ക്വിക്ക് കൊമേഴ്സ് സ്റ്റാർട്ടപ്പായ സെപ്റ്റോയ്ക്ക് പ്രാഥമിക ഓഹരി വിൽപന (ഐപിഒ) നടത്താൻ അനുമതി നൽകി സെക്യുരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് (സെബി). ഏതാണ്ട് 7,500 കോടി രൂപയ്ക്കും 9,300 കോടി രൂപയ്ക്കും ഇടയിലുള്ള തുക സമാഹരിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഇക്കൊല്ലം ആദ്യത്തോടെയാണ് കമ്പനി രഹസ്യമായി ഐപിഒയ്ക്ക് അനുമതി തേടി ഡിആർഎച്ച്പി സമർപ്പിച്ചത്. അനുമതി ലഭിച്ചതോടെ ഇത് പുതുക്കി നൽകേണ്ടി വരും.
ഐപിഒ ലിസ്റ്റിങ്ങിനുള്ള നടപടിക്രമങ്ങളും കമ്പനി വേഗത്തിലാക്കുമെന്നാണ് കരുതുന്നത്.
2020ൽ സ്ഥാപിതമായ സെപ്റ്റോ ഇന്ത്യൻ ഓഹരി വിപണിയിൽ അതിവേഗത്തിൽ ലിസ്റ്റ് ചെയ്യുന്ന കമ്പനികളിലൊന്നായിരിക്കും. റെക്കോർഡ് വേഗത്തിൽ ഐപിഒ സാധ്യമാക്കിയ പുതുയുഗ ഇന്റർനെറ്റ് കമ്പനിയെന്ന നേട്ടവും സെപ്റ്റോ സ്വന്തമാക്കും.
ക്വിക്ക് കൊമേഴ്സ് മേഖലയിൽ നിന്ന് വിപണിയിലെത്തുന്ന ഏക കമ്പനിയായിരിക്കും സെപ്റ്റോയെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതിവേഗത്തിൽ ഡെലിവറി സാധ്യമാക്കുന്ന ക്വിക്ക് കൊമേഴ്സ് മേഖലയിൽ ഇന്ത്യയിൽ മത്സരം മുറുകുന്നതിനിടെയാണ് സെപ്റ്റോ ഐപിഒ വരുന്നതെന്നും ശ്രദ്ധേയം. ബ്ലിങ്കിറ്റ്, സ്വിഗി ഇൻസ്റ്റമാർട്ട്, ആമസോൺ നൗ, ഫ്ളിപ്കാർട് മിനിറ്റ്സ്, ബിഗ് ബാസ്ക്കറ്റ് തുടങ്ങിയ നിരവധി കമ്പനികളാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്.
ഇതിനിടയിലും മികച്ച വളർച്ച നേടാൻ ആദിത് പാലിച്ച നേതൃത്വം നൽകുന്ന കമ്പനിക്ക് കഴിഞ്ഞിരുന്നു. 15 -17 ലക്ഷം ഡെലിവറികളാണ് നേരത്തെ കമ്പനി നടത്തിയിരുന്നത്.
ഇന്നത് 25 ലക്ഷം ഓർഡറുകളായി മാറിയെന്നാണ് കണക്ക്. എന്നാൽ കമ്പനിയുടെ കനത്ത നഷ്ടമാണ് സെപ്റ്റോയ്ക്ക് തിരിച്ചടിയാകുന്നത്.
ഇതിന് പരിഹാരം കാണാൻ 2028-29 സാമ്പത്തിക വർഷത്തിനുള്ളിൽ സെപ്റ്റോയോ ലാഭകരമാക്കി മാറ്റാനുള്ള പദ്ധതിയും പ്രീ ഐപിഒ റോഡ്ഷോകളിൽ കമ്പനി അവതരിപ്പിക്കുന്നുണ്ട്.
സെപ്റ്റോയ്ക്ക് പുറമെ ഇക്കൊല്ലം ഐപിഒ വിപണിയിലെത്തുന്നത് നിക്ഷേപകർ കാത്തിരുന്ന ഒരുപിടി കമ്പനികളാണ്. റിലയൻസ് ജിയോ, എൻഎസ്ഇ, എസ്ബിഐ മ്യൂച്വൽ ഫണ്ട് എന്നീ കമ്പനികളുടെ ഐപിഒ ഇക്കൊല്ലം തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നത്.
അടുത്ത മാസത്തോടെ അപേക്ഷ സമർപ്പിച്ച് നടപ്പുസാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ലിസ്റ്റ് ചെയ്യാനാണ് എൻഎസ്ഇ ആലോചിക്കുന്നത്. ഏതാണ്ട് 23,000 കോടിയാണ് എൻഎസ്ഇ സമാഹരിക്കുന്നതെന്നാണ് വിവരം.
ഇന്ത്യ കണ്ട ഏറ്റവും വലിയ ഐപിഒകളിലൊന്നാകുമെന്ന് കരുതുന്ന റിലയൻസ് ജിയോ ഐപിഒയും ഇക്കൊല്ലം തന്നെയുണ്ടാകും.
ജിയോ ഐപിഒ വൈകില്ലെന്ന് അടുത്തിടെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും പറഞ്ഞിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

