പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങൾ രാജ്യാന്തര വിപണികളെ വീണ്ടും കടുത്ത അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ലോകത്തിന്റെ അഞ്ചിലൊന്ന് ക്രൂഡോയിലും കടന്നു പോയിരുന്ന പ്രധാന സമുദ്രപാതയിൽ ഇസ്രയേൽ കപ്പലുകൾക്ക് ഇറാൻ പ്രവേശനം വിലക്കുമെന്ന റിപ്പോർട്ടുകളാണ് നിലവിലെ പ്രധാന ഭീഷണി.
ഹോർമുസിന്റെ നിയന്ത്രണം സ്വയം ഏറ്റെടുക്കുന്ന തരത്തിൽ ഒമാനുമായി ഇറാൻ ധാരണയിലെത്തിയ കരാറിലാണ് കപ്പലുകളെ വിലക്കുന്ന വ്യവസ്ഥകളുള്ളത്. ഇത് ട്രംപ് ഭരണകൂടം അംഗീകരിക്കാൻ സാധ്യതയില്ല.
ഈ സാഹചര്യങ്ങൾ സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിപണിയിലെ വിലയിരുത്തൽ. എന്നാൽ യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.
ഇറാന് കൂടുതൽ കാലം പിടിച്ചു നിൽക്കാനാവില്ലെന്നും, ഇറാനെ ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്നും അത് ലോകത്തിനു വലിയ അപകടമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ആശങ്കകളെത്തുടർന്ന് രാജ്യാന്തര തലത്തിൽ വിപണികൾ ജാഗ്രതയിലാണ്.
ഇന്നലെ യുഎസ് വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏഷ്യൻ വിപണികളിലും സമാനമായ ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്.
ഇന്ത്യൻ വിപണിയിലേക്കും ഈ നഷ്ടം വ്യാപിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഉയർന്ന് ക്രൂഡോയിൽ വില
ഇറാൻ-യുഎസ് സംഘർഷത്തിന് പരിഹാരമാകാത്തത് ക്രൂഡോയിൽ വിപണിയെയും ബാധിച്ചു.
ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 83.52 ഡോളറിലെത്തി. ഡബ്ല്യുടിഐ ബാരലിന് 78 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
യുഎഇയുടെ മർബൻ വില 80 ഡോളറിന് തൊട്ടടുത്തെത്തി. എണ്ണവില ഉയർന്നത് വീണ്ടും പണപ്പെരുപ്പ ഭീഷണി വർധിപ്പിച്ചിട്ടുണ്ട്.
ഹോർമുസിൽ വീണ്ടും കപ്പലുകളെ ഇറാൻ ആക്രമിച്ചെന്ന വാർത്തയും എണ്ണവിപണിക്ക് തിരിച്ചടിയായി. സ്വർണവിലയിൽ ചാഞ്ചാട്ടം
ക്രൂഡോയിൽ വില ഉയർന്നതോടെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്കും കയറിയിട്ടുണ്ട്.
ഇത് സ്വർണവിലയിലെ മുന്നേറ്റത്തിന് തടസ്സമായി. അടുത്ത ദിവസങ്ങളിൽ പുറത്തുവരാനിരിക്കുന്ന തൊഴിൽ കണക്കുകൾ പരിശോധിച്ച് സെപ്റ്റംബറിൽ അടിസ്ഥാന പലിശ വർധിപ്പിക്കുമെന്ന റിപ്പോർട്ടുകളും ഡോളറിനു കരുത്തുപകർന്നു.
ഇന്നലെ ഔൺസിന് 4300 ഡോളറിലെത്തിയ സ്വർണത്തിന്റെ കയറ്റം പിന്നീട് മന്ദഗതിയിലായി. ഇന്നലെ 4241 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണം ഇന്ന് ചെറുതായി ഉയർന്ന് 4253 ഡോളറെന്ന നിലയിലാണ്.
കേരളത്തിൽ ഇന്നലെ സ്വർണവില ഗ്രാമിന് 265 രൂപ വർധിച്ച് 13,725 രൂപയും പവന് 2120 രൂപ വർധിച്ച് 1,09,800 രൂപയുമായിരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഗ്രാമിന് 525 രൂപയും പവന് 4,200 രൂപയുമാണ് വർധിച്ചത്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവു വന്നതും ക്രൂഡ് ഓയിൽ വില താഴ്ന്നതും സ്വർണ വിലയ്ക്കു കരുത്തായി. രാജ്യാന്തര സ്വർണവില ട്രോയ് ഔൺസിന് (31.1ഗ്രാം) 4264 ഡോളർ നിരക്കിലാണ്.
ഇന്ത്യൻ ഓഹരി വിപണിയിൽ ജാഗ്രത
ഇന്നലെ ഇന്ത്യൻ ഓഹരി വിപണി വളരെ ജാഗ്രതയോടെയാണ് നീങ്ങിയത്. ഇറാൻ-യുഎസ് സമാധാന ശ്രമങ്ങൾക്ക് കൂടുതൽ വ്യക്തത വരട്ടെയെന്ന നിലപാടിലായിരുന്നു നിക്ഷേപകർ.
പ്രമുഖ ഓഹരികളിലെ ക്ഷീണവും വിപണിയെ ബാധിച്ചു. സെൻസെക്സ് 0.26 ശതമാനം നേട്ടത്തിൽ 78,785 ലെത്തി.
