ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പെരുമയുള്ള ഫിൻലൻഡ്, രാഷ്ട്രീയ അസ്വാരസ്യങ്ങളുടെയും നിരന്തര സംഘർഷങ്ങളുടെയും പിടിയിലായ പാക്കിസ്ഥാനിലെ എംബസി അടച്ചുപൂട്ടുന്നു. അഫ്ഗാനിസ്ഥാൻ, മ്യാൻമർ എന്നിവിടങ്ങളിലെ എംബസിയും പൂട്ടും.
ഈ 3 രാജ്യങ്ങളിലെയും നിലവിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. 3 രാജ്യങ്ങളുമായും നിലവിൽ ഫിൻലൻഡിന് വാണിജ്യ, സാമ്പത്തിക ബന്ധങ്ങളില്ലെന്നും ഇനി ശ്രദ്ധ ഫിൻലൻഡിന്റെ തന്ത്രപ്രധാന പങ്കാളികളായ രാജ്യങ്ങളിലേക്ക് മാറ്റുമെന്നും വിദേശകാര്യ മന്ത്രി എലീന വോൾട്ടനൻ പറഞ്ഞു.
ലോകത്തെ ഏറ്റവും ‘ഹാപ്പിയസ്റ്റ് രാജ്യം’ എന്ന പട്ടം തുടർച്ചയായ 8-ാം തവണയും സ്വന്തമാക്കിയത് ഫിൻലൻഡാണ്.
ഡെന്മാർക്ക്, ഐസ്ലൻഡ്, സ്വീഡൻ തുടങ്ങിയവയാണ് ഫിൻലൻഡിന് തൊട്ടുപിന്നാലെയുള്ളത്. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിൽ സമീപകാലത്ത് യുദ്ധസമാന സംഘർഷത്തിലേക്ക് കടന്നതും ഇരു രാജ്യങ്ങളിലെയും രാഷ്ട്രീയ, സാമ്പത്തിക അസ്ഥിരതയുമാണ് ഫിൻലൻഡിനെ പിന്മാറാൻ പ്രേരിപ്പിക്കുന്നത്.
2026ലാകും എംബസി പൂട്ടുക. മ്യാൻമറിലെയും രാഷ്ട്രീയ സാഹചര്യങ്ങളാണ് എംബസി പൂട്ടാൻ വഴിയൊരുക്കുന്നത്.
ഫിൻലൻഡിന്റെ വിദേശനയം, കയറ്റുമതി വളർച്ച, രാജ്യസുരക്ഷ തുടങ്ങിയ താൽപ്പര്യങ്ങൾക്ക് അനുയോജ്യമായ രാജ്യങ്ങളിൽ സാന്നിധ്യം ശക്തമാക്കാനായിരിക്കും ഇനി ശ്രമിക്കുകയെന്ന് എലീന വോൾട്ടനൻ പറഞ്ഞു.
ഇതിന്റെ ഭാഗമായി യുഎസിലെ ഹൂസ്റ്റണിൽ കോൺസുലേറ്റ് ജനറൽ ഓഫിസ് തുറന്നിരുന്നു. റഷ്യൻ എണ്ണ ഇറക്കുമതി, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് നയം എന്നീ വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാടിനെ ഫിൻലൻഡ് പിന്തുണച്ചിരുന്നു.
റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്കെതിരെ കടുത്ത തീരുവ ചുമത്തണമെന്ന ട്രംപിന്റെ ആഹ്വാനം യൂറോപ്യൻ യൂണിയൻ അംഗം കൂടിയായ ഫിൻലൻഡ് തള്ളിയിരുന്നു.
ഇന്ത്യയ്ക്കുമേൽ തീരുവ കൂട്ടാനല്ല, തീരുവ കുറയ്ക്കാനും അതുവഴി മെച്ചപ്പെട്ട വ്യാപാരക്കരാർ യാഥാർഥ്യമാക്കാനുമാണ് ആഗ്രഹമെന്നായിരുന്നു എലീന വോൾട്ടനൻ പറഞ്ഞത്.
ഇന്ത്യ സൂപ്പർ പവർ ആണെന്നും റഷ്യയും ചൈനയും ഉൾപ്പെടുന്ന ലിസ്റ്റിൽ കൂട്ടിക്കെട്ടേണ്ടെന്നും ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബും പറഞ്ഞിരുന്നു. ഇന്ത്യ കാലങ്ങളായി യൂറോപ്പിന്റെയും അമേരിക്കയുടെയും സുഹൃത്താണ്.
വൻ സാമ്പത്തികശക്തിയായ വളരുന്ന ഇന്ത്യയുമായി വ്യാപാരബന്ധം ശക്തമാക്കാനാണ് ശ്രമമെന്നും സ്റ്റബ് പറഞ്ഞു. ഇന്ത്യയുമായി യൂറോപ്യൻ യൂണിയന്റെ വ്യാപാരക്കരാർ ഈ വർഷം തന്നെ യാഥാർഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫോൻ ഡെർ ലേയെനും പറഞ്ഞിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

