സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,220 രൂപയിലാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്.
പവൻ വില 280 രൂപ ഇടിഞ്ഞ് 1,05,760 രൂപയായി താഴ്ന്നു. രാജ്യാന്തര വിപണിയിലുണ്ടായ വിലയിടിവാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിച്ചത്.
വാരാന്ത്യത്തിൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്ന സാധാരണക്കാർക്ക് ഈ വിലക്കുറവ് ആശ്വാസകരമാണ്. കഴിഞ്ഞ ദിവസം രാജ്യാന്തര വിപണിയിൽ ഔൺസിന് 4416 ഡോളർ വരെ ഉയർന്നിരുന്ന സ്വർണവില, പിന്നീട് ഒന്നര ശതമാനത്തോളം ഇടിഞ്ഞ് 4043 ഡോളറിലാണ് ക്ലോസ് ചെയ്തത്.
ഇറാൻ-യുഎസ് സംഘർഷം തുടരുന്നതും ക്രൂഡോയിൽ വില ഉയരുന്നതും ആഗോളതലത്തിൽ പണപ്പെരുപ്പ ഭീഷണി വർധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തെ പ്രതിരോധിക്കാൻ യുഎസ് ഫെഡറൽ റിസർവ് അടക്കമുള്ള പ്രമുഖ കേന്ദ്രബാങ്കുകൾ പലിശ നിരക്ക് വർധിപ്പിച്ചേക്കുമെന്ന ആശങ്കയാണ് സ്വർണവിലയ്ക്ക് തിരിച്ചടിയാകുന്നത്.
പലിശ നിരക്ക് ഉയരുന്നത് സ്വർണത്തിലുള്ള നിക്ഷേപ താൽപ്പര്യവും ഡിമാൻഡും കുറയാൻ ഇടയാക്കും. യുഎസ് ഫെഡറൽ റിസർവിന്റെ കഴിഞ്ഞ യോഗത്തിൽ അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നില്ലെങ്കിലും, വരുന്ന മാസങ്ങളിൽ വർധനയുണ്ടാകുമെന്നാണ് വിപണി വിലയിരുത്തുന്നത്.
വരാനിരിക്കുന്ന യുഎസ് തൊഴിൽ വിപണി കണക്കുകൾ പലിശ നിരക്ക് സംബന്ധിച്ച കൂടുതൽ വ്യക്തത നൽകുമെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടൽ. സ്വർണവിലയുടെ മുന്നോട്ടുള്ള പ്രയാണം ആഗോള വിപണിയിൽ സ്വർണവിലയുടെ ഭാവി പ്രവചനാതീതമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
അടുത്ത വർഷം ജൂണിൽ സ്വർണവില വീണ്ടും ഔൺസിന് 5200 ഡോളറിലെത്തുമെന്നാണ് പ്രമുഖ സാമ്പത്തിക സ്ഥാപനമായ യുബിഎസിന്റെ പ്രവചനം. എന്നാൽ, ഇതിനു മുൻപ് വില ഔൺസിന് 3850 ഡോളറിലേക്ക് ഇടിയാൻ സാധ്യതയുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
യുഎസിന്റെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനങ്ങളാണ് പ്രധാന വെല്ലുവിളി. തുടർന്ന് സെപ്റ്റംബറിൽ വില 4400 ഡോളറിലേക്കും ഡിസംബറിൽ 4600 ഡോളറിലേക്കും തിരികെ കയറുമെന്നും, 2027 മാർച്ചിൽ വില 5000 ഡോളർ കടക്കുമെന്നും യുബിഎസ് പ്രവചിക്കുന്നു.
വില ഇടിയുമ്പോൾ നിക്ഷേപകർ നടത്തുന്ന ‘ഡിപ് ബയിങ്’ രീതിയും കേന്ദ്രബാങ്കുകളുടെ തുടർച്ചയായ സ്വർണ ശേഖരണവും വിപണിയിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. മറുവശത്ത്, റോയിട്ടേഴ്സ് നടത്തിയ സർവേയിൽ പങ്കെടുത്ത പല അനലിസ്റ്റുകളും സ്വർണവിലയിൽ ഇടിവുണ്ടാകുമെന്നാണ് അഭിപ്രായപ്പെട്ടത്.
വില താഴ്ന്നാലും കേന്ദ്രബാങ്കുകൾ സ്വർണം വാങ്ങുന്നത് തുടരുന്നത് വിപണിയിലെ ഡിമാൻഡ് പിടിച്ചുനിർത്താൻ സഹായിക്കുമെന്നും സർവേ വ്യക്തമാക്കുന്നു. 2027ൽ സ്വർണത്തിന്റെ ശരാശരി വില ഔൺസിന് 4610 ഡോളറായിരിക്കുമെന്നാണ് സർവേയുടെ പ്രവചനം.
ആഭരണ വിപണിയിലെ കണക്കുകൾ പുതിയ നിരക്കുപ്രകാരം പത്തുശതമാനം പണിക്കൂലിയും നികുതിയും ഹോൾമാർക്കിങ് ചാർജും ഉൾപ്പെടെ ഒരു പവൻ സ്വർണാഭരണം സ്വന്തമാക്കാൻ 1.2 ലക്ഷം രൂപയിൽ താഴെ മാത്രം നൽകിയാൽ മതിയാകും. അതേസമയം, കനം കുറഞ്ഞ ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 10,860 രൂപയിലെത്തി.
വിപണിയിൽ വെള്ളി വ്യാപാരം ഗ്രാമിന് 235 രൂപ നിരക്കിലാണ് പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

