ഥാനത്തും, 2.01 ലക്ഷം രൂപയുമായി ഇടുക്കി എട്ടാം സ്ഥാനത്തും ഇടംനേടി.
ജാർഖണ്ഡിലെ പലമു 1.99 ലക്ഷം രൂപയുമായി ഒമ്പതാം സ്ഥാനത്തും, ഏകദേശം സമാന തുകയുമായി തിരുവനന്തപുരം പത്താം സ്ഥാനത്തും എത്തിയിട്ടുണ്ട്. രാജ്യത്തെ മറ്റ് വൻകിട
നഗരങ്ങളിലെ വേതന നിലവാരം ഇതിലും താഴെയാണ്. പൂനെയിൽ ശരാശരി വാർഷിക വേതനം 1.75 ലക്ഷം രൂപ മാത്രമാണ്.
കർണാടകയിലെ ബംഗളൂരുവിൽ 1.57 ലക്ഷം രൂപ മാത്രമുള്ളപ്പോൾ മൈസൂരുവിൽ ഇത് 1.84 ലക്ഷം രൂപയാണ്. ചെന്നൈയിൽ 1.73 ലക്ഷം രൂപയും കോയമ്പത്തൂരിൽ 1.88 ലക്ഷം രൂപയുമാണ് ശരാശരി വരുമാനം.
ഗുജറാത്തിലെ വജ്രനഗരമായ സൂറത്തിൽ 1.86 ലക്ഷം രൂപയും അഹമ്മദാബാദിൽ 1.73 ലക്ഷം രൂപയും ഗാന്ധിനഗറിൽ 1.63 ലക്ഷം രൂപയുമാണ് അസംഘടിത മേഖലയിലെ വാർഷിക വേതനം. ഡൽഹിയോട് ചേർന്നുനിൽക്കുന്ന ഗുരുഗ്രാമിൽ 1.46 ലക്ഷം രൂപയാണെങ്കിൽ, ഹരിയാനയിലെ റോഹ്തക്കിൽ ഇത് 1.82 ലക്ഷം രൂപയാണ്.
ഉത്തർപ്രദേശിലെ ലക്നൗവിൽ 1.17 ലക്ഷം രൂപയും ഷാമ്ലിയിൽ 1.48 ലക്ഷം രൂപയുമാണ് കണക്കാക്കിയിട്ടുള്ളത്. പഞ്ചാബിലെ ഭട്ടിൻഡയിൽ 1.62 ലക്ഷം രൂപയും അമൃത്സറിൽ 1.17 ലക്ഷം രൂപയുമാണ് ഈ മേഖലയിലെ ശരാശരി വരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

