സംസ്ഥാനത്ത് ഇന്ന് ശ്രീകൃഷ്ണജയന്തി വിപുലമായി ആഘോഷിക്കുകയാണ്. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കുട്ടികൾ അണിനിരക്കുന്ന ആകർഷകമായ ശോഭായാത്രകൾക്ക് നാടെങ്ങും തുടക്കമായിട്ടുണ്ട്.
തലസ്ഥാന നഗരിയിലെ പ്രധാന ശോഭായാത്ര വൈകിട്ട് 4 മണിക്ക് പാളയം ഗണപതി ക്ഷേത്രത്തിന് മുന്നിൽ നിന്നും ആരംഭിക്കുന്നതാണ്. ചടങ്ങ് മേയർ വി.വി.രാജേഷ് ഉദ്ഘാടനം ചെയ്യും.
കൂടാതെ ജില്ലയിലെ വിവിധ പ്രദേശങ്ങളിലും വൈകുന്നേരത്തോടെ ശോഭായാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്. ശ്രീകൃഷ്ണന്റെ ബാല്യകാല ലീലകളെ ഓർമ്മിപ്പിച്ചുകൊണ്ട് ഇന്നലെ വൈകിട്ട് വിവിധ കേന്ദ്രങ്ങളിൽ കുട്ടികളുടെ ഉറിയടി മത്സരങ്ങളും നടക്കുകയുണ്ടായി.
സംസ്ഥാനത്തെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ അവതാരപൂജ അടക്കമുള്ള പ്രത്യേക ചടങ്ങുകളാണ് ഇന്ന് നടക്കുന്നത്. ജന്മാഷ്ടമി ദിനത്തിൽ തങ്ങളുടെ ഇഷ്ടദേവനെ ദർശിക്കാനായി നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രങ്ങളിൽ എത്തിച്ചേരുന്നത്.
ചിങ്ങമാസത്തിലെ കൃഷ്ണപക്ഷ അഷ്ടമി തിഥിയിലാണ് ശ്രീകൃഷ്ണജയന്തി ആഘോഷിക്കപ്പെടുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ ആഘോഷങ്ങൾ കണ്ണനെ കൺകുളിർക്കെ തൊഴുതും അവതാര കഥകൾ ശ്രവിച്ചും കൃഷ്ണനാട്ടം ആസ്വദിച്ചും കലാപരിപാടികളിൽ പങ്കെടുത്തും ഭക്തർ ഗുരുവായൂരിൽ പിറന്നാൾ ആഘോഷം അടിപൊളിയാക്കുകയാണ്.
ഉണ്ണിക്കണ്ണന്റെ ദർശനത്തിനായി ഇന്നലെ മുതൽ തന്നെ ക്ഷേത്ര പരിസരത്ത് വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ജയന്തി ദിനമായ ഇന്ന് പുലർച്ചെ 3 മണിക്ക് തന്നെ ഗുരുവായൂർ ക്ഷേത്രനട
തുറക്കുകയും തുടർന്ന് നിർമാല്യവും വാകച്ചാർട്ടും നടക്കുകയും ചെയ്തു. രാവിലെ 7 മണിക്കും ഉച്ചകഴിഞ്ഞ് 3 മണിക്കും നടക്കുന്ന കാഴ്ചശീവേലിക്ക് സ്വർണക്കോലം എഴുന്നള്ളിക്കുന്നതാണ്.
കൊമ്പൻ ഇന്ദ്രസെൻ കോലമേറ്റ് എഴുന്നള്ളത്തിൽ പങ്കെടുക്കും. രാവിലെ തിരുവല്ല രാധാകൃഷ്ണൻ, കോട്ടപ്പടി സന്തോഷ് മാരാർ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചാരിമേളവും, ഉച്ചകഴിഞ്ഞ് ചോറ്റാനിക്കര നന്ദപ്പൻ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യവും നടക്കും.
സന്ധ്യാസമയത്ത് നിറമാല, കേളി, ഗുരുവായൂർ ശശി മാരാരുടെ തായമ്പക എന്നിവയും, രാത്രിയിലെ വിളക്കെഴുന്നള്ളിപ്പിന് നെന്മാറ കണ്ണന്റെ നേതൃത്വത്തിൽ നാഗസ്വര ഇടയ്ക്ക പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

