കേരളത്തിൽ സ്വർണവിലയിൽ ഇന്നും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 13,200 രൂപയിലും, പവന് 160 രൂപ കുറഞ്ഞ് 1,05,600 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
രാജ്യാന്തര വിപണിയിൽ വിലയിൽ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഈ വിലയിടിവ് ഉണ്ടായിരിക്കുന്നത്. യുഎസ്-ഇറാൻ സമാധാന ചർച്ചകളിലെ അനിശ്ചിതത്വം സ്വർണ നിക്ഷേപകരെയും സ്വാധീനിച്ചിട്ടുണ്ട്.
സമാധാന ചർച്ചകൾ നിലവിൽ നടക്കുന്നില്ലെന്ന ഇറാന്റെ പ്രതികരണത്തെ തുടർന്ന് ക്രൂഡോയിൽ വില വീണ്ടും വർധിക്കുകയും ഇത് പണപ്പെരുപ്പ ഭീതി ഉയർത്തുകയും ചെയ്തു. എങ്കിലും, വരും ദിവസങ്ങളിൽ പുറത്തുവരാനിരിക്കുന്ന മൂന്ന് പ്രധാന യുഎസ് തൊഴിൽ കണക്കുകളിലാണ് നിക്ഷേപകരുടെ മുഴുവൻ ശ്രദ്ധയും.
പുതിയ തൊഴിൽ അവസരങ്ങളുടെ കണക്കുകൾ ഇന്ന് പുറത്തുവരും. സ്വകാര്യ മേഖലയിലെ തൊഴിൽ കണക്കുകൾ ബുധനാഴ്ചയും, തൊട്ടടുത്ത ദിവസം യുഎസ് നോൺഫാം പേറോളും പുറത്തുവിടും.
ഇതിലൂടെ ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനത്തിന്റെ ദിശ വ്യക്തമാകുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ. തൊഴിൽ കണക്കുകൾ മുൻമാസത്തേക്കാൾ കുറയുകയാണെങ്കിൽ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് ഇടിയാനും സ്വർണവില ഉയരാനും അത് കാരണമാകും.
മറിച്ചാണെങ്കിൽ, യുഎസ് സാമ്പത്തിക മേഖല ശക്തമാണെന്ന വിലയിരുത്തലിൽ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പലിശ നിരക്ക് ഉയർത്താൻ സാധ്യതയുണ്ട്. ഇത് സ്വർണവിലയിൽ ഇടിവുണ്ടാക്കിയേക്കാം.
രാജ്യാന്തര വിപണിയിൽ ഇന്നലെ ഔൺസിന് 12.80 ഡോളർ വർധിച്ച് 4056.50 ഡോളറിലാണ് സ്വർണം വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 4030 ഡോളറിലേക്ക് ഇടിഞ്ഞെങ്കിലും പിന്നീട് 4068 ഡോളർ വരെ കയറി, നിലവിൽ 4056 ഡോളർ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.
ഇതേസമയം, കനം കുറഞ്ഞ ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 10,845 രൂപയിലെത്തി. 14 കാരറ്റ് സ്വർണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 8,450 രൂപയിലും, 9 കാരറ്റ് സ്വർണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
എന്നാൽ വെള്ളി വിലയിൽ മാറ്റമില്ല; ഒരു ഗ്രാം വെള്ളിക്ക് 235 രൂപ എന്ന നിരക്കിൽ തുടരുന്നു. പുതുക്കിയ നിരക്കുകൾ പ്രകാരം കേരളത്തിൽ ഇന്ന് പത്തുശതമാനം പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,19,700 രൂപ നൽകേണ്ടി വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

