സർപ്രൈസുകളൊന്നുമില്ല. സ്വർണവും വെള്ളിയും മുകളിലോട്ടുതന്നെ.
സംസ്ഥാനത്ത് സ്വർണം ഗ്രാമിന് 60 രൂപ വർധിച്ച് 12,785 രൂപയിലെത്തി. പവൻ വില 480 രൂപ വർധിച്ച് 1,02,280 രൂപയുമായി.
രാജ്യാന്തര വിപണിയിൽ അരശതമാനത്തോളം വില കയറിയതും യുഎസ് ഡോളറിന്റെ വിനിമയ നിരക്ക് മെച്ചപ്പെട്ടതുമാണ് സ്വർണവിലക്കയറ്റത്തിന് കാരണം. വെള്ളി വില ഗ്രാമിന് 10 രൂപ വർധിച്ച് 265 രൂപയിലെത്തി.
വെനസ്വേലയിലെ യുഎസ് സൈനിക നടപടിയ്ക്ക് പിന്നാലെ ഭൗമരാഷ്ട്രീയ സാഹചര്യം വഷളായത് സ്വർണ വില ഉയർത്തിയിരുന്നു.
ഇതിന് പിന്നാലെ നിക്ഷേപകർ ചെറിയ രീതിയിൽ ലാഭമെടുപ്പ് നടത്തിയെങ്കിലും വില മുകളിലോട്ട് തന്നെയാണ്. യുഎസിലേക്ക് 2 ബില്യൻ ഡോളർ വില വരുന്ന ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യാമെന്ന് വെനസ്വേല സമ്മതിച്ചെന്നാണ് റിപ്പോർട്ട്.
പുതിയ ഭരണകൂടം നിലവിൽ വന്നാലും വെനസ്വേല യുഎസ് നിരീക്ഷണത്തിലായിരിക്കുമെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന. താൽകാലിക ഭരണകൂടം സഹകരിച്ചില്ലെങ്കിൽ ഇനിയും സൈനിക നടപടിയുണ്ടാകുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
ഗ്രീൻലൻഡിന് നേരെ സൈനിക നടപടിയുണ്ടായേക്കുമെന്നും ട്രംപ് സൂചന നൽകുന്നുണ്ട്. ഇത് വീണ്ടും സംഘർഷ സാധ്യത വർധിപ്പിക്കുകയും സ്വർണത്തിന്റെ സുരക്ഷിത നിക്ഷേപമെന്ന പദവി നിലനിര്‍ത്തുകയും ചെയ്തു.
ഇതിന് പുറമെ യുഎസ് അടിസ്ഥാന പലിശനിരക്കിൽ വീണ്ടും മാറ്റം വരുമെന്ന പ്രതീക്ഷയും സ്വർണവില വർധിക്കാനുള്ള കാരണമാണ്.
അടുത്ത ദിവസങ്ങളിൽ പുറത്തുവരുന്ന യുഎസ് തൊഴിൽ–സാമ്പത്തിക കണക്കുകൾ നിർണായകമാകും. ഇക്കൊല്ലം രണ്ട് തവണ ഫെഡ് നിരക്ക് കുറയ്ക്കുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്.
സാമ്പത്തിക രംഗത്തെ മുന്നോട്ടു കൊണ്ടുപോകാൻ നിരക്ക് മാറ്റം അത്യാവശ്യമാണെന്ന് ഫെഡറൽ റിസർവ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് അരശതമാനത്തോളം വില വർധിച്ച് 4,466 ഡോളറെന്ന നിലയിലാണ് സ്വർണം. ഒരു വേള 4,500 ഡോളറിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും ലാഭമെടുപ്പ് വർധിച്ചതോടെ വില ഇടിയുകയായിരുന്നു.
വെള്ളിയാകട്ടെ ഔൺസിന് നാല് ശതമാനത്തോളം വര്‍ധിച്ച് 79 ഡോളറിലാണ്. അടുത്ത ദിവസങ്ങളിലും വില വർധിക്കാനുള്ള സാഹചര്യമുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
അങ്ങനെയെങ്കിൽ സ്വർണവും വെള്ളിയും പുതിയ ഉയരത്തിലെത്തും.
കേരളത്തിൽ ഇന്നും 18 കാരറ്റ് സ്വർണത്തിന് രണ്ട് വിലയാണ്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) ഗ്രാമിന് 50 രൂപ വർധിപ്പിച്ച് 10,615 രൂപയാണ് നിശ്ചയിച്ചത്.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന് (കെജിഎസ്എംഎ) കീഴിലുള്ള ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണം ഗ്രാമിന് 10,510 രൂപയിലാണ് വ്യാപാരം.
ആഭരണം വാങ്ങാൻ
ഇന്നത്തെ വില അനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങാൻ 10 ശതമാനം പണിക്കൂലിയും നികുതിയും ഹോൾമാർക്കിങ് ചാർജുകളും ചേർത്ത് 1,16,000 രൂപയെങ്കിലും വേണ്ടി വരും. ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് മൂന്ന് മുതൽ മുപ്പത് ശതമാനം വരെയാണ് സ്വർണത്തിന് പണിക്കൂലി ഈടാക്കുന്നത്.
കൂടാതെ മൂന്ന് ശതമാനം ജിഎസ്ടിയുമുണ്ട്. ഹോൾമാർക്കിംഗ് ചാർജായി 45 രൂപയും അതിന്റെ ജിഎസ്ടിയായി 18 ശതമാനവും നൽകണം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

