ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിൽ 50 വർഷത്തിനുശേഷം ഇതാദ്യമായി ഒരു എണ്ണ റിഫൈനറി വരുന്നു; അതു സ്ഥാപിക്കുന്നതാകട്ടെ ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് ഇക്കാര്യം പറഞ്ഞത്.
‘‘ചരിത്രപരമായ 300 ബില്യൻ ഡോളർ ഡീലാണിത്.
യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലുത്’’ – ട്രംപ് പറഞ്ഞു. 300 ബില്യനെന്നാൽ ഏകദേശം 27.5 ലക്ഷം കോടി ഇന്ത്യൻ രൂപ വരും.
നിക്ഷേപം നടത്തുന്നതിന് റിലയൻസ് ഇൻഡസ്ട്രീസിന് ട്രംപ് നന്ദിയും പറഞ്ഞു. നിലവിൽ ലോകത്തെ ഏറ്റവും വലിയ റിഫൈനറി റിലയൻസിന് സ്വന്തമാണ്.
ഗുജറാത്തിലെ ജാംനഗറിലാണിത്.
യുഎസിലെ ടെക്സസിലാണ് റിലയൻസ് റിഫൈനറി സ്ഥാപിക്കുകയെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയുടെ ദേശീയ സുരക്ഷ ഉറപ്പാക്കാനും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കാനും പ്ലാന്റ് സഹായകമാകും.
ബില്യൻ കണക്കിന് ഡോളറിന്റെ സാമ്പത്തികനേട്ടം രാജ്യത്തിന് ലഭിക്കും. ലോകത്തെ ഏറ്റവും വലിയ ഹരിത റിഫൈനറിയായിരിക്കും ഇതെന്നും ട്രംപ് വ്യക്തമാക്കി.
100 ശതമാനവും യുഎസ് ഷെയിൽ ഓയിലായിരിക്കും റിലയൻസിന്റെ അമേരിക്കൻ റിഫൈനറി കൈകാര്യം ചെയ്യുക.
‘അമേരിക്ക ഫസ്റ്റ് റിഫൈനിങ്’ കമ്പനിയുമായി ചേർന്ന് 20 വർഷത്തെ ഡീലിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ഏർപ്പെടുന്നതെന്നാണ് വിവരം. റിലയൻസോ അമേരിക്ക ഫസ്റ്റ് റിഫൈനിങ്ങോ പ്രതികരിച്ചിട്ടില്ല.
125 ബില്യൻ ഡോളർ മതിക്കുന്ന 120 കോടി ബാരൽ യുഎസ് ലൈറ്റ് ഷെയിൽ ഓയിലായിരിക്കും റിഫൈനറി കൈകാര്യം ചെയ്യുക.
ട്രംപ് ഡീൽ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ റിലയൻസ് ഇൻഡ്സ്ട്രീസ് ഓഹരികൾ ഇന്ന് 2% വരെ ഉയർന്നെങ്കിലും പിന്നീട് നേരിയ നഷ്ടത്തിലായി. എൻഎസ്ഇയിൽ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേത്ത് കടന്നപ്പോൾ ഓഹരിവിലയുള്ളത് 0.27% നഷ്ടവുമായി 1,405.30 രൂപയിൽ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
സ്വർണം, വെള്ളി, റബർ, കുരുമുളക്, വെളിച്ചെണ്ണ, അടയ്ക്ക, തേങ്ങ, കൊപ്ര, അരി തുടങ്ങിയവയുടെ വിലനിലവാരം അറിയാൻ കമ്മോഡിറ്റി പേജ് സന്ദർശിക്കൂ:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

