ന്യൂഡൽഹി ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുമേൽ ചുമത്തിയിരിക്കുന്ന ‘പകരം തീരുവ’യുടെ ഭാവിയെന്തെന്ന് ബുധനാഴ്ചയറിയാം. ഇതുസംബന്ധിച്ച നിർണായകമായ കേസ് യുഎസ് സുപ്രീം കോടതി ബുധനാഴ്ചയാണ് പരിഗണിക്കുന്നത്.
രാജ്യാന്തര അടിയന്തര സാമ്പത്തിക അധികാര നിയമം (ഐഇഇപിഎ) പ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ച് യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ തീരുവകൾ ചുമത്താൻ യുഎസ് പ്രസിഡന്റിന് അധികാരമുണ്ടോയെന്ന കാര്യമാണ് കോടതി പരിശോധിക്കുന്നത്.
സുപ്രീം കോടതി വിധി ട്രംപിന് എതിരായാൽ ഇത്തരത്തിൽ ചുമത്തിയ തീരുവകൾ പിൻവലിക്കാൻ ഭരണകൂടം നിർബന്ധിതമാകുമെന്നാണ് വിലയിരുത്തൽ. കാരണം ഇത്തരം തീരുവകൾക്ക് നിയമപരമായ സാധുതയില്ലാതാകും.
ഈ തീരുവകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി നടത്തുന്ന വ്യാപാരക്കരാർ ചർച്ചകളുടെ ഭാവിയും ഉറ്റുനോക്കപ്പെടും.
ഡോണൾഡ് ട്രംപും ഇതേ സൂചന സമൂഹമാധ്യമങ്ങളിലൂടെ നൽകിക്കഴിഞ്ഞു. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട
കേസുകളിലൊന്നായിരിക്കുമിതെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. തീരുവ ഏർപ്പെടുത്താൻ പ്രസിഡന്റിന് അധികാരമില്ലെന്നു വന്നാൽ രാജ്യത്തിനത് തിരിച്ചടിയാകുമെന്ന് അദ്ദേഹം പറഞ്ഞു.
തീരുവ ഉപയോഗിക്കാനുള്ള അധികാരമില്ലെങ്കിൽ രാജ്യങ്ങളുമായി ഡീലുകളുണ്ടാക്കാൻ കഴിയാതെ വരും. കേസ് ജയിച്ചാൽ യുഎസ് ഏറ്റവും സമ്പന്നമാകുമെന്നും പരാജയപ്പെട്ടാൽ യുഎസ് മൂന്നാം ലോകരാജ്യത്തിന് തുല്യമായി മാറുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്.
പകരം തീരുവയ്ക്കെതിരെ ഷിക്കാഗോയിലെ കളിപ്പാട്ട
നിർമാണക്കമ്പനിയായ ലേണിങ് റിസോഴ്സസ് അടക്കമുള്ള സ്ഥാപനങ്ങൾ നൽകിയ ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
ഭീകരവാദം, മറ്റ് രാജ്യങ്ങളുടെ ശത്രുത അടക്കമുള്ള അസാധാരണ ഭീഷണികൾ നേരിടാൻ പ്രസിഡന്റിന് അധികാരം നൽകുന്നതാണ് യുഎസിന്റെ രാജ്യാന്തര അടിയന്തര സാമ്പത്തിക അധികാര നിയമം (ഐഇഇപിഎ). എന്നാൽ ഇതുപയോഗിച്ചാണ് മിക്ക രാജ്യങ്ങൾക്കെതിരെയും ട്രംപ് തീരുവ ചുമത്തിയത്.
ഇതിനകം ഒന്നിലേറെ കീഴ്ക്കോടതികൾ തീരുവ വിഷയത്തിൽ ട്രംപിനെതിരെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സുപ്രീം കോടതിയും ഇതേ വഴി പിന്തുടരുമോയെന്നാണ് അറിയേണ്ടത്.
ഐഇഇപിഎ പ്രകാരം വിശാലമായ അധികാരങ്ങളുണ്ടെന്ന സർക്കാർ വാദം മേയിൽ കേസ് ആദ്യ പരിഗണിച്ച ഒരു യുഎസ് ഡിസ്ട്രിക്ട് കോടതി തള്ളിയിരുന്നു.
രാജ്യാന്തര വ്യാപാരവുമായി ബന്ധപ്പെട്ട കോർട്ട് ഓഫ് ഇന്റർനാഷനൽ ട്രേഡാണ് പകരം തീരുവ നടപ്പാക്കുന്നതു പിന്നീട് തടഞ്ഞത്.
മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരത്തിന്റെ ചട്ടങ്ങൾ കോൺഗ്രസിന്റെ അധികാരപരിധിയിൽ വരുന്നതാണെന്നും സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുള്ള ട്രംപിന്റെ തീരുമാനം അതിരുകടന്ന അധികാരപ്രയോഗമായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ, പ്രസിഡന്റിന്റെ അധികാരം അംഗീകരിക്കണമെന്ന ആവശ്യവുമായി ഭരണകൂടം അപ്പീൽ നൽകിയതോടെ തീരുവകൾ ഫെഡറൽ കോടതി പുനഃസ്ഥാപിക്കുകയായിരുന്നു. എന്നാൽ ഓഗസ്റ്റ് അവസാനം, തീരുവ ചുമത്താൻ ട്രംപിന് നിയമപരമായ അവകാശമില്ലെന്ന് ഫെഡറൽ അപ്പീൽ കോടതി വിധിക്കുകയും ചെയ്തു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

