മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ ജിഎസ്എം ഫോയിൽസ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ മോഹൻസിങ് പർമാറിന് (46) വെടിവയ്പ്പിൽ പരുക്കേറ്റു. മുംബൈ വസായി-വിരാറിലെ നായക്പാഡയിൽ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ പരിസരത്തുവച്ചാണ് അക്രമിസംഘത്തിന്റെ ആക്രമണമുണ്ടായത്.
ബൈക്കിലെത്തിയ രണ്ടുപേർ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തോളിൽ വെടിയേറ്റുവീണ മോഹൻസിങ് പർമാറിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് കമ്പനിയുടെ മുഴുവൻ സമയ ഡയറക്ടറായ സാഗർ ഭാനുശാലിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ 24-നായിരുന്നു ഈ ആക്രമണം നടന്നതെങ്കിലും, ഔദ്യോഗിക വിവരങ്ങൾ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച കത്തിലൂടെ കമ്പനി വൈകിയാണ് പുറത്തുവിട്ടത്. വിവരം പുറത്തുവന്നതിന് പിന്നാലെ കമ്പനിയുടെ ഓഹരിവില 20 ശതമാനത്തോളം ഇടിഞ്ഞു.
എങ്കിലും, സംഭവങ്ങൾ കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും വസായി, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ഫാക്ടറികളുടെ പ്രവർത്തനം സാധാരണ നിലയിൽ തുടരുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. അലുമിനിയം ഫോയിലുകളും അനുബന്ധ ഉൽപ്പന്നങ്ങളും നിർമിക്കുന്ന കമ്പനിയാണിത്.
യുഎസ് ഓഹരി വിപണിയിലടക്കം നിക്ഷേപം നടത്തി വലിയ കടക്കെണിയിലായ സാഗർ ഭാനുശാലി, പ്രതിസന്ധി മറികടക്കാൻ ജിഎസ്എം കമ്പനിയിലെ ഓഹരികൾ ഏറ്റെടുത്ത് പണം കടം നൽകണമെന്ന് മോഹൻസിങ് പർമാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 32 കോടി രൂപ ലഭിച്ചെങ്കിലും ഓഹരി കൈമാറ്റം നടന്നിരുന്നില്ല.
മോഹൻസിങ്ങിനെ വകവരുത്തിയാൽ സ്വന്തം ബാധ്യതകളെല്ലാം ഒഴിവാക്കാനാകുമെന്നും കമ്പനിയുടെ പൂർണ നിയന്ത്രണം സ്വന്തമാക്കാമെന്നും കരുതിയാണ് സാഗർ ഭാനുശാലി ഈ വധശ്രമം ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്ന വിവരങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

