അമേരിക്കൻ ബഹുരാഷ്ട്ര ഡിസൈൻ സോഫ്റ്റ്വെയർ ഭീമനായ അഡോബിയുടെ അമരത്തേക്ക് വീണ്ടും ഒരാൾ കൂടി ഇന്ത്യയിൽ നിന്ന് എത്തുന്നു. പദവി ഒഴിയുന്ന നിലവിലെ സിഇഒ ശന്തനു നാരായണിന്റെ പകരക്കാരനായി അനിൽ ചക്രവർത്തിയാണ് പുതിയ സിഇഒ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ 18 വർഷമായി അഡോബിയെ നയിക്കുന്ന ശന്തനു ഈ വർഷം മാർച്ചിലാണ് സിഇഒ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി അദ്ദേഹം തുടർന്നും പ്രവർത്തിക്കും.
വരുന്ന ഡിസംബർ ഒന്നിനാണ് അനിൽ ചക്രവർത്തി പുതിയ സിഇഒ പദവി ഔദ്യോഗികമായി ഏറ്റെടുക്കുന്നത്. നിലവിൽ അഡോബിയിൽ കസ്റ്റമർ എക്സ്പീരിയൻസ് ഓർക്കെസ്ട്രേഷൻ ബിസിനസ് മേധാവിയായി സേവനം അനുഷ്ഠിക്കുകയാണ് അദ്ദേഹം.
2020-ലാണ് ഇദ്ദേഹം അഡോബിയിൽ ചേരുന്നത്. അതിനുമുമ്പ് ഇൻഫോമാറ്റിക്കയുടെ സിഇഒ ആയിരുന്നു.
കൂടാതെ സിമാൻടെക്, വെരിസൈൻ, മക്കിൻസി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് മികച്ച പശ്ചാത്തലമുള്ള വ്യക്തിയാണ് അനിൽ ചക്രവർത്തി.
വാരാണസിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ നിന്ന് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ബി.ടെക് കരസ്ഥമാക്കിയ അദ്ദേഹം, യുഎസിലെ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എം.എസ്, പിഎച്ച്.ഡി ബിരുദങ്ങളും നേടിയിട്ടുണ്ട്. പ്രമുഖ യുഎസ് ടെക് കമ്പനികളുടെ തലപ്പത്ത് ഉന്നതസ്ഥാനം വഹിക്കുന്ന ഇന്ത്യക്കാരുടെ നിരയിലേക്കാണ് ഈ പുതിയ ദൗത്യത്തിലൂടെ അദ്ദേഹം എത്തിച്ചേരുന്നത്.
എന്നാൽ പുതിയ സിഇഒ പദവിയിൽ അനിലിനെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളികളാണ്. സോഫ്റ്റ്വെയർ ബിസിനസ്സുകളെ നിർമിതബുദ്ധി (എഐ) വലിയ തോതിൽ ബാധിക്കുമെന്ന ആശങ്കകളാണ് ഇതിൽ പ്രധാനം.
2023-ൽ എഐ തരംഗം ആരംഭിച്ചതു മുതൽ അഡോബി ഓഹരികൾ വിപണിയിൽ തുടർച്ചയായ ഇടിവാണ് നേരിടുന്നത്. കണക്കുകൾ പ്രകാരം 2024-ൽ 25%, 2025-ൽ 21%, 2026-ൽ ഇതുവരെ 18% എന്നിങ്ങനെയാണ് ഓഹരിവില നേരിട്ട
നഷ്ടം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