നിഫ്റ്റിയാകട്ടെ 0.05 ശതമാനം മാത്രം ഉയർന്ന് 24,636 ലും ക്ലോസ് ചെയ്തു. കഴിഞ്ഞ ദിവസം ആർബിഐ പുറത്തുവിട്ട
പണനയ തീരുമാനങ്ങളും സാമ്പത്തിക പുരോഗതിയെക്കുറിച്ചുള്ള അവലോകനങ്ങളും നിക്ഷേപകർക്ക് ആവേശമായിരുന്നുവെങ്കിലും പശ്ചിമേഷ്യയിലെ നീക്കങ്ങൾ തിരിച്ചടിയായി. ഇന്ന് ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തോടെ വ്യാപാരം ആരംഭിക്കാനാണ് സാധ്യത.
പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾ തുലാസിലായതും ക്രൂഡോയിൽ വില ഉയർന്നതും ഇന്ത്യൻ വിപണിക്കും തിരിച്ചടിയാകും. എന്നാൽ കമ്പനികളുടെ ഒന്നാം പാദ ഫലങ്ങൾ പുറത്തുവരുന്നതിനാൽ ചില മേഖലകളിലെ ഓഹരികൾ ശ്രദ്ധാകേന്ദ്രമാകും.
ഗിഫ്റ്റ് നിഫ്റ്റിയിലെ ട്രെൻഡ് വിപണി ചാഞ്ചാട്ടത്തിലാകുമെന്നതിന്റെ സൂചനയാണ് നൽകുന്നത്. എൽഐസി ലാഭത്തിൽ 23 ശതമാനം വർധന
നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) ലാഭം 23 ശതമാനം ഉയർന്ന് 13,492 കോടി രൂപയായി.
മുൻവർഷം ഇതേ പാദത്തിൽ ഇത് 10,987 കോടിയായിരുന്നു. മൊത്തം വരുമാനം 2,37,848 കോടിയായി ഉയർന്നു.
മുൻവർഷം ഇത് 2,22,864 കോടിയായിരുന്നു. ആദ്യ വർഷ പ്രീമിയത്തിൽ നിന്നുള്ള വരുമാനം 9,217 കോടിയായി മാറി.
കഴിഞ്ഞ വർഷം ഇത് 7,525 കോടിയായിരുന്നു. കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം എൽഐസിയിൽ 31,552 കോടി രൂപയുടെ ഓഹരി വിൽപന നടത്തിയിരുന്നു.
വാഹന വിൽപനയിൽ മുന്നേറ്റം
ഇന്ത്യയിലെ ആകെ വാഹന വിൽപന ജൂലൈയിൽ 25.89 ശതമാനം ഉയർന്ന് 25,91,138 യൂണിറ്റിലെത്തി. ജിഎസ്ടി ഇളവുകളെ തുടർന്ന് വാഹന വില കുറഞ്ഞതാണ് വിപണിക്ക് ഊർജമേകുന്നത്.
പാസഞ്ചർ വാഹനങ്ങളുടെ വിൽപന 4,16,555 യൂണിറ്റാണ്. മുൻവർഷം ഇതേ കാലയളവിൽ ഇത് 3,49,674 യൂണിറ്റായിരുന്നു (19.13 ശതമാനം വളർച്ച).
ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന 18,18,289 യൂണിറ്റായി ഉയർന്നു (28.25 ശതമാനം വർധന). ആകെ വിൽപനയിൽ ബദൽ ഇന്ധന വാഹനങ്ങളുടെ പങ്കാളിത്തം 40.59 ശതമാനത്തിലേക്ക് ഉയർന്നു.
ഫെഡറേഷൻ ഓഫ് ഓട്ടോമോട്ടീവ് ഡീലേഴ്സ് അസോസിയേഷന്റെ കണക്കുപ്രകാരം പെട്രോൾ വാഹനങ്ങൾ 41.68 ശതമാനമാണ്. ഇന്ന് ഓട്ടോമൊബിൽ ഓഹരികൾ വിപണിയുടെ ശ്രദ്ധാകേന്ദ്രമാകും.
ഏഷ്യൻ വിപണികൾ സമ്മിശ്രമായാണ് പ്രതികരിക്കുന്നത്. ചൈനീസ് കയറ്റുമതി കണക്കുകൾ കാത്തിരിക്കുകയാണ് ഏഷ്യൻ നിക്ഷേപകർ.
ജപ്പാനിലെ നിക്കെയ് സൂചിക 1 ശതമാനത്തോളം ഇടിഞ്ഞു. കൊറിയൻ കോസ്പി സൂചികയും ഹോങ്കോങ് സൂചികയും നഷ്ടത്തിലാണ്.
എന്നാൽ ഷാൻഹായ് സൂചിക നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. യുഎസ് വിപണി സൂചികകളും ഇന്നലെ നഷ്ടത്തിലായിരുന്നു.
പശ്ചിമേഷ്യൻ സംഘർഷം തന്നെയാണ് നിക്ഷേപകരെ പ്രധാനമായും ബാധിച്ചത്. ഡൗ ജോൺസ് സൂചിക അഞ്ചു ദിവസത്തെ ലാഭക്കുതിപ്പിന് വിരാമമിട്ട് 0.85 ശതമാനം നഷ്ടത്തിലായി.
എസ് ആൻഡ് പി, നാസ്ഡാക്ക് സൂചികകൾ താരതമ്യേന കുറഞ്ഞ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഉടൻ പുറത്തുവരുന്ന പ്രതിമാസ തൊഴിൽ കണക്കുകളും നിക്ഷേപകരെ ജാഗ്രതയിലാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

