പുനരുപയോഗ ഊർജമേഖലയിൽ വൻതോതിൽ നിക്ഷേപം നടത്തിയ രാജ്യത്തിന് വൻ സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് രാജ്യാന്തര ഊർജ ഏജൻസി (ഐഇഎ) വ്യക്തമാക്കി. അടുത്ത നാലു വർഷത്തിനുള്ളിൽ കൽക്കരി, പ്രകൃതിവാതക ഇറക്കുമതിയിലൂടെ ഇന്ത്യയ്ക്ക് 24,000 കോടി ഡോളർ (22.5 ലക്ഷം കോടി രൂപ) ലാഭിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
രാജ്യാന്തര തലത്തിൽ സംഘർഷാവസ്ഥകളും പ്രതിസന്ധികളും രൂപപ്പെടുമ്പോൾ വിപണിയെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കാൻ ഇതിലൂടെ ഇന്ത്യയ്ക്ക് സാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യയുടെ ഈ കുതിച്ചുചാട്ടം മറ്റു വികസ്വര രാജ്യങ്ങൾക്ക് വലിയ മാതൃകയാണെന്ന് ഐഇഎ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തിഹ് ബിറോൾ അഭിപ്രായപ്പെട്ടു.
കേന്ദ്ര പുനരുപയോഗ ഊർജ വകുപ്പ് മന്ത്രി പ്രൾഹാദ് ജോഷിയുടെ എക്സ് പോസ്റ്റിന് മറുപടിയായാണ് അദ്ദേഹം ഈ നിർണായക വിവരങ്ങൾ പങ്കുവെച്ചത്. ഹരിത ഊർജ മേഖലയിലെ ഇന്ത്യയുടെ ശക്തമായ നയങ്ങളും, കുറഞ്ഞ ഉൽപ്പാദന ചെലവും, നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള അസാധാരണ കഴിവും മറ്റ് രാജ്യങ്ങൾ പഠിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഐഇഎ പുറത്തിറക്കിയ ‘ഇന്ത്യ റിന്യൂവബിൾ എനർജി മാർക്കറ്റ് റിപ്പോർട്ട് 2026’ അനുസരിച്ചാണ് പുതിയ കണക്കുകൾ പുറത്തുവന്നിട്ടുള്ളത്. ഇന്ധനവില നിലവിലെ ശരാശരി നിരക്കിൽ തുടരുകയാണെങ്കിൽ, 2030ഓടെ മാത്രം ഫോസിൽ ഇന്ധന ഇറക്കുമതി ബില്ലിൽ 3500 കോടി ഡോളറിന്റെ (ഏകദേശം 3.2 ലക്ഷം കോടി രൂപ) കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ഈ സാമ്പത്തിക നേട്ടത്തിൽ സിംഹപങ്കും സോളർ പദ്ധതികളിലൂടെയായിരിക്കും കൈവരിക്കുക. മൊത്തം ലാഭത്തിന്റെ 60 ശതമാനവും സൗരോർജത്തിൽ നിന്നും, ഏകദേശം 30 ശതമാനം ലാഭം കാറ്റിൽ നിന്നുള്ള ഊർജ പദ്ധതികളിൽ നിന്നും ലഭ്യമാകും.
നിലവിൽ രാജ്യത്തിന്റെ പുനരുപയോഗ ഊർജ ഉൽപാദനം 300 ജിഗാവാട്ട് പിന്നിട്ടിട്ടുണ്ട്. വരുന്ന 2030ഓടെ ഇത് 530 ജിഗാവാട്ട് ശേഷിയിലേക്ക് ഉയരുമെന്നാണ് ഐഇഎ പ്രവചിക്കുന്നത്.
ഇതിൽ 350 ജിഗാവാട്ടും സൗരോർജത്തിൽ നിന്നായിരിക്കും ഉൽപ്പാദിപ്പിക്കുക. ഉൽപാദന ശേഷി വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ ഊർജ വിതരണ ശൃംഖലകളിലും ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങളിലും നിക്ഷേപങ്ങൾ ഇനിയും തുടരേണ്ടതിന്റെ ആവശ്യകതയും ഏജൻസി ഓർമിപ്പിച്ചിട്ടുണ്ട്.
നിലവിൽ ലോകത്തിൽ ഏറ്റവും വേഗത്തിൽ വളർച്ച കൈവരിക്കുന്ന രണ്ടാമത്തെ പുനരുപയോഗ ഊർജ വിപണിയാണ് ഇന്ത്യ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

