ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കൂടുതൽ താഴേക്ക്. ഇന്നലെ ചരിത്രത്തിലാദ്യമായി ഒരു ഡോളറിന് 90 എന്ന നിലയിലേക്ക് വീണ രൂപ, ഇന്നു രാവിലെ 90.14ലേക്ക് ഇടിഞ്ഞു.
ഓഹരി വിപണികളുടെ നഷ്ടം, വിദേശ നിക്ഷേപത്തിലെ കൊഴിഞ്ഞുപോക്ക്, അനിശ്ചിതമായി നീളുന്ന ഇന്ത്യ-യുഎസ് വ്യാപാരക്കരാർ എന്നിവയാണ് രൂപയ്ക്ക് സമ്മർദമാകുന്ന പ്രധാന ഘടകങ്ങൾ.
അതേസമയം, രൂപയുടെ വീഴ്ച അവസരമാക്കി നേട്ടത്തിലേക്ക് തിരിച്ചുകയറുകയാണ് സ്വർണവില. രൂപ തളരുമ്പോൾ സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് ഉയരുമെന്നത് രാജ്യത്തെ സ്വർണവില നിർണയത്തെ സ്വാധീനിക്കും.
കേരളത്തിൽ സ്വർണം ഗ്രാമിന് ഇന്ന് 65 രൂപ കൂടി 11,970 രൂപയായി. 520 രൂപ ഉയർന്ന് 95,760 രൂപയാണ് പവൻവില.
യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത വീണ്ടും ശക്തമായതും സ്വർണത്തിന് ഊർജമായി. ഡിസംബർ 10ന് പ്രഖ്യാപിക്കുന്ന പണനയത്തിൽ പലിശഭാരം കുറയാൻ ഇപ്പോൾ 89% സാധ്യതയാണ് വിപണി കാണുന്നത്.
ഒരാഴ്ച മുൻപുവരെ സാധ്യത 50 ശതമാനത്തിലും താഴെയായിരുന്നു. പലിശനിരക്ക് കുറഞ്ഞാൽ ഡോളറും ബോണ്ടും തളരുമെന്നതും സ്വർണത്തിന് തിരിച്ചുകയറാനുള്ള ഉത്തേജകമാകും.
അതേസമയം, ഇന്ത്യ-യുഎസ് വ്യാപാരക്കരാർ പ്രഖ്യാപനമുണ്ടായാൽ രൂപയുടെ മൂല്യം മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ.
രൂപ കൂടുതൽ തളരുന്നത് തടയാൻ റിസർവ് ബാങ്കും ഇടപെടുന്നുണ്ട്. വിദേശനാണയ ശേഖരത്തിൽ നിന്ന് ഡോളർ വൻതോതിൽ വിറ്റഴിച്ചാണ് റിസർവ് ബാങ്കിന്റെ രക്ഷാദൗത്യം.
രൂപ തളരുന്നത് ഇറക്കുമതി മേഖലയ്ക്ക് സമ്മർദമാണ്.
ഇറക്കുമതി ചെയ്യുന്ന സ്വർണം, ക്രൂഡ് ഓയിൽ, ഇലക്ട്രോണിക്സ്, അസംസ്കൃതവസ്തുക്കൾ തുടങ്ങിയവയ്ക്ക് രാജ്യത്ത് വിലകൂടും. ഇത് വിലക്കയറ്റത്തിനും പണപ്പെരുപ്പ വർധനയ്ക്കും വഴിവയ്ക്കും.
റിസർവ് ബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നതും രൂപയ്ക്ക് സമ്മർദമാകും. അതേസമയം, കയറ്റുമതി മേഖലയ്ക്ക് രൂപയുടെ തളർച്ച നേട്ടമാകും.
കയറ്റുമതിയിലൂടെ കൂടുതൽ വരുമാനം നേടാനാകുമെന്നതാണ് നേട്ടം.
പ്രവാസികൾക്കും രൂപയുടെ തളർച്ച പ്രയോജനപ്പെടും. നാട്ടിലേക്ക് ഒരു ഡോളർ അയച്ചാൽ ഏതാനും ആഴ്ചകൾക്ക് മുൻപുവരെ 85 രൂപയാണ് കിട്ടിയിരുന്നതെങ്കിൽ ഇപ്പോൾ 90 രൂപ നേടാം.
അതായത്, 1000 ഡോളർ അയച്ചാൽ നേരത്തേ 85,000 രൂപയാണ് കിട്ടിയിരുന്നതെങ്കിൽ ഇപ്പോൾ കിട്ടുക 90,000ൽ അധികം രൂപ. അതേസമയം, വിദേശ യാത്ര നടത്തുന്നവർക്കും വിദേശത്ത് പഠിക്കുന്നവർക്കും രൂപ തളരുന്നത് വലിയ തിരിച്ചടിയുമാണ്.
ഡോളറോ മറ്റ് വിദേശ കറൻസികളോ കിട്ടാൻ കൂടുതൽ രൂപ ചെലവഴിക്കണമെന്നതാണ് കാരണം.
രാജ്യാന്തര സ്വർണവില ഇപ്പോഴുള്ളത് 20 ഡോളർ താഴ്ന്ന് 4,221 ഡോളറിലാണ്. ഇതു വൈകാതെ കരകയറുമെന്നാണ് വിലയിരുത്തൽ.
കേരളത്തിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 50 രൂപ ഉയർന്ന് 9,900 രൂപയായി. വെള്ളിക്ക് ഗ്രാമിന് 4 രൂപ കൂടി 192 രൂപ.
ചില ജ്വല്ലറികളിൽ 18 കാരറ്റിന് വില 55 രൂപ ഉയർന്ന് 9,845 രൂപയാണ്. വെള്ളിക്ക് 2 രൂപ ഉയർന്ന് 185 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

