ഡൽഹി സർക്കാർ നടപ്പിലാക്കുന്ന സാമ്പത്തിക സഹായ പദ്ധതിയായ ‘ഡൽഹി ലക്ഷ്മി യോജന’ നിയമനടപടികളിലേക്ക്. പദ്ധതിയിൽ അംഗങ്ങളാകാൻ എംഎൽഎമാരുടെയും എംപിമാരുടെയും ശുപാർശക്കത്ത് നിർബന്ധമാക്കിയതിനെതിരെയാണ് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
കൂടാതെ, മൂന്നിലധികം കുട്ടികളുള്ള സ്ത്രീകൾക്ക് പദ്ധതിയിൽ ചേരാൻ അർഹതയില്ലെന്ന നിബന്ധനയും നേരത്തെ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സംസ്ഥാനത്തെ 21നും 60നും ഇടയിൽ പ്രായമുള്ള നിർധനരായ വനിതകൾക്ക് മാസം 2500 രൂപ വീതം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചത്.
ഇതിൽ 1000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കും, ബാക്കി 1500 രൂപ റിക്കറിങ് ഡെപ്പോസിറ്റ് (ആർഡി) അക്കൗണ്ടിലേക്കുമാണ് നൽകുന്നത്. ഗുണഭോക്താക്കൾക്ക് ദീർഘകാല സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 3 വർഷത്തെ ലോക്ക്-ഇൻ കാലയളവുള്ള ആർഡി അക്കൗണ്ട് സംവിധാനം ഏർപ്പെടുത്തിയത്.
അതായത്, 2029-ഓടെ മാത്രമേ ഈ തുക പിൻവലിക്കാൻ സാധിക്കൂ. പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന 1000 രൂപ കേന്ദ്രസർക്കാരും റിസർവ് ബാങ്കും ചേർന്ന് അവതരിപ്പിച്ച ഡിജിറ്റൽ കറൻസിയായ (സിബിഡിസി) വാലറ്റിലാണ് ലഭ്യമാകുക.
മദ്യം, പുകയില ഉൽപ്പന്നങ്ങൾ തുടങ്ങിയ ലഹരിപദാർത്ഥങ്ങൾ വാങ്ങുന്നതിന് ഈ തുക ഉപയോഗിക്കാൻ കഴിയില്ലെന്ന കർശന നിബന്ധനയുമുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ.ഉപാധ്യായ, ജസ്റ്റിസ് തേജസ് കാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഹർജി പരിഗണിക്കുന്നത്.
അഭിഭാഷകയായ ഷബാന ഹുസൈൻ നൽകിയ ഹർജിയിൽ, രാഷ്ട്രീയ പ്രതിനിധികളുടെ ശുപാർശ നിർബന്ധമാക്കുന്നത് വിവേചനപരമാണെന്നും ഇത് സാധാരണക്കാരായ അർഹരായ പലർക്കും പദ്ധതിയുടെ ഗുണം ലഭിക്കുന്നതിന് തടസ്സമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. വിഷയം പരിശോധിച്ച കോടതി, സർക്കാരിനോട് വിശദീകരണം തേടുകയും കേസ് സെപ്റ്റംബർ 17-ലേക്ക് മാറ്റുകയും ചെയ്തു.
17 ലക്ഷം വനിതകളെ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതി സുതാര്യമായിരിക്കണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം. പദ്ധതിയിൽ ചേരുന്നതിനുള്ള മാനദണ്ഡങ്ങൾ:
പദ്ധതിക്കായി അപേക്ഷിക്കുന്നവർ 21നും 60നും ഇടയിൽ പ്രായമുള്ളവരും കുടുംബത്തിലെ ഏറ്റവും മുതിർന്ന വനിതാ അംഗവും ആയിരിക്കണം.
വാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ താഴെയായിരിക്കണം. അപേക്ഷകയോ കുടുംബാംഗങ്ങളോ കുറഞ്ഞത് 10 വർഷമായി ഡൽഹിയിൽ താമസിക്കുന്നവരും, അപേക്ഷക ഡൽഹിയിലെ വോട്ടറുമായിരിക്കണം.
പ്രതിവർഷ വൈദ്യുതി ഉപഭോഗം 2400 യൂണിറ്റിൽ കൂടരുത്. ആദായനികുതിദായകർ, ജിഎസ്ടി ദായകർ, സർക്കാർ/പൊതുമേഖലാ ജീവനക്കാർ, സ്വന്തമായി കാറുള്ളവർ, ക്രിമിനൽ പശ്ചാത്തലമുള്ളവർ എന്നിവർക്ക് പദ്ധതിയിൽ ചേരാൻ അർഹതയില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

